രാഹുല്‍ഗാന്ധിയുടെ ആദരവ് നിറച്ച മേരി വീണ്ടും കൃഷിയിടത്തില്‍

പുല്‍പ്പള്ളി: വയനാട് എം പി രാഹുല്‍ഗാന്ധിയുടെ ട്വീറ്റിലൂടെയാണ് വയസ് തൊണ്ണൂറ് കഴിഞ്ഞിട്ടും കാര്‍ഷികവൃത്തിയില്‍ സജീവമായി തുടരുന്ന പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു-മേരി ദമ്പതികള്‍ ദേശീയശ്രദ്ധയിലേക്കെത്തുന്നത്. പിന്നീട് ഇരുവരോടുമുള്ള ആദരസൂചകമായി 2021-ല്‍ പുറത്തിറക്കിയ കലണ്ടറിലും രാഹുല്‍ഗാന്ധി ഇരുവരെയും ഉള്‍പ്പെടുത്തി. ഒന്നരമാസം മുമ്പായിരുന്നു മാത്യുവിന്റെ അപ്രതീക്ഷിത വിയോഗം. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോഴും കൃഷിയിടത്തിലിറങ്ങി ഭാര്യ മേരിയോടൊപ്പം പണിയെടുത്തിരുന്ന മാത്യുവിന്റെ വേര്‍പാടിലും രാഹുല്‍ഗാന്ധി കുടുംബത്തെ അനുശോചനം അറിയിച്ചിരുന്നു. മാത്യു ഓര്‍മ്മയായിട്ട് ഒന്നര മാസം പിന്നിടുമ്പോള്‍ ആ ഓര്‍മ്മകളുമായി മേരി വീണ്ടും കൃഷിയിടത്തില്‍ സജീവമാകുകയാണ്. മാത്യു മരിച്ചെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും മേരിക്ക് സാധിച്ചിട്ടില്ല. ബന്ധുവീട്ടിലെവിടെയോ പോയതാണെന്ന് ചിന്തിച്ച് ജീവിതം തള്ളിനീക്കുകയാണവര്‍. മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് വരെ കൃഷിയിടത്തില്‍ മാത്യുവുണ്ടായിരുന്നു. മാത്യു നട്ടുപരിപാലിച്ച പച്ചക്കറികളെല്ലാം ഇപ്പോള്‍ കായിട്ട് നില്‍ക്കുകയാണ്. തോട്ടത്തില്‍ കാട് കയറുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ തൂമ്പയുമെടുത്ത് വീണ്ടും മേരി കൃഷിയിടത്തിലേക്കിറങ്ങി. മണ്ണിലിറങ്ങാതെ വീടിനുള്ളില്‍ അടച്ചിരിക്കാനാവില്ലെന്ന് മേരി ‘വീക്ഷണ’ത്തോട് പറഞ്ഞു. കൃഷിയിടത്തില്‍ ചിലവഴിക്കുന്ന ഈ ദമ്പതികള്‍ പങ്കുവെക്കുന്ന രാജ്യത്തെ കൃഷിക്കാരുടെ വേദനകളും, അവരുടെ ആശങ്കകളും രാജ്യവും സര്‍ക്കാരും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ടെന്നായിരുന്നു രാഹുല്‍ഗാന്ധി കഴിഞ്ഞ കര്‍ഷകദിനത്തില്‍ ഇരുവരെയും പറ്റി കുറിച്ചിട്ടത്. മാത്യു ഓര്‍മ്മയാകുമ്പോഴും ആ വാക്കുകള്‍ മേരിയിലൂടെ വീണ്ടും അന്വര്‍ത്ഥമാകുകയാണ്. 1969-ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍ നിന്നും മാത്യുവും മേരിയും വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്ത് സുരഭിക്കവലയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പണം കൊണ്ട് മൂന്നേക്കര്‍ സ്ഥലം വാങ്ങിയായിരുന്നു കാര്‍ഷികവൃത്തിയിലേക്കിറങ്ങി തിരിച്ചത്. അക്കാലത്തെല്ലാം സ്വന്തം സ്ഥലത്തിന് പുറമെ പാട്ടത്തിനെടുത്തും ഇരുവരും ചേര്‍ന്ന് കൃഷി നടത്തിയിട്ടുണ്ട്. വയസ് 90 ആയപ്പോഴും യൗവനത്തിലെ കൃഷി ഇരുവരും തുടര്‍ന്നു. സുരഭിക്കവലയിലെ വീടിനോട് ചേര്‍ന്ന് ഇന്ന് ഇല്ലാത്ത പച്ചക്കറികളില്ല. തക്കാളി, കാബേജ്, പച്ചമുളക്, ചേമ്പ്, കപ്പ, കാച്ചില്‍, ഇഞ്ചി എന്നിങ്ങനെ പോകുന്നു വാര്‍ധക്യത്തെ പടിക്ക് പുറത്തിറത്തി അവര്‍ അധ്വാനിച്ചുണ്ടാക്കിയ വിളകള്‍. മാത്യുവിന്റെ ഓര്‍മ്മകള്‍ ഒരു പ്രസരിപ്പായി തന്നിലുണ്ടെന്ന് ഉറച്ച് വിശ്വസിച്ച് പൊന്നുവിളയുന്ന മണ്ണിനെ സ്‌നേഹിച്ച് മേരി തന്റെ ജീവിതയാത്ര തുടരുകയാണ്…

Related posts

Leave a Comment