മാർട്ടിനറിഞ്ഞില്ല, മരണം വന്ന വഴി

ഒക്റ്റോബർ 18 തിങ്കൾ ഉച്ചയ്ക്ക് 12.30. ഒന്നിനു പുറകേ ഒന്നായി മൂന്ന് ആംബുലൻസുകൾ കൂട്ടിക്കൽ കാവാലിയിലേക്കു വരുന്നു. ഒന്നിൽ മാർട്ടിനും ഭാര്യ സിനിയും. മറ്റൊന്നിൽ മക്കൾ  സ്നേഹയും സോനയും. മൂന്നാമത്തേതിൽ അമ്മ ക്ലാരയും ഇളയ കുട്ടി സാന്ദ്രയും. അപ്പോൾ മഴ പോലും പെയ്യാൻ മടിച്ച് അല്പം മാറിനിന്നു. എന്നിട്ടും ഈ ആറുപേരും താമസിച്ചിരുന്ന ഒട്ടാലങ്കൽ വീട് എവിടെയാണെന്ന് കൃത്യമായി കണ്ടുപിടിക്കാൻ അവിടെ ഉണ്ടായിരുന്നവർക്കായില്ല. അതുകൊണ്ട് ആരുപേരുടെയും മൃതദേഹങ്ങൾ അവിടെ ഇറക്കാതെ പള്ളിമുറ്റത്തേക്കു കടത്തിവിട്ടു.

മാർട്ടിനും കുടുംബവും

  കല്ലിന്മേൽ കല്ല് ശേഷിക്കാതെ വീടിന്റെ അടിത്തറ പോലും മലവെള്ളം കുത്തിയിളക്കിക്കൊണ്ടുപോയിരിക്കുന്നു. ഒരു ജീവിതം കൊണ്ട് മാർട്ടിൻ നേടിയതെല്ലാം ഒരൊറ്റ മഴയിൽ മാഞ്ഞില്ലാതായി. പ്രകൃതി ഒരു കാര്യത്തിലെങ്കിലും അയാളോടു കാരുണ്യം കാട്ടി. അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്ന അമ്മയെയും ഭാര്യയെും മക്കളെയുമൊക്കെ അയാൾക്കൊപ്പം പോകാൻ അനു‌വിച്ചു. ഒട്ടലാങ്കൽ വീട്ടിൽ ഒരാളെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ ഈ കാഴ്ചകൾ കണ്ടുനിൽക്കാൻ കഴിയാതെ ഹൃദയം പൊട്ടി മരിക്കുമായിരുന്നു.

മാർട്ടിന്റെയും കുടുംബാം​ഗങ്ങളുടെയും മൃതദേഹങ്ങൾ കൂട്ടിക്കൽ സെന്റ് മേരീസ് ദേവാലത്തിൽ

ശനിയാഴ്ച ഉച്ചവരെ മാർട്ടിന്റെ വീട് സന്തോഷത്തിന്റെ നെറുകയിലായിരുന്നു. ഉച്ചഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്നു, സിനിയും ക്ലാരമ്മയും. അച്ഛനും മക്കളും കളിച്ചും ചിരിച്ചും കഴിയുമ്പോഴാണ് പൊടുന്നനെ മഴ കനത്തു തുടങ്ങിയത്. കാണെക്കാണെ മഴ കനത്തു, വെള്ളത്തിന്റെ ശക്തി കൂടി. ഏതാനും മണിക്കൂറുകൾ കൊണ്ട് എല്ലാം കഴിഞ്ഞു. പകച്ചു നിന്ന മാർട്ടിന്റെ മുന്നിലേക്ക് മരണം ആർത്തലച്ചു വന്നു. ഒരു പഴുതും നൽകാതെ മിന്നൽമഴ ആ വീടിനെ അപ്പാടെ വിഴുങ്ങിക്കടന്നു പോയത് അയാൾപോലും അറിഞ്ഞതേയില്ല.

ഇടുക്കി കൊക്കയാർ പൂവഞ്ചി ചേരിപ്പുറത്തു വീട്ടിൽ സിയാ​​ദിനോട് പക്ഷേ, പ്രളയം ഈ കരുണ കാട്ടിയില്ല. സന്തോഷത്തിന്റെ കൊടുമുടിയിലിരുന്ന അയാളുടെ പൊന്നോമനകളായ അംനയും അമീനും പ്രിയതമ ഫൗസിയയും മഴവെള്ളത്തെ കളിവെള്ളമാക്കി മൊബൈൽ ഫോണിൽ പകർത്തുമ്പോൾ സിയാ​ദ് കുറച്ചകലെ ഒരു ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിൽക്കുകയായിരുന്നു. മക്കളുടെ മഴച്ചിത്രങ്ങൾ മൊബൈൽ വിഡിയോ വാട്സ്ആപ്പിൽ കാണുമ്പോൾ അവർ മഴകണ്ട് രസിക്കട്ടെ എന്നാണ് പ്രാർഥിച്ചത്. പക്ഷേ, അതവരുടെ അവസാന കാഴ്ചകളായിരുന്നു എന്ന് സിയാദ് ഊഹിച്ചതു പോലുമില്ല.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഭാര്യയുടെ വീട്ടിൽ വിരുന്നു വന്നതാണ് സിയാദ്. ഭാര്യയെയും മക്കളെയും സഹോദരന്റെ മക്കളെയും വീട്ടിൽ നിർത്തി കൊക്കയാറിലേക്കു പോയതായിരുന്നു അയാൾ. മടങ്ങിയെത്തിയിട്ട് കല്യാണ വീട്ടിലേക്കു പോകാനും തീരുമാനിച്ചിരുന്നു. അപ്പോഴാണ് ഭാര്യ ഫൗസിയയുടെ വിളിയെത്തിയത്.

നല്ല മഴയാണിക്കാ, എളുപ്പം വരണേ. 

കൊക്കയാർ പൂവഞ്ചിയിൽ ഉരുൾ വെള്ളം കവർന്ന അഫ്സാന, അഹിയാൻ അമ്ന എന്നിവർ

സിയാദ് പിന്നെ വൈകിയില്ല. തിരക്കിട്ട് വീട്ടിലേക്കു തിരിച്ചു. ഒരാപത്തും പ്രതീക്ഷിച്ചതേയല്ല. പക്ഷേ, വീടെത്തിയപ്പോൾ ഉള്ളൊന്നാന്തി. വീടിരുന്ന സ്ഥലം ചെളിക്കുണ്ടായി മാറിയിരിക്കുന്നു. ചെളിക്കു മുകളിലേക്ക് വീടിന്റെ ആ​ഗ്രം പൊന്തി നിൽക്കുന്നതിനാൽ വീടിരുന്ന സ്ഥലം തിരിച്ചറിയാനായി. ഭാര്യക്കും മക്കൾക്കും വേണ്ടി തെരയുന്ന നാട്ടുകാർക്കൊപ്പം കൂടിയപ്പോൾ അയാൾക്കുറപ്പുണ്ടായിരുന്നു, വീടിനു മുകളിൽ മാത്രമേ ചെളിയുള്ളൂ. മുറിക്കുള്ളിൽ ചെളി വീണിട്ടുണ്ടാവില്ല. അയാൾ മറ്റുള്ളവർക്കൊപ്പം ആകാവുന്നത്ര വേ​ഗത്തിൽ തെരയുകയായിരുന്നു. ഒടുവിൽ തകർന്നു വീണ ഒരു സ്ലാബിനു കീഴെ അയാൾ കണ്ടു, സഹോദരന്റെ മക്കളായ അഫ്സാന, അഹിയാൻ എന്നിവർക്കൊപ്പം കെട്ടിപ്പിടിച്ച നിലയിൽ തന്റെ പൊന്നോമനയായ അമ്നയും. തകർന്നു നിലവിളിച്ച അയാളുടെ കൺമുന്നിലേക്ക് ഫൗസിയയുടെ മൃതദേഹവുമെത്തി. കുറച്ചകലെ നിന്ന് അമീന്റെ മൃതദേഹം കൂടി പുറത്തെടുത്തപ്പോൾ സിയാദിനു സമനില തെറ്റി. പ്രപഞ്ചത്തിൽ താൻ തനിച്ചായിരിക്കുന്നു എന്നയാൾ തിരിച്ചറിഞ്ഞു. ആശ്വസിപ്പിക്കാനെത്തിയവരെ അയാൾ ആക്രമിക്കാനൊരുങ്ങി. ഒരു ഭ്രാന്തനെപ്പോലെ അവിടെയാകെ ഓടിത്തിരിഞ്ഞ് നിലവിളിക്കുന്ന സിയാദിനെ മെരുക്കാൻ അവിടെ ഉണ്ടായിരുന്ന ആർക്കും കഴിഞ്ഞില്ല.

മാർട്ടിന്റെയും സിയാദിന്റെയും മാത്രം ദുരന്തങ്ങളല്ല ഇത്. കേരളത്തിന്റെ മുഴുവൻ കണ്ണീർക്കാഴ്ചയാണ്. ഇന്നല്ലെങ്കിൽ നാളെ നമ്മിൽ മിക്കവരെയും കാത്തിരിക്കുന്ന മഹാദുരന്തത്തിന്റെ വർത്തമാനകാല ഹ്രസ്വചിത്രം.

കേരളം മൗണ്ട് ഫുജിയെക്കാൾ അപകടകരം

ലോകത്തെ വലിയ അ​ഗ്നിപർവതങ്ങളിലൊന്നാണ് ജപ്പാനിലെ ഫുജി. അതിനെക്കാൾ ഭീകരമായ പർവത‌ത്തിലാണ് കേരളമെന്നു പറഞ്ഞത് ലോകപ്രശസ്ത ഭൗമശാസ്ത്രജ്ഞനും പാരിസ്ഥിതിക പണ്ഡിതനുമായ പ്രൊഫ. മാധവ് ​ഗാഡ്​ഗിൽ. ​ഗുജറാത്തിലെ സം​ഗോത് മുതൽ തമിഴ്നാട്ടിലെ മരുതുവാഴ്‌മലൈ വരെയുള്ള 1600 കിലോമീറ്റർ നിളമുള്ള പശ്ചിമഘട്ടം മുഴുവൻ വലിയ തോതിലുള്ള അപകടനിലയിലാണെന്ന് അദ്ദേഹം കണ്ടെത്തി. ഡോ. മൻമോഹൻ സി​ഗ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവിയിരുന്ന ​ഗാഡ്​ഗിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടണ്ട്. 

കേരളത്തിന്റെ മലനിരകളിൽ നടക്കുന്ന രാക്ഷസീയ കടന്നാക്രമണങ്ങളെക്കുറിച്ച് അദ്ദേഹം നൽകിയ മുന്നറിയിപ്പുകൾക്കു ​ഗാരവം നൽകിയിരുന്നെങ്കിൽ കൂട്ടിക്കലിലും കൊക്കയാറിലും മറ്റനേകം ഇടങ്ങളിലും ഉണ്ടായ പ്രകൃതി താണ്ഡവങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന്  ചിലരെങ്കിലും ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.

കുറ്റം മുഴുവൻ കുടിയേറ്റ കർഷകരുടെ മേൽ ചുമത്തി, അവരെ വഴിയാധാരമാക്കാനുള്ള നിർദേശങ്ങളാണ് ​ഗാഡ്​​ഗിൽ കമ്മിഷന്റേതെന്നു തെറ്റിദ്ധരിച്ചവരുമുണ്ട്. എന്നാൽ, കർഷകരല്ല ഇവിടെ യഥാർഥ പ്രതികൾ. ആവശ്യത്തിനു സംരക്ഷണ ഭിത്തികൾ കെട്ടിയും മഴവെള്ളം സംരക്ഷിച്ചും മരങ്ങളും പുല്ലുകളും വച്ചുപിടിപ്പിച്ചും അറിവുള്ളവർ നൽകുന്ന നല്ല പാഠങ്ങൾ ഉൾക്കൊണ്ടുമാണ് കുടിയേറ്റ കർഷകർ തങ്ങളുടെ പട്ടയ ഭൂമിയിൽ താമസിക്കുന്നത്. എന്നാൽ ഇവിടേക്കു നുഴഞ്ഞുകയറിയ ക്വാറി ലോബികളും റിസോർട്ട് ലോബികളുമാണു യഥാർഥ വില്ലന്മാർ. കേരളത്തിന്റെ മലനിരകളിലെ ഏറ്റവും വലിയ അപകടം അനിയന്ത്രിതമായ ക്വാറികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃത ഖനനത്തിനു ചൂട്ടുപിടിക്കുന്ന ഇടതുപക്ഷ നയങ്ങൾ മുൻപെന്നത്തെക്കാളും ശക്തമാണിപ്പോൾ.

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 223 പുതിയ പാറമടകൾക്കാണ് അനുമതി നൽകിയത്. 750ൽപ്പരം പാറമടകൾ അം​ഗീകാരത്തിനായി കാത്തിരിക്കുന്നു. സർക്കാരിന്റെ അറിവോടെ 586 ക്വാറികൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നുണ്ട് എന്ന ആരോപണവും ശക്തമാണ്. ഇവിടെ നിന്നെല്ലാം കൂടി അഞ്ചു കോടിയോളം മെട്രിക് ടൺ പാറയാണ് പൊട്ടിച്ചു കടത്തുന്നത്.  അത്യാധുനിക സംവിധാനങ്ങളുപയോ​ഗിച്ചുള്ള വിസ്ഫോടനങ്ങളാണ് പാറമടകളിൽ നടക്കുന്നത്. ഒരോ സ്ഫോടനത്തിന്റെയും അനുരണനങ്ങൾ കിലോ മീറ്ററുകളോളം കടന്നു ചെന്നുണ്ടാക്കുന്ന പ്രകമ്പനങ്ങളാണ് കേരളത്തിലെ ഉരുൾ പൊട്ടലുകളുടെ പ്രധാന കാരണമെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

2019 ഓ​ഗസ്റ്റ് എട്ടിന് 59 പേരുടെ ജീവനെടുത്ത കവളപ്പാറയിലെ ഉരുൾ പൊട്ടൽ മാത്രം മതി, നമ്മുടെ പാറമടകളുടെ ചതിക്കുഴികൾ തിരിച്ചരിയാൻ.

(തുടരും)

Related posts

Leave a Comment