മാർഗി വിജയകുമാറിന് സീനിയർ ഫെല്ലോഷിപ്പ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് കലാകാരൻമാർക്ക് നൽകുന്ന ഈ വർഷത്തെ സീനിയർ ഫെല്ലോഷിപ്പിന് പ്രശസ്ത കഥകളി നടൻ മാർഗി വിജയകുമാറിനെ തിരഞ്ഞെടുത്തു. പ്രതിമാസം 20000 രൂപ വീതം രണ്ട് വർഷക്കാലത്തേയ്ക്കാണ് ഫെലോഷിപ്പ്. തോന്നയ്ക്കൽ സ്വദേശിയായ മാർഗി വിജയകുമാർ സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ പ്രശസ്ത കഥകളി നടൻ തോന്നയ്ക്കൽ പീതാംബരന്റെ കീഴിലാണ് കഥകളി അഭ്യസിച്ചു തുടങ്ങിയത്. പിന്നീട് തിരുവനന്തപുരത്തെ മാർഗി കഥകളി സ്‌കൂളിൽ മുഴുവൻ സമയ വിദ്യാർത്ഥിയായി ചേർന്നു. അവിടെ വച്ച് പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെ ശിക്ഷണം ലഭിക്കാനിടയായതാണ് വിജയകുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് സ്ത്രീവേഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച വിജയകുമാർ കഥകളിയിലെ ഏറ്റവും മികച്ച സ്ത്രീവേഷക്കാരിലൊരാളായി ഉയർന്നു. മാർഗിയിലെ പഠനശേഷം അവിടെത്തന്നെ അധ്യാപകനായി ചേർന്ന വിജയകുമാർ മാർഗിയുടെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നാണ് വിരമിച്ചത്. ഇപ്പോൾ മാർഗിയിലെ വിസിറ്റിംഗ് പ്രൊഫസറാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിരവധി വിദേശരാജ്യങ്ങളിലുമുൾപ്പെടെ ആയിരക്കണക്കിന് വേദികളിൽ ഇതിനകം കഥകളി വേഷം കെട്ടിയിട്ടുള്ള മാർഗി വിജയകുമാറിനെ തേടി നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും എത്തിയിട്ടുണ്ട്. കഥകളി വേഷത്തിനുള്ള ഇക്കൊല്ലത്തെ കലാമണ്ഡലം അവാർഡും മാർഗി വിജയകുമാറിനായിരുന്നു. തന്റെ ജന്മനാടായ തോന്നയ്ക്കലിൽ കഥകളിയുടെ പ്രോത്സാഹനത്തിനായി നാട്യഗ്രാമം എന്ന സ്ഥാപനം ആരംഭിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച മാർഗി വിജയകുമാർ ഇപ്പോൾ അതിന്റെ മുഖ്യ ഉപദേഷ്ടാവായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Related posts

Leave a Comment