മറവി-അനു ചന്ദ്ര ; കവിത വായിക്കാം

അനു ചന്ദ്ര

മറവി

എത്രയെത്ര മനുഷ്യരാണ്
മനസ്സിൽ നിന്നും മായുന്നത്.
ഒരിക്കൽ,അത്രമേൽ
പ്രിയപ്പെട്ടവ
രെന്ന് നിനച്ചിരുന്ന
എത്രയെത്ര മുഖസംഭവ
ങ്ങളാണ്
വീണ്ടെടുക്കപ്പെടാനാകാതെ
ഓർമ്മയുടെ ഘടന തെറ്റിക്കുന്നത്.
വേണ്ടപ്പെട്ടവരായിരുന്നു,
ഗാഢമായ അനുഭവം തന്നവ
രായിരുന്നു.
എന്നിട്ടും,
മനസ്സ് കാലാന്തരത്തിലവരെ
മായ്ച്ചു കളയുമ്പോൾ,
ജീവിതത്തിന്റെ നിയമത്തിൽ
ഇതൊക്കെയും
ബാധകമാണെന്ന്
കരുതുന്നതിൽ തെറ്റുണ്ടോ?
ഒരിക്കൽ കാലത്തിന്റെ രേഖകൾ മൊത്തത്തിൽ
പതിഞ്ഞതവരിലാ
-ണെന്നെനിക്കറിയാം.
എന്നിട്ടും,
ഉടമ്പടിയില്ലാത്ത ഉടമ്പടിയെ ലംഘിച്ചുകൊണ്ടാ
-ണ് അവരെ ഞാൻ മറക്കുന്നതും,
അവരിൽ ഇനിയും പിടിച്ചുനിർത്താൻ
ഒന്നും
അവശേഷിപ്പ് ഇല്ലാത്ത നിമിഷത്തിലാണ് ഞാനവരെ മറന്നു കളയുന്നതും.
അതിൽ പിന്നെ കാരണവും വ്യക്തികളുമൊന്നു
മെനിക്ക്
വിഷയമല്ലെന്നതാണ് സത്യം.
ഒടുക്കം
കാലവും ദേശവും മാറുമ്പോൾ
ബന്ധങ്ങൾ മാറുന്നു.
പുതിയവർ വരുന്നു.
പഴയവരത്രയും അന്യമാകുന്നു.
അവരുടെ ഓർമ്മകളെയെല്ലാം
ഞാൻ
പടം പൊഴിച്ചു കളയുന്നു.
ഏറ്റവും നിസാരമായി.
എന്തെന്നെറിയാമോ,
മറന്നു ജീവിക്കുക എന്നതിനപ്പുറം ഒരു സ്വർഗ്ഗവും ഈ ഭൂമിയിലിലെന്നത്
തന്നെ!!!!

Related posts

Leave a Comment