ലേഖനം വായിക്കാം ; മാപ്പിള രാമായണം : ✍️ വി.വി.വിജയൻ

ഋഷിരചിതവും കഥാപാത്രബഹുലവും സംഭവപരമ്പരകളാൽ സമ്പന്നവുമായ ഒരു പുരാവൃത്തമാണ് രാമായണം.

ചരിത്രവും ദർശനവും ഭാവനയും സൗന്ദര്യവും അനുപമമായി സമ്മേളിച്ച ഈ മഹാകാവ്യത്തിന്റെ പ്രണേതാവ് വാല്മീകിയാണ്.
രാമായണവും മഹാഭാരതവും ഇലിയഡും ഒഡീസ്സിയുമാണ് ശ്രദ്ധേയമായ ലോക ഇതിഹാസങ്ങൾ.

രാമായണ സാഹിത്യം ആഴമാർന്ന വേരുകളും ശാഖോപശാഖകളുമായി നിരന്തരം വളർന്നു വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വടവൃക്ഷമാണ്. വേരുകൾ ഭാരതീയമാണെങ്കിലും ശാഖകൾ ഏഷ്യൻരാജ്യങ്ങളിലാകെ പടർന്നു പന്തലിക്കുകയും അവിടങ്ങളിലെ സംസ്കൃതികളെ കരുപ്പിടിപ്പിക്കുന്നതിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യോനേഷ്യ, മലേഷ്യ, ചൈന, വിയറ്റ്നാം, ജപ്പാൻ, ബർമ്മ ,ടിബറ്റ്, നേപ്പാൾ, ശ്രീലങ്ക, കംബോഡിയ, ഫിലിപ്പെൻസ് തുടങ്ങിയ രാജ്യങ്ങളിലെ രാമായണ ഗ്രന്ഥങ്ങൾ എടുത്തു പറയേണ്ടവയാണ്.

വിവിധ ഭാഷകകളിലായി മുന്നൂറോളം രാമായണങ്ങൾ പിറവി കൊള്ളുകയും എണ്ണമറ്റ വിവർത്തനങ്ങളും നിരൂപണങ്ങളും സംഗ്രഹങ്ങളും വ്യാഖ്യാനങ്ങളും ഒപ്പമുണ്ടാവുകയും ചെയ്തിട്ടുണ്ട്.

രാമായണകഥയെ അടിസ്ഥാനമാക്കിയുള്ള നോവലുകളും നാടകങ്ങളും ചലച്ചിത്രങ്ങളും നിരവധിയാണ്.

ഭാരതീയ ഭാഷകളിൽ
കമ്പരാമായണം, രംഗനാഥരാമായണം, രാമചരിതം, കൃത്തിവാസരാമായണം, ഏകനാഥരാമായണം, രാമചരിതമാനസം, ബൗദ്ധരാമായണം, തുളസീദാസരാമായണം, ആനന്ദരാമായണം എന്നിവയാണ് പ്രമുഖ രാമായണങ്ങൾ.

മഹാരാമായണം, സംസ്കൃതരാമായണം, അഗസ്ത്യരാമായണം, മഞ്ജുളരാമായണം, രാമായണമഹാമാല, സൗഹാർദ്ദരാമായണം, രാമായണമണിരത്നം, സൗര്യരാമായണം, ചാന്ദ്രരാമായണം, സ്വയംഭൂവരാമായണം, രാമായണം ചമ്പു, ദുരന്തരാമായണം, ശ്രവണരാമായണം എന്നിവയിൽ പലതും മഹർഷിമാർ രചിച്ചതാണെന്ന് പറയപ്പെടുന്നു.

വാല്മീകി രാമായണം, അദ്ധ്യാത്മ രാമായണം, തുളസീദാസ രാമായണം, അഗസ്ത്യരാമായണം, അത്ഭുതരാമായണം, കാളിദാസരാമായണം തുടങ്ങി പ്രസിദ്ധമായ രാമായണ കൃതികളെല്ലാം ഗദ്യത്തിലും പദ്യത്തിലും നമുക്ക് ലഭ്യമായിട്ടുണ്ട്.

അറിയപ്പെട്ടിടത്തോളം കേരളത്തിലുണ്ടായ ആദ്യത്തെ രാമായണ കഥാസംഗ്രഹം കുലശേഖര ആഴ് വാരുടെ പെരുമാൾ തിരുമൊഴിയാണ്. പതിമൂന്നാം ശതകത്തിൽ രചിക്കപ്പെട്ട രാമചരിതമാണ് മലയാളത്തിലെ ആദ്യത്തെ രാമായണം.ചീരാമ കവിയാണ് ഈ പ്രാചീന കാവ്യത്തിന്റെ കർത്താവ്.

രാമകഥാപാട്ട്, കണ്ണശ്ശ രാമായണം, അദ്ധ്യാത്മരാമായണം, എന്നിവ പ്രധാനമാണ്.
ഇവ കൂടാതെ കാലത്തെ അതിജീവിക്കാത്ത ഒട്ടേറെ രാമായണങ്ങൾ വേറെയും ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്.

രാമായണാദിഇതിഹാസങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് ഭാരതത്തിലെ പല ആദിവാസി വിഭാഗങ്ങളും.കേരളത്തിൽ വയനാടിന്റെ സാംസ്ക്കാരികവും സാമൂഹികവും പ്രാദേശികവും പ്രകൃതിസംബന്ധിയുമായ പ്രത്യേകതകളുമായി ഇഴുകിച്ചേർന്ന് വയനാടൻ രാമായണവും നിലവിലുണ്ട്. രാമായണ സാഹിത്യമെന്ന സമുദ്രത്തിലേക്കുള്ള അരുവികളാണിവയെല്ലാം.

കൗതുകകരമായ ഒരു കാര്യം അഞ്ചു പാട്ടുകളിലായി നൂറ്റമ്പതിലധികം വരികളടങ്ങിയ മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ രചിക്കപ്പെട്ട മാപ്പിളരാമായണം നിലവിലുണ്ട് എന്നതാണ്.
“ലാമ ലാമ ലാമ ലാമ
പണ്ടുതാടിക്കാരനൗ ലി പാടിവന്നൊരു പാട്ട്
കണ്ടതല്ലേ ഞമ്മളീ രാമായണം കഥപ്പാട്ട്
കർക്കിടകം കാത്തുകാത്ത് കുത്തിരിക്കും പാട്ട്
കാതുരണ്ടിലും കൈ വിരലിട്ടോരികൂട്ടും പാട്ട്”
എന്ന് തുടങ്ങി മൂന്നു പെണ്ണിനെ ദശരഥൻ നിക്കാഹ് ചെയ്തതും അവർ പായസം കുടിച്ച് നാലു പെറ്റതും മൂത്തവനായ ലാമൻ നഞ്ഞുനക്കിയ പടച്ചോന്റെ (ശിവൻ) വില്ലൊടിച്ചതും ഹാലിളകിയ താടി ലാമൻ(പരശുരാമൻ ) വൈ (വഴി) തടഞ്ഞതും ഹാല്മാറ്റി ലാമൻ നാട്ടിലെത്തിയതും നാടുവാഴാൻ ബാപ്പ ലാമനെ ഒരുക്കിയതും ….. ഒക്കെയാണ് മാപ്പിളരാമായണത്തിലെ ആദ്യഭാഗം.

താടിക്കാരൻ ഔലി എന്ന് പറയുന്നത് രാമായണം രചിച്ച വാല്മീകി മഹർഷിയെക്കുറിച്ചാണ്. മാപ്പിളരമായണത്തിൽ പല സ്ഥലങ്ങളിലും ‘ര’ എന്ന അക്ഷരത്തിന് പകരം ‘ല’ എന്നാണ് ചേർത്തിരിക്കുന്നത്.

ശൂർപ്പണഖ രാമനെ പ്രണയിക്കാനായി ചമഞ്ഞൊരുങ്ങുന്ന ഒരു ഭാഗം ഇങ്ങിനെയാണ്.
” ഒറ്റക്കൊറ്റവെളുത്തുനരച്ച തലയിലെ ലോമം കട്ടക്കരിയും തേനും ചേർത്തു കറപ്പിക്കുന്നു.
പറ്റേവീട്ടിലെ പാത്തുമ്മാനെത്തേടിവരുത്തീ ഒത്തൊരു കൂലിപറഞ്ഞ്, തലയോ മൂപ്പിരികൂട്ടി.”
കിളവിയായ ശൂർപ്പണഖ തലമുടി കട്ടക്കരിയും തേനും ചേർത്ത് കറുപ്പിക്കുന്നു. പോരാഞ്ഞിട്ട് അയൽ വാസിയായ പാത്തുമ്മക്ക് കൂലി നിശ്ചയിച്ച് അണിയിച്ചൊരുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. തീർന്നില്ല
” പെറ്റ കണക്കിന് കാലം കൂട്ടിയാൽ അമ്പത്താറായി ” എന്ന് ശൂർപ്പണഖയുടെ പ്രായം കണക്കാക്കി പറയുകയും ചെയ്യുന്നു.
സീതയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന രാവണന്റെ തന്ത്രവും പ്രണയാഭ്യർത്ഥനയും വിവരിക്കുന്ന ഭാഗം ഇതാണ്.
” കോഴിബിരിയാണി വച്ച് പത്തലും കൊഴച്ച് നാലുചാല്തിന്നു കോട്ടെ ലങ്ക വാണോ ലല്ലേ” ലങ്കാധിപനായ താൻ നാലുനേരവും കോഴിബിരിയാണിയും പത്തിരിയും കോഴിക്കറിയും നൽകാൻ ശേഷിയുള്ള രാജാവല്ലേ എന്നിട്ടെന്താ തന്റെ പ്രണയം നീ നിരസിക്കുന്നത് എന്ന ചോദ്യം കേട്ട് രൂക്ഷമായി നോക്കുന്ന സീതയോട്
“ഇങ്ങിനെ നോക്കുന്നതെന്താ
മൊഞ്ചുപോരാഞ്ഞിട്ടോ
മംഗലം കയിച്ചറയിൽ ഞ്ഞമ്മള് കൂടാഞ്ഞിട്ടോ ” എന്നും പറയുന്നു.
രാമനെതിരെ അപവാദം പറഞ്ഞു പൊലിപ്പിക്കുന്നത് നോക്കൂ
“നിന്നെ വിട്ടുപെണ്ണ് കെട്ടി ലണ്ട്മാസം മുമ്പ്
ലാമനോ പഹയനോ കപ്പലേറിപ്പോയി
ചത്തപയ്യിന്റ ആലനോക്കി കുത്തിരുന്നിട്ടെന്താ
കുത്തടങ്ങിയ ഒരു പയ്യിനെ മാറ്റിവാങ്ങിപ്പോറ്റ് “.
താടകാവധം പാടുന്നിടത്തെ വരികൾ ഇതാണ്:
” മങ്കയാ താടക ആനക്കരുത്തൊരു
പത്തായിരത്തിനുണ്ടേ
മരം വെല്ലും നീളമുണ്ടേ ഗുഹപോലെ തൊള്ളയുണ്ടേ
അതിൽ കോന്ത്രപ്പല്ലുള്ളൊരാ
ചപ്രത്തലച്ചിക്ക് ചോരക്കൺകളുണ്ടേ ” എന്നാണ്.
മറ്റൊരിടത്ത് യുദ്ധസന്നാഹം വിവരിക്കുന്നതിങ്ങനെ;” സംഘടിച്ച് വാള്കുന്തം കത്തിയും മുസലവും സൂക്ഷ്മതയോടെടുത്തു പോരടിക്കും കുട്ടവും ലങ്കതന്റെ കീർത്തിപോൽ ആനപ്പട നിരന്നതാ
ലക്ഷ്യമോടെ തേരുകൾ കുതിരകൾ പെരുത്തതാ
ചങ്ക്തൊടാതെ വിഴുങ്ങാൻ പ്രാപ്തിയുള്ള ഭീകരർ
ചാട്ടുളിയും മുൾഗദയേന്തിയുള്ള പ്രാകൃതർ ഹുങ്കിതൊക്കെയാണ് രാവണനെന്നറിയുവിൻ”.

ശ്രിരാമന്റെ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ രാമായണകഥാസന്ദർഭങ്ങൾ മാപ്പിളരാമായണത്തിലുണ്ട്.
മുസ്ലിം സമുദായത്തിന്റെ ഭാഷ, സംസ്ക്കാരം, വിശ്വാസം, ഭക്ഷണം എന്നിവയെല്ലാം മാപ്പിളരാമായണത്തിൽ ഉൾച്ചേർത്തിട്ടുണ്ട്.

മാപ്പിളരാമായണം രാമായണത്തിന്റെ മുസ്ലിം വായനയല്ല.
പുരാണങ്ങളുടെ മുസ്ലിം പതിപ്പുമല്ല.
മറിച്ച് രാമായണത്തെ പൂർണ്ണമായും മൂലസാരത്തോടെ പകർത്തുകയാണ് ചെയ്തിട്ടുള്ളത്.
കർത്താവ് ആരെന്നോ രചനാകാലം ഏതെന്നോ വ്യക്തമായി അറിയില്ലെങ്കിലും മാപ്പിളരാമായണം ഒരു കലാരൂപമായി നിലനിന്നിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ഇത് പാടിപ്പറഞ്ഞത് പുത്തലത്ത് കുഞ്ഞിരാമൻ നമ്പ്യാർ എന്ന പണ്ഡിതനായിരുന്നു.പിന്നീട് ലിഖിതരൂപത്തിൽ സമാഹരിച്ച് പലരും മാപ്പിളരാമായണത്തിന് ആവശ്യമായ ഈണവും ഭാവവും നൽകി വിശാലമാനവികതയുടെ അടയാളമാക്കി മാറ്റി.

രാമായണമാസത്തിൽ മതത്തിന്റെയും ജാതിയുടെയും സങ്കുചിതമായ അതിർവരമ്പുകളിൽ തളച്ചിടപ്പെട്ട മനുഷ്യർ പരസ്പരം പോരടിക്കുമ്പോൾ ഇത്തരം സർഗ്ഗാത്മകപ്രതിരോധങ്ങൾ കാലത്തോട് സംവദിക്കുകയാണ്.
കലയും സാഹിത്യവുമെല്ലാം സമൂഹത്തിൽ പുലർത്തുന്ന ധർമ്മവിചാരം എന്തെന്ന് മാപ്പിളരാമായണം നമുക്ക് കാണിച്ചു തരുന്നു.

“യാവത് സ്ഥ്യാസന്തിഗിരയ:
സരിതശ്ച മഹീതലേ
താവദ് രാമായണകഥാ
ലോകേഷു പ്രചരിഷ്യതി.”

ലോകത്തിൽ മലകളും നദികളും ഏതുവരെ നിലനിൽക്കുമോ
അതുവരെ രാമായണകഥ പ്രചരിച്ചുകൊണ്ടേയിരിക്കും.

Related posts

Leave a Comment