അനുവാദമില്ലാതെ മൻമോഹൻ സിങ്ങിനൊപ്പം നിന്നു ചിത്രമെടുത്ത് ഷെയർ ചെയ്തു, എതിർപ്പുമായി കുടുംബം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് ആശുപത്രിയിൽ കിടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച കേന്ദ്ര ആരോ​ഗ്യ മന്ത്രിക്കെതിരേ കുടുംബം രം​ഗത്ത്. ഭരണഘടനാ പദവിയിലുള്ള ഒരാളെ സന്ദർശിക്കുന്നതിൽ തെറ്റില്ലെങ്കിലും അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതു അധാർമികമാണെന്ന് മൻമോഹൻ സിങ്ങിന്റെ മകൾ കുറ്റപ്പെടുത്തു.
ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് മൻമോഹൻ സിംഗിനെ കാണുന്ന ചിത്രം പുറത്ത് വിട്ട് വിവാദം സൃഷ്ടിച്ചത്.

ആശുപത്രിയിൽ കഴിയുന്ന സിങ്ങിന്റെ ചിത്രം പകർത്തരുതെന്ന് അമ്മ പറഞ്ഞതാണെന്നും അത് വകവെക്കാതെ മന്ത്രിയുടെ ഒപ്പമെത്തിയ ഫോട്ടോഗ്രാഫർ ചിത്രം പകർത്തിയെന്നുമാണ് മൻമോഹൻ സിങ്ങിന്റെ മകൾ ധമാൻ സിങ് പറയുന്നത്. സംഭവം കുടുംബത്തെ വേദനിപ്പിച്ചുവെന്നും ധമാൻ സിങ് പറഞ്ഞു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനെ ബുധനാഴ്ച ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലയും താഴ്ന്നിരുന്നു. ശ്വാസതടസമടക്കമുള്ള പ്രയാസങ്ങൾ നേരിട്ടതിനെ തുടർന്നാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിലെത്തിച്ചത്.

എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിനെ ചികിത്സിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് മൻമോഹൻ സിംഗിൻറെ ഓഫീസ് പ്രതികരിച്ചത്. 88 വയസുകാരനായ മൻമോഹൻ സിംഗിന് ഈ വർഷം ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് അനന്തര ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടുന്ന അദ്ദേഹം പൂർണ വിശ്രമത്തിലാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ചിത്രം പുറത്തുവിടുന്നത് തെറ്റിദ്ധാരണകൾ പരത്തുമെന്നും ബന്ധുക്കൾ പറഞ്ഞു.
എന്നാൽ ഭരണഘടനാ പദവിയിലിരുന്ന ഒരു വിഐപിയെ എയിംസ് പ്രസിഡന്റ് എന്ന നിലയിൽ സന്ദർശിക്കേണ്ട ചുമതല തനിക്കുണ്ടെന്നു മന്ത്രി മാണ്ഡവ്യ പറഞ്ഞു. ആശുപത്രിയിലെ കീഴ്‌വഴക്കപ്രകാരമാണ് ഫോട്ടോ​ഗ്രാഫർ എത്തിയതെന്നും വിശദീകരണം.

Related posts

Leave a Comment