മാനന്തവാടി കുറുക്കന്‍മൂലയെ വിറപ്പിച്ച കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു

മാനന്തവാടി: കുറുക്കന്‍മൂലയിലെ നാടിനെ വിറപ്പിച്ച കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. വീണ്ടും കടുവയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തതിന് പിന്നാലെയാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ കടുവയെ മയക്ക് വെടിവെച്ചോ, വെടിവെച്ചോ പിടികൂടാന്‍ ഉത്തരവിട്ടിട്ടുണ്ട്. കുറുക്കന്‍മൂല ചെറൂര്‍ മുണ്ടക്കല്‍ കുഞ്ഞ് എന്ന ജോണിന്റെ ആറ് മാസം പ്രായമായ പശുക്കിടാവിനെയാണ് ഇന്നലെ കടുവ കൊന്നത്.വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ മൂന്നര മണിക്ക് കടുവ പശുക്കിടാവിനെ പിടികൂടുകയും, ജഡം നൂറ് മീറ്റര്‍ അകലെ ഉപേക്ഷിക്കുകയുമായിരുന്നു. നാട്ടുകാരും വനംവകുപ്പും പോലീസും നടത്തിയ തിരച്ചിലില്‍ എടപ്പറ പൗലോസിന്റെ സ്ഥലത്ത് പശുകിടാവിന്റെ ജഡം കണ്ടെത്തുകയായിരുന്നു. ഇവിടെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. കടുവ കാല്‍ഭാഗം മാത്രം ഭക്ഷിച്ച് ഉപേക്ഷിച്ച പശുക്കിടാവിന്റെ ജഡമാണ് കൂട്ടില്‍ ഇരയായി ഇട്ടിരിക്കുന്നത്. രണ്ടാഴ്ചക്കിടെ ഒന്‍പത് വളര്‍ത്ത് മൃഗങ്ങളെ കടുവ കൊല്ലുകയും ജനരോഷം ശക്തമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് വനംവകുപ്പ് കടുവയെ പിടികൂടാനുള്ള നടപടി ആരംഭിച്ചത്.കൂട് വെച്ച് പിടിക്കാനോ അല്ലെങ്കില്‍ മഴക്ക് വെടിവെച്ചോ, വെടിവെച്ചോ പിടികൂടാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ഉത്തരവിട്ടത്. സബ്കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ഡി.എഫ്.ഒ.മാരായ എ.സജ്‌ന, നരേന്ദ്ര ബാബു, രമേഷ് വിഷ്‌ണോയി, മാനന്തവാടി എസ്.എച്ച്.ഒ.എം.എം.അബ്ദുല്‍കരീം, തഹസില്‍ദാര്‍ ജോസ് ചിറ്റിലപ്പള്ളി, റാപ്പിഡ് റെഡ് സോണ്‍ ടീം റെയിഞ്ച് ഓഫീസര്‍ രൂപേഷ്, റെയിഞ്ച് ഓഫീസര്‍മാരായ രമ്യ രാഘവന്‍, കെ.രാഗേഷ്, എന്നിവരുടെ സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. എം.എല്‍.എ.മാരായ ഒ.ആര്‍.കേളു ,ഐ.സി.ബാലകൃഷ്ണന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ, മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി, കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ ആലീസ് സിസില്‍, എന്നിവര്‍ കടുവ കൊന്ന പശുക്കിടാവിന്റെ ഉടമയുടെ വീട് സന്ദര്‍ശിച്ചു. എട്ട് വളര്‍ത്ത് മൃഗങ്ങളെ കടുവ കൊന്നിട്ടും വനംവകുപ്പ് യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കൊല്ലപ്പെട്ട പശുക്കിടാവിനെയും കൊണ്ട് നാട്ടുകാര്‍ മാനന്തവാടി നോര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു. വ്യാഴാഴ്ച കുറുക്കന്‍മൂല അയ്യാംമറ്റത്തില്‍ ജോണിയുടെ ഒരു വയസുള്ള പശു കിടാവിനെയാണ് കടുവ കൊന്നത്. മേലേ 54 ലെ നാരിയേലില്‍ അജി ജേക്കബിന്റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെ കടുവ ആക്രമിച്ചിട്ടും വനംവകുപ്പ് ജനങ്ങള്‍ക്കും, വളര്‍ത്തു മൃഗങ്ങള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തുവാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് പരിക്കേറ്റ പശുവുമായി സ്ത്രീകളടക്കമുള്ളവര്‍ ബുധനാഴ്ച മാനന്തവാടി-കാട്ടിക്കുളം മൈസൂര്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ കുറുക്കന്‍മൂലയിലും പരിസരങ്ങളിലുമായി ഒന്‍പത് വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ച് കൊന്നിട്ടുണ്ട്. തിനംകുഴി ജില്‍സന്റെ ഗര്‍ഭിണികളായ രണ്ട് ആടുകളടക്കം മൂന്ന് ആടുകളെയും, സഹോദരന്‍ ജെയിംസിന്റെ രണ്ട് വയസ് പ്രായമായ ആടിനെയും കടുവ കൊന്നിരുന്നു. ഒരു ആടിനെ കടുവ വനത്തിനുള്ളിലേക്ക് വലിച്ച് കൊണ്ട് പോകുന്നത് നാട്ടുകാര്‍ കാണുകയും ചെയ്തിരുന്നു. കുറുക്കന്‍മൂല കാവേരി പൊയില്‍ ബാബുവിന്റെ ഒന്നര വയസുള്ള പോത്തിനെയും, ഒന്നര വയസുള്ള മൂരി കുട്ടനെയും കടുവ കൊന്നിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചു
മാനന്തവാടി: കടുവാഭീതിയില്‍ ജനങ്ങള്‍, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ പതിനൊന്നാം ഡിവിഷന്‍ ചെറൂര്‍, പന്ത്രണ്ടാം ഡിവിഷന്‍ കുറുക്കന്‍മൂല, പതിമൂന്നാം വാര്‍ഡ് കുറുവ, പതിനാലാം ഡിവിഷന്‍ കാടന്‍കൊല്ലി എന്നിവിടങ്ങളില്‍ ഇന്നും നാളെയും ജില്ലാകലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കും കടുവ ഭീഷണിയായതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പരിസരവാസികള്‍ പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നതും കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം ആരുടേയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Related posts

Leave a Comment