മംഗളൂരുവിലും നിപ ആശങ്ക ; പൂനെയിലേക്ക് സ്രവ സാംപിൾ അയച്ചു

മംഗളൂരു: കർണാടകയിലും നിപ ആശങ്ക. ദക്ഷിണ കന്നഡയിലെ മംഗളൂരൂവിൽ രോഗലക്ഷണങ്ങളോടെ വെൻലോക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കർണാടക ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി. തലപ്പാടി ചെക്‌പോസ്റ്റ് കടന്ന് കേരളത്തിൽനിന്നും എത്തുന്നവരിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം.

തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാൾ നേരിട്ട് ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു. എന്നാൽ, എല്ലാ ലക്ഷണങ്ങളുമില്ലെന്നും ചെറിയ പനി മാത്രമാണുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അടുത്തിടെ ഗോവയിലേക്ക് യാത്ര നടത്തിയ ഇയാളുടെ സമ്ബർക്കപട്ടികയിൽ മലയാളിയും ഉൾപ്പെടുന്നുണ്ട്. നിപ വൈറസ് ബാധിതനാവാനുള്ള സാധ്യത കുറവാണെന്നും പൂനെയിൽനിന്ന് ഫലം വരുന്നതിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

അതേസമയം, കേരളത്തിൽ ആശ്വാസകരമായ വാർത്തകളാണ് പുറത്തുവരുന്നത്. നിപ സമ്പർക്കപ്പട്ടികയിലുളള 17 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ഇതോടെ 140 പേരുടെ സാംപിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് മൃഗസംരക്ഷണ വകുപ്പ് ഭോപാലിലെ ലാബിലേക്ക് അയച്ച വവ്വാലുകളുടേയും ആടുകളുടെയും സ്രവ സാംപിളുകളിലും നിപ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

Related posts

Leave a Comment