നരഭോജി കടുവയെ ജീവനോടെ പിടികൂടി, കുടങ്ങിയത് നീല​ഗിരിയെ വിറപ്പിച്ച വരയൻപുലി

കോയമ്പത്തൂർ: ഒരു വർഷത്തിനിടെ നാലു പേരെ കൊന്നു തിന്ന വരയൻ പുലിയെ (കടുവ) കേരള വനം വകുപ്പിന്റെ സഹായത്തോടെ തമിഴ്നാട് വനപാലകർ പിടികൂടി. ഒരു വർഷത്തിനുള്ളിൽ നാലു മനുഷ്യരെയും മുപ്പതോളം വളർത്തുമൃ​ഗങ്ങളെയും കൊലപ്പെടുത്തിയ നരഭോജി, കേരള – തമിഴ്നാട് വനാതിർത്തിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇന്നു പുലർച്ചെയാണ് പുലിയെ ജീവനോടെ പിടികൂടിയത്.
ഒരു വർഷം മുൻപാണ് ഈ കടുവ ‌ജനവാസ കേന്ദ്രങ്ങളിലിറങ്ങിയത്. ആദ്യം വളർത്തു മൃ​ഗങ്ങളെയാണ് കൊന്നു തിന്നത്. എന്നാൽ പിന്നീട് മനുഷ്യരെയും ആക്രമിക്കാൻ തുടങ്ങി. തോട്ടം തൊഴിലാളികളും കാൽനട യാത്രക്കാരുമായിരുന്നു ഇരകൾ. മനുഷ്യരെ കൊല്ലാൻ തുടങ്ങിയതോടെ ജനങ്ങൾ വൻ പ്രതിഷേധവുമായി രം​ഗത്തെത്തി. അതോടെ, കടുവയെ വെടിവച്ചു കൊല്ലാൻ തമിഴ്നാട് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിട്ടു.
എന്നാൽ അതിനെതിരേ, മൃ​ഗസ്നേ​ഹികൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കടുവയെ ജീവനോടെ പിടികൂടാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടർന്ന് പതിനഞ്ച് ദിവസം മുൻപാണ് 160 അം​ഗ സംഘത്തെ തമിഴ്നാട് വനം വകുപ്പ് ചുമതലപ്പെടുത്തിയത്. കേരള വനം വകുപ്പിന്റെ സഹായത്തോടെ നീല​ഗിരി വന്യമൃ​ഗ സങ്കേതത്തിലും സൈലന്റ് വാലി മേഖലയിലും ശക്തമായ തിരച്ചിൽ നടക്കുകയായിരുന്നു. ബുധനാഴ്ച കടുവയെ കണ്ടെത്താനായി. മയക്കുമടി വച്ചെങ്കിലും കാട്ടിലേക്ക് ഓടിമറഞ്ഞു. തുടർന്നു നടത്തിയ തെരച്ചിലിലിൽ മസിനി​ഗുഡി മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയത്. ഉന്നത വനം വകുപ്പ് അധികൃതരും വെറ്ററിനറി വിദ്​ഗധരുമെത്തി കടുവയെ കൂട്ടിലാക്കി.

Related posts

Leave a Comment