ദീദിയുടെ ഘര്‍വാപസി ; വീണ്ടും കൈകോര്‍ക്കുമെങ്കില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റിലെ ധാരണയോ വിജയമോ മാത്രമാവില്ല


-ഷൈബിന്‍ നന്മണ്ട-

മമതാ ബാനര്‍ജിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ചില ദൃശ്യങ്ങളുണ്ട്. 1977 ല്‍ ഇന്ദിരാവിരുദ്ധ വികാരമുയര്‍ത്തി കൊല്‍ക്കത്തയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ജയപ്രകാശ് നാരായണനെ തടയുകയും അദ്ദേഹത്തിന്റെ കാറിന്റെ ബോണറ്റില്‍ കയറി പ്രതിഷേധിക്കുകയും ചെയ്ത തീപ്പൊരിയായ യുവതിയുടെ ചിത്രം.
1996 ഏപ്രിലില്‍ പശ്ചിമബംഗാളിലെ ഗോപാല്‍ നഗറില്‍ നിര്‍ത്തിയിട്ട ഒരു കാറിന് മുകളില്‍ കയറി, ചൂരിദാര്‍ ഷാള്‍ തന്റെ കഴുത്തില്‍ മുറുകെ ചുറ്റി ആത്മഹത്യാ ഭീഷണി മുഴക്കിയ ‘ദീദി’യുടെ ഭാവപ്രകടനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് അനഭിമതരായ നാലുപേരെ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് എംപിയായിരുന്ന മമതാ ബാനര്‍ജി പ്രതിഷേധം രേഖപ്പെടുത്തിയ രീതിയായിരുന്നു അത്!

റെയില്‍വേ മന്ത്രിയായിരുന്ന രാം വിലാസ് പാസ്വാനോട് കയര്‍ക്കുകയും ലോക്‌സഭാ സ്പീക്കറായിരുന്ന പി എ സാംഗ്മയ്ക്കുനേരെ ഷാള്‍ വലിച്ചെറികയുകയും ചെയ്ത് വാര്‍ത്തകളിലിടം നേടിയ മമത, 1998 ഡിസംബര്‍ 11ന് വനിതാ സംവരണ ബില്ലിനിനെതിരെ പ്രതിരോധം സൃഷ്ടിച്ച സമാജ്‌വാദി പാര്‍ട്ടി അംഗം ദാരോഗ പ്രസാദ് സരോജിനെ കോളറില്‍ പിടിച്ച് ലോക്‌സഭയുടെ വെല്ലില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴ രംഗം മറക്കാനാവില്ല. 2006 ആഗസ്റ്റ് നാലിന് ലോക്‌സഭ സമ്മേളന കാലത്ത് തന്റെ രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ക്കു നേരെ വലിച്ചെറിഞ്ഞ് പാര്‍ലമെന്റില്‍ നിന്ന് ക്രോധയായ് നിഷ്‌ക്രമിക്കുന്ന മമതയെയും നാം കണ്ടു.

എടുത്തുചാട്ടക്കാരിയായ നേതാവ് എന്ന് മമതയെ വിളിക്കാന്‍ ഇതെല്ലാം ധാരാളമാണ്. എന്നാല്‍ പല നിര്‍ണായക ഘട്ടങ്ങളിലും പക്വതയോടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിലും ഏറെ മിടുക്കിയായിരുന്നു അവര്‍. കൊല്‍ക്കത്തയില്‍ കാലിഘട്ട് പാലത്തിന് സമീപം ഹാരിഷ് ചാറ്റര്‍ജി സ്ട്രീറ്റില്‍ ആറ് സഹോദരന്മാര്‍ക്കൊപ്പം കഴിഞ്ഞ അരക്ഷിതമായ കുട്ടിക്കാലമാവാം മമതയുടെ ഉള്ളിലെ യുദ്ധവീര്യം ഉണര്‍ത്തിയത്. പ്രൊമിലേശ്വര്‍ ബാനര്‍ജിയുടെയും ഗായത്രി ബാനര്‍ജിയുടെയും മകള്‍ 1970-ല്‍ ജോഗമയ ദേവീ കോളേജില്‍ പഠിക്കുന്ന കാലത്താണ് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ ഛാത്ര പരിഷത്തിന്റെ തീപ്പൊരി പോരാളിയാവുന്നത്. ആവശ്യമായ ചികിത്സാ സംവിധാനമില്ലാത്തതിനാല്‍ അകാലത്തില്‍ പൊലിഞ്ഞ പിതാവിന്റെ അഭാവം കുടുംബത്തിന്റെ താങ്ങ് നഷ്ടപ്പെടുത്തിയപ്പോഴും ആ കൗമാരക്കാരി തളര്‍ന്നില്ല. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)യുടെ വിദ്യാര്‍ത്ഥി വിഭാഗമായ ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷനെ കലാലയത്തില്‍ മുട്ടുകുത്തിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയയായി. 1984-ലെ പൊതുതെരഞ്ഞെടുപ്പില്‍ ജാതവ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പ്രഗല്ഭനായ സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജിയെ പരാജയപ്പെടുത്തി ഡല്‍ഹിയിലേക്ക് പറന്നു. ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗമെന്ന നിലയിലും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്ന രീതിയിലും മികവാര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം പ്രവര്‍ത്തിച്ചതും ഇക്കാലളവിലാണ്.

മമത എന്തിന് പടിയിറങ്ങി?:

മമത ബാനര്‍ജി എന്തിനാവും കോണ്‍ഗ്രസ് വിട്ടുപോയതെന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്. മമതയുടെ മുമ്പില്‍ അക്കാലഘട്ടത്തില്‍ ഒരേയൊരു രാഷ്ട്രീയവൈരി മാത്രമേയുണ്ടായിരുന്നുള്ളൂ, മൂന്ന് പതിറ്റാണ്ടിലേറെ വംഗനാടിന്റെ അധികാരം നിയന്ത്രിച്ച ജ്യോതി ബസുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. ബസുവിനെതിരെ പോരാടാന്‍ ഏതു വിട്ടുവീഴ്ചകള്‍ക്കും മമത ഒരുക്കമായിരുന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അഖിലേന്ത്യാ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ പല കാര്യങ്ങളിലും നിലപാടെടുക്കുവാന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നുള്ളൂ. കേന്ദ്രത്തില്‍ ബിജെപിയെ മാറ്റിനിര്‍ത്താന്‍ ഐക്യമുന്നണി സര്‍ക്കാറിനെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരുമിച്ച് പിന്തുണച്ച കാലം. മമത ചൊടിക്കാന്‍ ഇതില്‍പ്പരം വേറെന്തുവേണം? 1997ല്‍ ബംഗാള്‍ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് സോമന്‍ മിത്രയോട് 27 വോട്ടിന് പരാജയപ്പെട്ടതോടെ അവരുടെ പ്രതികാര ദാഹം ഇരട്ടിയായി.

അന്നത്തെ നേതൃത്വത്തോട് പിണങ്ങി കലാപം ഉയര്‍ത്തിയ മമതയെ ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സോണിയാഗാന്ധി എഐസിസി അധ്യക്ഷയാവണമെന്ന് ആ നാളുകളില്‍ മമത ആവശ്യമുന്നയിച്ചിരുന്നു. 1997-ല്‍ അവര്‍ കോണ്‍ഗ്രസ് വിട്ട് ‘ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്’ രൂപീകരിച്ച് അതിന്റെ സര്‍വസ്വമായി.
കോണ്‍ഗ്രസ് വിട്ടുവന്നതിനാല്‍ തന്നെ അവര്‍ക്കുനേരെ ബിജെപി കടാക്ഷമെയ്തു. അന്ന് ബംഗാളില്‍ മുദ്രിതാവസ്ഥയിലായിരുന്ന താമരപ്പാര്‍ട്ടി 1998-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായ് ധാരണയുണ്ടാക്കി. 1998ലെ പൊതു തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് ലഭിച്ച വോട്ട് 59% ആയി ഉയര്‍ന്നു. സിപിഎമ്മിന്റെ പ്രശാന്ത കുമാര്‍ സൂറിനെ 224,081 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അവര്‍ പരാജയപ്പെടുത്തിയത്.
ആ തുടക്കം പാളിയില്ല.

1999 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുമായ് പരസ്യ സഖ്യത്തിലേര്‍പ്പെട്ടു. 2005ല്‍ ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ നിര്‍ബന്ധിത സ്ഥലം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമാക്കി. ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ മമതയ്‌ക്കൊപ്പമുണ്ടായിരുന്നു. പൊലീസ് അതിക്രമത്തില്‍ കീറിപ്പറിഞ്ഞ സാരിയുമായ് നന്ദിഗ്രാം പ്രക്ഷോഭ മുഖത്തു നിന്ന് മടങ്ങിയ അവര്‍ കൊടുങ്കാറ്റുപോലെ തിരികെയെത്തി; ബുദ്ധദേബ് ഭട്ടാചാര്യ ഭരണകൂടത്തെ കര്‍ഷക പ്രക്ഷോഭം പിടിച്ചുലച്ചു.
മമതപോലും പ്രതീക്ഷിക്കാത്ത വിധം ബംഗാളില്‍ വേരുറപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടായിരുന്നു. സംഘപരിവാര്‍ എന്ന അപകടത്തെ മമത തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു; 2001 മാര്‍ച്ചിനും 2013 ആഗസ്റ്റിനും ഇടയില്‍ മൂന്ന് തവണയാണ് അവര്‍ കേന്ദ്രമന്ത്രിപദം രാജിവെച്ചത്. ഒടുവില്‍ മന്ത്രിസ്ഥാനവും ബി ജെ പിയുമായുള്ള ബാന്ധവവും ഉപേക്ഷിച്ച അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തില്‍ പങ്കാളിയായി. തദ്വാര ബംഗാളിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. കൊല്‍ക്കത്ത ദക്ഷിണില്‍ നിന്നും തുടര്‍ച്ചയായ അഞ്ചാംവട്ടവും വിജയിച്ച അവര്‍ മന്‍മോഹന്‍സിങ് സര്‍ക്കാറിലും റെയില്‍വേ മന്ത്രിയായി.

ബംഗാളില്‍ 2011 ല്‍ മമത ആദ്യമായ് അധികാരം പിടിച്ചതും കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി തന്നെയാണ്. 34 വര്‍ഷത്തെ സിപിഎം ഭരണത്തെ താഴെയിറക്കി ആകെയുള്ള 294-ല്‍ 227 സീറ്റുമായ് കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം ചരിത്രം കുറിച്ചു; മമതയുടെ ശൈലിയോട് കലഹിച്ച് അധികം വൈകാതെ സഖ്യം വേര്‍പെടുത്തി കോണ്‍ഗ്രസ് പുറത്തുവന്നു. ഇത് മമതയെ രോഷാകുലയാക്കി. 2012-ല്‍ യുപിഎയ്ക്കുള്ള പിന്തുണ തൃണമൂല്‍ പിന്‍വലിച്ചു.

പിന്നീട് ബംഗാളില്‍ അവരുടെ പോരാട്ടം തനിച്ചായിരുന്നു. 2016-ല്‍ 211 സീറ്റ് നേടി രണ്ടാംവട്ടം മുഖ്യമന്ത്രിയായപ്പോള്‍ ബംഗാളിന്റെ അതുവരെയുള്ള രാഷ്ട്രീയ ചിത്രം കീഴ്‌മേല്‍ മറിഞ്ഞു. സിപിഎം വോട്ട് വിഹിതത്തില്‍ ഏറെ പിന്നാക്കം പോയി; കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷമായി. കേന്ദ്രഭരണത്തിന്റേതുള്‍പ്പെടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ബി ജെ പി മമതയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരുന്നു. മമതയുമായ് നേരിട്ട് ഏറ്റുമുട്ടിയ സിപിഎം നേതാക്കളും സാധാരണ പ്രവര്‍ത്തകരും തൃണമൂലിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ ഗത്യന്തരമില്ലാതെ ബിജെപിയിലേക്ക് ഒഴുകി; ധാരാളം ഏരിയാ കമ്മിറ്റി ഓഫിസുകളുടെ ചുമരുകളിലെ ചെഞ്ചായം മാഞ്ഞു, കുമ്മായം പൂശി കുങ്കുമവും പച്ചയും പകരം പതിക്കപ്പെട്ടു.

ബംഗാള്‍ പിടിച്ചടക്കുമെന്ന് മോദിയും അമിത്ഷായും പ്രഖ്യാപിച്ച പരീക്ഷണ നാളുകള്‍. എന്നാല്‍ എല്ലാ അടവും പുറത്തെടുത്തിട്ടും 2021-ല്‍ നൂറ് സീറ്റ് പോലും തികയ്ക്കാനായില്ല. സംഘപരിവാര്‍ രാഷ്ട്രീയത്തെ ബംഗാള്‍ ജനത പുറന്തള്ളി. അതോടെ മമതയ്‌ക്കെതിരായ വേട്ടയുടെ തീവ്രത കേന്ദ്രം കടുപ്പിച്ചു.

മമത കൈ പിടിക്കുമ്പോള്‍…:

മമത ബാനര്‍ജിയുമായ് വീണ്ടും കൈകോര്‍ക്കുമെങ്കില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റിലെ ധാരണയോ വിജയമോ മാത്രമാവില്ലെന്ന് വ്യക്തം. മാതൃപ്രസ്ഥാനത്തില്‍ നിന്ന് പലതവണയായി വിവിധ കാരണങ്ങളാല്‍ പടിയിറങ്ങേണ്ടിവന്നവരുടെ ജനിതക ഐക്യം കൂടിയാണ് യാഥാര്‍ത്ഥ്യമാവുക. ശരത് പവാര്‍ മാത്രമാണ് നിലവില്‍ യുപിഎയുടെ ഭാഗമായുള്ളത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവരുമായ് യോജിപ്പിന്റെ വേദികള്‍ തേടാനുള്ള സാധ്യത കൂടിയാണ് തുറക്കപ്പെടുന്നത്.

മഹാരാഷ്ട്രയില്‍ 48 ലോക്‌സഭാ സീറ്റും വിഭജനാനന്തര ആന്ധ്രയില്‍ 25 ലോക്‌സഭാ മണ്ഡലങ്ങളുമാണുള്ളത്. 80 പാര്‍ലമെന്റ് മണ്ഡലങ്ങളുള്ള യുപിയില്‍ തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച ചിത്രം ഇനിയും വ്യക്തമാകാനുണ്ട്. നാല്പതംഗങ്ങളെ അയക്കുന്ന ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ചേര്‍ന്ന യുപിഎ മുന്നണി ശക്തമാണ്. 39 സീറ്റുള്ള തമിഴ്‌നാട്ടിലും ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ അപ്രമാദിത്വം തുടരും. ഗുജറാത്ത് (26), കര്‍ണാടക (28), മധ്യപ്രദേശ് (29), രാജസ്ഥാന്‍ (25) തുടങ്ങിയ തന്ത്രപ്രധാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് ഏറ്റുമുട്ടുന്നത്; ഇതില്‍ കര്‍ണാടകയില്‍ മാത്രമാണ് മൂന്നാമത് ഒരു കക്ഷിയുടെ സാങ്കേതിക സാന്നിധ്യമെങ്കിലുമുള്ളത്. കേരളമുള്‍പ്പെടെ ഇരുപതും അതില്‍കുറവുമുള്ള മറ്റു സംസ്ഥാനങ്ങളിലും എന്‍ഡിഎയുടെ നില സുരക്ഷിതമല്ല. മമത യുപിഎയുടെ ഭാഗമായാല്‍ സിപിഎം ഉള്‍പ്പെടെയുള്ള അവരുടെ ബദ്ധവൈരികള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒറ്റപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

രാജീവ്ഗാന്ധിയുടെ കാലത്ത് ഇന്ദ്രപ്രസ്ഥത്തില്‍ ചിറകുവിരിച്ച മമത, വീണ്ടും പത്താംനമ്പര്‍ ജനപഥിന്റെ അതിഥിയാവുന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന സമാഗമമാകാം; സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രായോഗിക രാഷ്ട്രീയത്തിന്റെ രസതന്ത്രം ഒപ്പിയെടുത്ത മമതയുടെ വാക്കുകളില്‍ പ്രതീക്ഷ പ്രതിബിംബിക്കുന്നു: ” 2024 ലെ തെരഞ്ഞെടുപ്പ് രാജ്യവും മോദിയും തമ്മിലുള്ള പോരാട്ടമായിരിക്കും..!”

Related posts

Leave a Comment