മതിലുകളില്ലാത്ത മഹാനടൻ

അടൂർ ഗോപാലകൃഷ്ണൻ

‘വീക്ഷണ’ത്തിനു വേണ്ടി എ.ആര്‍ ആനന്ദ് അടൂരുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്..

കഥാപാത്രത്തിനു വേണ്ടി അഭിനയിക്കുന്ന നടനാണ് മമ്മൂട്ടി. നടനിലേക്ക് കഥാപത്രത്തെ ചേര്‍ത്തുവെക്കുകയല്ല, കഥാപാത്രം ആവശ്യപ്പെടുന്നത് എന്താണ് അതിലേക്ക് തന്റെ പ്രതിഭയെ സന്നിവേശിപ്പിക്കലാണ്  അദ്ദേഹത്തിന്റെ iശൈലി. അതുകൊണ്ടാണ് ശ്രദ്ധേയമായ സാഹിത്യകൃതികളിലെയും ചരിത്രത്തിലെയും കഥാപാത്രങ്ങളെ അദ്ദേഹത്തിന് നിഷ്പ്രയാസം അവതരിപ്പിക്കാന്‍ കഴിഞ്ഞത്. സ്വന്തം ശരീരത്തെയും ശബ്ദത്തെയും ഇത്രമാത്രം പരിപാലിക്കുന്ന മറ്റൊരു നടനില്ല. ശരീരവും ശബ്ദവും തന്റെ കഥാപാത്രങ്ങളുടെ പൂര്‍ണതക്ക് അനിവാര്യമാണെന്ന തിരിച്ചറിവ് മമ്മൂട്ടിക്കുണ്ട്. അതായത്, അദ്ദേഹം കഥാപാത്രത്തിന് വിധേയനാകുന്ന നടനാണ് എന്നു വിലയിരുത്താം.മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി എനിക്കൊപ്പം പ്രവര്‍ത്തിച്ചത്. അനന്തരം, മതിലുകള്‍, വിധേയന്‍ എന്നിവയാണത്. മൂന്നും വളരെ വ്യത്യസ്തമായ റോളുകളായിരുന്നു. അനന്തരത്തില്‍ നായകപ്രാധാന്യമുള്ള റോള്‍ അശോകനായിരുന്നു. എന്നാല്‍ നായക കഥാപാത്രത്തിൻ്റെ മൂത്ത സഹോദരനായി നായകതുല്യപ്രാധാന്യമുള്ള കഥാപാത്രത്തെ അവതിരിപ്പിക്കാന്‍ മമ്മൂട്ടിയെ പോലെ ശക്തനായൊരു നടന്‍ തന്നെ ആവശ്യമായിരുന്നു. അതിന് അദ്ദേഹം താല്‍പര്യം കാട്ടിയെന്നത് എനിക്ക് സന്തോഷമുളവാക്കി. നായകനായി തിളങ്ങിനില്‍ക്കുന്ന ഒരാള്‍ വേറിട്ടൊരു കഥാപാത്രത്തെ സ്വീകരിക്കാറില്ല. എന്നാല്‍ എന്നോടൊപ്പം ആ സിനിമ ചെയ്യാന്‍ അദ്ദേഹം തയാറായി. മതിലുകളിലും വിധേയനിലും കഥാപാത്രത്തെ നൂറ് ശതമാനം ഉള്‍ക്കൊണ്ടാണ് മമ്മൂട്ടി അഭിനയിച്ചത്. എന്റെ സിനിമകളില്‍ സാധാരണ ഒരു നടന്‍ ഒന്നിലധികം തവണ നായകനായി വരാറില്ല. എന്നാല്‍ മമ്മൂട്ടി മൂന്ന് സിനിമകളില്‍ വന്നു. അതില്‍ രണ്ടെണ്ണത്തിന് ദേശീയ പുരസ്‌കാരം കിട്ടി. അദ്ദേഹം അഭിനയിച്ച അംബേദ്കര്‍ എന്ന സിനിമ എന്റെ  സുഹൃത്ത് ജബ്ബാർ പട്ടേലാണ് ചെയ്തത്. അതിലേക്ക് മമ്മൂട്ടിയെ നിർദ്ദേശിച്ചത്  ഞാനാണ്. അതിലും അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ഞാനുമായി ബന്ധപ്പെട്ടതില്‍ സന്തോഷമുണ്ട്.സാധാരണ താരങ്ങളായിക്കഴിഞ്ഞാല്‍ ഒരു ടൈപ്പ് റോളുകളേ അവര്‍ ചെയ്യാറുള്ളൂ. അതില്‍ നിന്ന് മാറി വേഷം ചെയ്യാന്‍ അവര്‍ ഇഷ്ടപ്പെടില്ല. ചെയ്താല്‍ അവരുടെ താരപദവി പോകും, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നിങ്ങനെയുള്ള ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അത് സത്യവുമാണ്. ഫാന്‍സുകാര്‍ക്ക് ഇഷ്ടപ്പെടില്ല. പക്ഷേ, മമ്മൂട്ടി അങ്ങനെയല്ല. വിധേയനില്‍ തന്നെ ഏതാണ്ട് ഒരു വില്ലന്‍ എന്നു പറയാവുന്ന റോളാണ് മമ്മൂട്ടി ചെയ്തത്. അതില്‍ ഞാന്‍ മമ്മൂട്ടിയുടെ രൂപം തന്നെ മാറ്റി. മുടിയെല്ലാം പറ്റ വെട്ടി, പ്രത്യേക രീതിയിലുള്ള മീശ വെച്ചു, ആ സിനിമയില്‍ മുഴുവന്‍ ഒരു ഉടുപ്പ് മാത്രമാണ് നല്‍കിയത്. തോക്കും കൊണ്ട് നടക്കുന്ന ഒരു കഥാപാത്രം. അത്തരമൊരു വേഷം ചെയ്തതു തന്നെ അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്.അതിനൊരു കാരണമുണ്ട്. മമ്മൂട്ടി കാണുന്നത് നമ്മുടെ സിനിമകള്‍ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളും ലോകസിനിമയും ധാരാളമായി അദ്ദേഹം കാണും. അത് സിനിമയെ കുറിച്ച് അദ്ദേഹം കൂടുതലായി പഠിക്കുന്നതിനാണ്. അതൊകെ കൊണ്ടാണ് അഭിനയത്തോട് അദ്ദേഹത്തിന് വ്യത്യസ്തമായ സമീപനം ഉള്ളത്. എന്റെ കൂടെ ചെയ്ത വര്‍ക്കുകളിലെല്ലാം ഞാന്‍ പറയുന്നത് അതേപടി പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. താന്‍ ഇങ്ങനയേ ചെയ്യൂ എന്നൊരു കടുംപിടുത്തം മമ്മൂട്ടിക്കില്ല. എത്ര റീ ടേക്കിനും മമ്മൂട്ടി തയാറാകും.വളരെ കൃത്യനിഷ്ഠയുള്ള നടനാണ് മമ്മൂട്ടി. ശരീരത്തെ കൊണ്ട് ജോലി ചെയ്യിക്കാന്‍ എപ്പോഴും തയാറാണ്. അതാണ് ചില കഥാപാത്രങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍ മമ്മൂട്ടിയെ ഓര്‍മ്മ വരുന്നത്. മറ്റ് സിനിമകളില്‍ കിട്ടുന്ന പ്രതിഫലം ഞാന്‍ അദ്ദേഹത്തിന് നല്‍കിയിട്ടില്ല. അതിനുള്ള ബഡ്ജറ്റ് ഉണ്ടാകാറില്ല. എന്നാല്‍ അതിനോടൊന്നും ഒരിക്കലും അദ്ദേഹം പരിഭവം കാട്ടിയിട്ടില്ല. ഇത്ര പ്രതിഫലം വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിട്ടുമില്ല. ഒരു കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. രാജ്യത്തിനു പുറത്ത് മമ്മൂട്ടിയെ അറിയുന്നതിനും അദ്ദേഹത്തിന് മലയാളികള്‍ അല്ലാത്ത ആരാധകര്‍ ഉണ്ടായതിനും എന്റെ സിനിമകള്‍ കാരണമായിട്ടുണ്ട്.എപ്പോഴും നമ്പാവുന്ന ആളാണ് മമ്മൂട്ടി. പറയുന്ന വാക്ക് പാലിക്കും. ഒപ്പമുള്ളവരല്ല തീരുമാനമെടുക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അദ്ദേഹത്തിന്റേത് മാത്രമാണ്. അതോടൊപ്പം മമ്മൂട്ടി നല്ലൊരു കുടുംബനാഥനാണ്. നല്ല രണ്ട് മക്കളാണ്. മക്കളെ നന്നായി വളര്‍ത്തി. അദ്ദേഹത്തിന്റെ ഭാര്യയും അതുപോലെ തന്നെയാണ്. മമ്മൂട്ടിയെ പോലെ ഇത്രയധികം കാലം നായകനായി നിറഞ്ഞുനിന്ന മറ്റൊരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ല. നടന്‍ എന്ന നിലയില്‍ തന്റെ ചുമതല എന്തെന്ന് അറിയാവുന്ന കലാകാരനാണ് മമ്മൂട്ടി. പലരും സിനിമയെടുക്കുന്നത് മമ്മൂട്ടി ഡേറ്റ് കൊടുക്കുന്നതു കൊണ്ടാണ്. പക്ഷേ, മമ്മൂട്ടി കഥാപാത്രങ്ങളുടെ ആവശ്യത്തിനനുസരിച്ചാണ് അഭിനയിക്കുന്നത്. കഥാപാത്രത്തിന് വഴങ്ങുകയാണ് അദ്ദേഹം ചെയ്യുന്നത്. പിന്നീട് അതേക്കുറിച്ച് അദ്ദേഹം അഭിപ്രായം പറയില്ല.മലയാളിയുടെ പുരുഷ സങ്കല്‍പ്പങ്ങളില്‍ നേരത്തെ സത്യനും പിന്നീട് 1980കള്‍ മുതല്‍ മമ്മൂട്ടിയുമാണ്. ഏതൊരു കഥാപാത്രത്തെയും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിയും. ഒരു തികഞ്ഞ അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടി എന്നോട് പൂര്‍ണമായി നീതി പുലര്‍ത്തിയിട്ടുണ്ട്. എന്റെ കഥാപാത്രങ്ങളില്‍ ഞാന്‍ ആവശ്യപ്പെടുന്നത് അദ്ദേഹം നല്‍കിയിട്ടുണ്ട്. മമ്മൂട്ടിയുമായി വ്യക്തിപരമായി ഇപ്പോഴും നല്ല അടുപ്പമാണ് കാത്തുസൂക്ഷിക്കുന്നത്. അദ്ദേഹത്തിന് കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ ഇടയാകട്ടെയെന്നു കൂടി ഈ അവസരത്തില്‍ ആശംസിക്കുന്നു.

Related posts

Leave a Comment