മാലിക്കും ചില വിശുദ്ധ പാപങ്ങളും


സന്തോഷ്‌ ചുങ്കത്ത്

2009 മേയ് 17 ന് തിരുവനന്തപുരം ബീമാപള്ളിയില്‍ കേരള പോലീസ് തദ്ദേശീയരായ ജനങ്ങള്‍ക്ക് നേരെ ഭ്രാന്തുപിടിച്ചത് പോലെ വെടിവച്ചു. ആറു പേരുടെ ജീവന്‍ നഷ്ടമായി. സംഭവ സ്ഥലത്ത് വച്ച് 4 പേരും പിന്നീട് 2 പേരും. 50 ലേറെപ്പേര്‍ക്ക് മാരകമായി പരിക്കേറ്റു. 70 റൌണ്ട് വരെ വെടിവച്ചുവെന്നു പോലീസും, ഉണ്ട തീരുന്നതുവരെ വെടിവച്ചെന്നു PUCL ന്റെ വസ്തുതാന്വേഷണ ടീമും പറയുന്നു.
അന്നത്തെ സര്‍ക്കാര്‍ – ഇടതുപക്ഷത്തിന്റെതായിരുന്നു. മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, വി. സുരേന്ദ്രന്‍ പിള്ള എന്ന ഇടതുപക്ഷ എം എല്‍ എ യാണ് ആ പരിസരത്തെ ജനപ്രതിനിധി. ജേക്കബ് പുന്നൂസാണ് സംസ്ഥാനത്തെ ഡിജിപി, ജില്ലാ കലക്റ്റര്‍ സഞ്ജയ്‌ കൌള്‍, സബ് കലക്റ്റര്‍ കെ. ബിജു. സിറ്റിപോലീസ് കമ്മീഷണര്‍ എ വി ഗോപിനാഥും ദക്ഷിണമേഖല ഐ ജി യും അവധിയിലായതിനാല്‍ സിറ്റി അസി.കമ്മീഷണര്‍ ആയ എ .വി ജോര്‍ജ്ജാണ് അവിടെയുണ്ടായിരുന്ന ഉന്നത പോലീസ് മേധാവി. അയാള്‍ വലിയതുറയില്‍ കേമ്പ് ചെയ്യുന്നുമുണ്ടായിരുന്നു. ശംഖുമുഖം അസി. കമ്മീഷണര്‍ സുരേഷ് കുമാറും, ഡി സി ആര്‍ ബി ഷറഫുദീനുമാണ് ജനത്തിന് നേരെ നിറയൊഴിയ്ക്കാന്‍ പോലീസിന് കല്പന കൊടുത്തത്. കലാപകാരികളായിരുന്നു ജനമെന്നും റോക്കറ്റ് ലോഞ്ചരും ഗ്രനേഡും ബോംബുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചു അവര്‍ പോലീസിനെ നേരിട്ടു എന്നുമുള്ള നുണകള്‍ മുഖ്യധാര മാധ്യമങ്ങളും ദേശാഭിമാനി അടക്കമുള്ള പാര്‍ടി പത്രങ്ങളും വാര്‍ത്ത കൊടുത്തു. സസ്പെന്‍ഷനിലായ 4 പോലീസുകാരെയും പിന്നീട് പക്ഷെ, തിരിച്ചെടുത്തു. കൊല്ലപെട്ടവര്‍ക്കും മരിച്ചു ജീവിയ്ക്കുന്ന മനുഷ്യര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഭരണകൂടം നല്‍കിയ വാഗ്ദാനങ്ങള്‍ തിരയില്‍ മാഞ്ഞുപോയ എഴുത്തുപോലെ പില്‍ക്കാലത്ത് അപ്രസക്തമായി മാറി. കൊല്ലപെട്ടവരില്‍ 15 വയസുള്ള ഒരു ചെറുബാല്യക്കാരനുമുണ്ടായിരുന്നു. പത്തേക്കറില്‍ ക്രിക്കെറ്റ് കളിച്ചുകൊണ്ട് നിന്ന ആ പയ്യനും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അവന്റെ മൃതദേഹം കടപ്പുറത്തുകൂടെ കാലില്‍ വലിച്ചുകൊണ്ടുപോകുന്ന പോലീസിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയുടെ വിഡിയോ ഇപ്പോഴും യുടുബില്‍ ലഭ്യമാണ്.
പക്ഷെ മഹേഷ്‌ നാരായണന്‍ എന്ന സിനിമാ സംവിധായകന് ഇതൊന്നും അങ്ങനെയല്ല തിരിഞ്ഞത്.
പുള്ളിക്കാരനൊരു സിനിമ പിടിച്ചു… കഥയെഴുതി, സംവിധാനം ചെയ്തു പിന്നെ അത് എഡിറ്റും ചെയ്തു: മാലിക്
അനന്തരം ഇരകള്‍ വേട്ടക്കാരായി മാറി.
സ്ഥലം എം എല്‍ എ IUML അഥവാ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നോട് സാദൃശ്യം തോന്നുന്ന IUIF പാര്‍ട്ടിക്കാരന്‍ . പച്ച കൊടി തലങ്ങും വിലങ്ങും വീശി മൊത്തത്തില്‍, ക്രൂരന്‍ ലുക്കുള്ള അബൂബക്കര്‍ എന്ന എമ്മല്ലേ-മന്ത്രി. ഭരിയ്ക്കുന്നത് അയാളുടെ മുന്നണി – ഏത്, പച്ചകൊടി പാറിയ്ക്കുന്ന മുസ്ലീം ലീഗും കൂടെ ഒപ്പമുള്ള യു ഡി എഫ് മുന്നണി.
കൊമ്പ് ഷിബു എന്ന ക്രിമിനല്‍ സിനിമയില്‍ ഡേവിഡ് എന്ന, ഫലത്തില്‍ സാധുവായ മണ്ടന്‍; ആര്‍ക്കും സ്വാധീനിയ്ക്കാവുന്ന – മാനിപ്പുലേറ്റ് ചെയ്യാനാവുന്ന ഒരു കഥാപാത്രം മാത്രമാണ്.
ഇതൊരു ചരിത്ര സംഭവമാണെന്ന് താന്‍ എവിടെയും പറയുന്നില്ല എന്ന ന്യായമാണ് മഹേഷ്‌ നാരായണന്‍ മുന്നോട്ട് വയ്ക്കുന്നത്. ആ അര്‍ത്ഥത്തില്‍ പറയുമ്പോള്‍ നിഷ്കളങ്കമെന്നു വ്യാഖ്യാനിയ്ക്കാവുന്ന തലത്തില്‍ അത് ശരിയാണല്ലോ എന്ന് കേള്‍ക്കുന്നവന് തോന്നിപോകും. എന്നാല്‍ മഹേഷും അയാളുടെ വാദമുഖങ്ങളും അത്രമേല്‍ നിഷ്കളങ്കമല്ല എന്ന് പറയേണ്ടതുണ്ട്. താന്‍ ഒരു ഇടതുപക്ഷ അനുഭാവിയാണ് എന്ന് തുറന്നു സമ്മതിയ്ക്കുന്ന മഹേഷ്‌ പക്ഷെ, സിനിമയില്‍ ഒരിടത്തും ഒരു ചെങ്കൊടി കാണിയ്ക്കാന്‍ ധൈര്യപ്പെടുന്നില്ല. കേരളത്തില്‍ വേറെ ഒരു പാര്‍ട്ടിയോ മുന്നണിയോ ഇല്ലാത്ത തരം അത്രമേല്‍ കണിശമായി പച്ച കൊടിയും മുസ്ലീം കഥാപാത്രങ്ങളും പ്രതി സ്ഥാനത്ത് നില്‍ക്കുന്ന തരം ഒരു ഒളിച്ചുകടത്തല്‍.
പോലീസ് മാത്രമാണ് ഇതിന്നുത്തരവാദി എന്നൊക്കെ , സിനിമാവസാനം സംവിധായകന്‍ പറയുന്നുണ്ടെങ്കിലും പോലീസിനു മാത്രമായി ഒരു ജനാധിപത്യ സംവിധാനത്തില്‍ എന്ത് നിലനില്പാണ് ഉള്ളതെന്ന് ചോദിച്ചാല്‍ മഹേഷ്‌ എന്തുത്തരം പറയുമോ ആവോ ? ഒരേ സമയം സ്റ്റേറ്റ്ന്റെ പ്രതിനിധിയും മര്‍ദ്ടനോപകരണവും സ്റ്റേറ്റ് തന്നെയുമാണ് പോലീസ് എന്ന് അറിയാത്തയാളല്ലല്ലോ സംവിധായകന്‍. അതിന് നിര്‍ദ്ദേശം നല്‍കുന്ന ഒരു പോലീസ് മന്ത്രിയുണ്ടാകും, മന്ത്രിസഭയും മുഖ്യമന്ത്രിയും, കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മുന്നണിയും ഉണ്ടായിരിയ്ക്കും. പക്ഷെ അബദ്ധത്തില്‍ പോലും അത്തരം സൂചനകള്‍ സിനിമയില്‍ വരാതിരിയ്ക്കാന്‍ സംവിധായകന്‍ ശ്രദ്ധാലുവായിട്ടുണ്ട്. അത്തരം കൊമ്പ്രമൈസുകള്‍ തന്നെയാണ് വലിയ കേന്‍വാസും മികച്ച നടീ- നടന്മാരും മറ്റ് ഉപദംശങ്ങളും ഉണ്ടായിട്ടും, തിരക്കഥാ പോരായ്മയില്‍ മാലിക് എന്ന സിനിമ പകച്ചുനില്‍ക്കുന്നത്. കൊടിയെരിയെന്ന ആഭ്യന്തര മന്ത്രിയോ, അച്ചുതാനന്ദന്‍ സര്‍ക്കാരോ, സിപിയെമ്മോ, എല്‍ ഡി എഫ് മുന്നണിയോ , സുരേന്ദ്രന്‍ പിള്ളയെന്ന ഇടതുപക്ഷ ജനപ്രതിനിധിയോ ചിത്രത്തില്‍ പ്രതികളാകുന്നില്ല എന്നല്ല , പ്രതിപാദ്യ വിഷയമേ ആകുന്നില്ല. പകരം മുസ്ലീം ബിംബങ്ങള്‍ സദാസമയം പ്രതിസ്ഥാനത്ത് നില്‍ക്കുവാന്‍ സംവിധായകന്‍ ശ്രദ്ധിയ്ക്കുന്നുമുണ്ട്. അപ്പോള്‍ ഇത് കേവലം ആവിഷ്ക്കാര സ്വാതന്ത്ര്യമോ താന്‍ ‘ബീമാപള്ളി എന്ന് ഒരിടത്തും പരാമര്ശിച്ചിട്ടില്ലായെന്ന’ സംവിധായകന്റെ കുയുക്തികയൊ ഒന്നും പൊതു ജനം അന്ഗീകരിച്ചുതരില്ല.
ചരിത്രമല്ല താന്‍ പറയുന്നതെന്ന് സംവിധായകന്‍ പറയുമ്പോള്‍ അത് വിശ്വസിയ്ക്കെണ്ടുന്ന ബാധ്യത ജനത്തിനുണ്ടെന്നും, ചരിത്രം പഠിപ്പിയ്ക്കലല്ല സിനിമയുടെ ബാധ്യത എന്നൊക്കെയുള്ള ഇടതുപക്ഷ സഹയാത്രികരുടെ വാദങ്ങള്‍ എത്രമേല്‍ പരിഹാസ്യമാണ്. അങ്ങനെയെങ്കില്‍ പുന്നപ്ര വയലാര്‍ സംഭവമെന്ന് തോന്നുന്ന വിധത്തില്‍ ഒരാള്‍ ഇവിടെ സിനിമ നിര്‍മ്മിയ്ക്കുകയും സര്‍ സിപി എന്ന് തോന്നിയ്ക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരത്തെ കമ്യുനിസ്ട്ടു സര്‍ക്കാര്‍ തോക്കുക്കൊണ്ട് നേരിട്ടെന്നും’ പറഞ്ഞുവച്ചാല്‍ ഈ വിദ്വാന്മാരോക്കെ എങ്ങനെയാണ് പ്രതികരിയ്ക്കുക എന്നൊന്ന് ഊഹിച്ചാല്‍ തീരുന്ന പ്രശ്നമേ ഇതിലുള്ളൂ. അതുകൊണ്ട് തന്നെയാണ് ‘മാലിക്’ – ‘ഒരു മെക്സിയ്ക്കന്‍ അപാരതയുടെ’ തുടര്‍ച്ചയാണ് എന്ന് ഒമര്‍ ലുലു അഭിപ്രായപെട്ടപ്പോള്‍ അത് ചിലര്‍ക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയത്.
രാഷ്ട്രീയം ഒളിച്ചു കടത്തുമ്പോള്‍
കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തനം എന്ന് വച്ചാല്‍ അത് ഇടതുപക്ഷ പ്രവര്‍ത്തനം എന്ന രീതിയില്‍ ആയിട്ട് കാലമേറെയായി. അങ്ങനെ ഇടത് പ്രസ്ഥാനങ്ങള്‍ മഹത്വവല്‍ക്കരിയ്ക്കപെടുകയും മറ്റുള്ളവയെല്ലാം പൊതുവില്‍ ‘വലതു പക്ഷം ‘ എന്ന് മുദ്രകുത്തപ്പെടുകയും ചെയ്തു. അത്തരം സാംസ്കാരിക ചാപ്പകുത്തലില്‍ പ്രധാന പങ്കുവഹിച്ച ഒന്നാണ് മലയാള സിനിമ. പക്ഷെ നാളിതുവരെയുള്ള കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും അപ്പുറം അത് ഈയിടെയായിട്ട് ചരിത്രത്തില്‍ നുണ കലര്‍ത്തി ആര്‍ട്ട് ആയും കച്ചവടമായും വില്പന തുടങ്ങിയിട്ടുണ്ട്. അങ്ങനെ വരുന്ന മെക്സിയ്ക്കന്‍ അപാരതകളും, മാലിക്കുമാരും കൊണ്ടാടപ്പെടുകയും , അതിന് വിരുദ്ധമായ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ മോഡലുകള്‍ നിശ്ബ്ദമാക്കപ്പെടുകയോ സംഘടിത ആക്രമണത്തിന് വിധേയമാകുകയോ ചെയ്യപ്പെടുന്നു.
ഇങ്ങനെ സ്ഥിരം ആക്രമിയ്ക്കപെടുന്നത് കൊണ്ഗ്രസ്സും അതിന്റെ പരമ്പരാഗത സഖ്യകക്ഷികളുമാണ് എന്നതാണ് സത്യം. ഇടത് എന്നാല്‍ നന്മയും കോണ്ഗ്രസ് എന്നാല്‍ തിന്മയും എന്ന രീതിയിലാണ് പൊതുവേ അതിന്റെ ഒരു ചിത്രീകരണ രീതി.
കേരളത്തില്‍ ഇടത് സാംസ്ക്കാരിക വേദികളിലും സാമുഹ്യ മാധ്യമങ്ങളിലും മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം – മൂരികള്‍ എന്ന് പരിഹസിയ്ക്കപ്പെടുകയും, അവരുടെ യോഗങ്ങള്‍ ബിരിയാണി തിന്നുവാനുള്ള വേദികളും മാത്രമാണെന്നൊരു പരിഹാസം നിലവിലുണ്ടല്ലോ.
കൊണ്ഗ്രസ്സോ അതിന്റെ പോഷക സംഘടനകളോ പൊതുവേ ‘കഞ്ഞിക്കുഴി സതീശന്മാരും അഴിമതിക്കാരും’ എന്ന രീതിയിലായിരിയ്ക്കും പാത്രസൃഷ്ടികള്‍.
മുത്തങ്ങയിലെ ആദിവാസികള്‍ക്ക് നേരെ നടന്ന വെടിവെപ്പ് എ കെ. ആന്റണിയുടെ തലയില്‍ വരും എന്നാല്‍ ബീമാപള്ളി വെടിവെപ്പ് കൊടിയെരിയ്ക്കറിയില്ല. രാജന്‍ വധക്കേസില്‍ കരുണാകരന്‍ പ്രതിസ്ഥാനത്താണ്. പക്ഷെ ‘തന്റെ മകനെ അന്വേഷിയ്ക്കാന്‍ ഒരു തോര്‍ത്തുമുണ്ടും തോളിലിട്ട്‌ ഞാന്‍ പോലീസ് സ്റ്റേഷനുകള്‍ തോറും കയറിയിറങ്ങാം’ എന്ന് ഈച്ചരവാര്യരെ ആക്ഷേപിച്ച മുഖ്യമന്ത്രി അച്യുതമേനോന്‍ സാത്വികനും യോഗ്യനുമാകും. നക്സല്‍ വേട്ടയില്‍ കരുണാകരനും കൊണ്ഗ്രസ്സും പ്രതിസ്ഥാനത്ത് വരുമ്പോള്‍, പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ മാവോയിസ്റ്റ് വേട്ടയും കൊലപാതകങ്ങളും പിണറായി വിജയനെയും സിപിയെമ്മിനെയും ഒഴിവാക്കി വിടും. ആന്റണി കപട ആദര്‍ശവാദിയാകുന്നതും അച്ചുതാനന്ദന്‍ ആദര്‍ശ പുരുഷനാകുന്നതും ഇതേ മാനദണ്ഡം വച്ച് തന്നെയാണ്. പറഞ്ഞുവരുന്നത്, സിപിയെമ്മിനും ഇടതുപക്ഷത്തിനും കിട്ടുന്ന സാംസ്കാരിക പ്രിവിലേജും ഇമ്മുനിറ്റിയും മറ്റാര്‍ക്കും കേരളത്തില്‍ ലഭ്യമല്ല. അതാണതിന്റെ രീതിശാസ്ത്രം.
ഇതിനെല്ലാം പുറമെയാണ് ഇടത്പക്ഷ രാഷ്ട്രീയത്തെ വെള്ളപൂശാനും മഹത്വവല്‍ക്കരിയ്ക്കാനുമായി അതാത് തിരഞ്ഞെടുപ്പ് കാലങ്ങളില്‍ പടച്ചുണ്ടാക്കുന്ന അപൂര്‍വ്വ സിനിമാ സൃഷ്ടികള്‍. ഉദാ: ഓഗസ്റ്റ് 15 (2011 – നിയമസഭ തിരഞ്ഞെടുപ്പ്) One (2021 നിയമസഭ തിരഞ്ഞെടുപ്പ്) എന്നിവ.
പക്ഷെ, ചരിത്രത്തെ തീര്‍ത്തും കീഴ്മേല്‍ മറിച്ചുകൊണ്ടുള്ള മാലിക്ക് സിനിമകള്‍ വലിയ ചതിയാണ് കേരളീയ പൊതുസമൂഹത്തോട് ചെയ്യുന്നത്. ബീമാപള്ളി വെടിവെപ്പ്, അന്ന് നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യാന്‍ മടിയ്ക്കുകയും , അതിന്റെ രേഖകള്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റിടങ്ങളിലും പില്‍ക്കാലങ്ങളില്‍ അപ്രത്യക്ഷമാകുകയോ എഡിറ്റ് ചെയ്യപ്പെടുകയോ തീര്‍ത്തും ഇല്ലാതാവുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. കലാപം അന്വേഷിച്ച ജസ്റ്റിസ് രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് പോലും വെളിച്ചം കണ്ടില്ല. അതുകൊണ്ട് തന്നെ വരും കാലങ്ങളില്‍ ബീമാപള്ളി വെടിവെപ്പിന്റെ ഒരു റെഫെറന്‍സ് ആയി പോലും പരിഗണിയ്ക്കപ്പെടാന്‍ വഴിയുള്ള ഒരു സിനിമയായി മാലിക് മാറിയേയ്ക്കാം. അതുകൊണ്ട് തന്നെ അതിലെ അപകടവും അതിന്റെ പിറകിലുള്ള സാംസ്കാരിക ഗൂഡോദ്ദേശ്യവും വെളിച്ചത്ത് വരേണ്ടതുണ്ട്.
വെടിവെപ്പും രാഷ്ട്രീയവും
ഒന്നാം UPA സര്‍ക്കാരിനുള്ള പിന്തുണ സിപിഎം അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ പിന്‍വലിച്ചിട്ടും സര്‍ക്കാര്‍ തുടര്‍ന്നു. പിന്നീട് നടന്ന പാര്ലമെന്റ്റ് തിരഞ്ഞെടുപ്പ് രണ്ടാം UPA സര്‍ക്കാരിനുള്ള വിധിയെഴുത്തായി. ന്യൂനപക്ഷങ്ങളുടെ ഒരു കണ്‍സോളിഡേഷന്‍ പൊതുവില്‍ UDF ന് അനുകൂലമായിരുന്നു ആ തിരഞ്ഞെടുപ്പില്‍. 2009 മേയ് 16 ന് പുറത്തുവന്ന തിരഞ്ഞെടുപ്പ് വിധിയില്‍ 16ഓളം സീറ്റുകള്‍ നേടി UDF വലിയ വിജയം (2004ല്‍ 18 സീറ്റുകള്‍ LDF ന്) കരസ്ഥമാക്കിയതിന്റെ പിറ്റേന്നാണ് ബീമാപള്ളി വെടിവെപ്പ് നടന്നതെന്നത് കേവലം യാദൃശ്ചികം മാത്രമാണോ? അതും പൊലീസിനെതിരെ പില്‍ക്കാലത്ത് വലിയ വിമര്‍ശനങ്ങള്‍ വരുത്തിയ, പോലീസ് ആസൂത്രണം ചെയ്ത കലാപം’ എന്ന് പോലും വിളിയ്ക്കപെട്ട ബീമാപള്ളി വെടിവെപ്പ്. ഇത്രയും വിശദാംശങ്ങള്‍ സത്യമായി നിലനില്‍ക്കുമ്പോഴാണ് തീര്‍ത്തും നിഷ്കളങ്കമായെന്നവണ്ണം മഹേഷ്‌ നാരായണന്‍ ‘ മാലിക്കിലൂടെ’ സിപിയെമ്മിനെയും കോടിയേരി ബാലകൃഷ്ണന്‍ എന്ന അന്നത്തെ ആഭ്യന്തര മന്ത്രിയെയും തന്ത്രപൂര്‍വ്വം വെള്ളപൂശുന്നത്.
മഹേഷ്‌ നാരായണനും ഇസ്ലാമോഫോബിയയും
Take Off’ആണ് മഹേഷ്‌ നാരായണന്റെ ആദ്യ സിനിമ. സിനിമയിലെ ചില രംഗങ്ങള്‍ ഇസ്ലാമോഫോബിക് ആണെന്ന ഒരു വിമര്‍ശനം അക്കാലത്ത് ഉണ്ടായപ്പോള്‍, അതിലെ നായികാ നടിയായ പാര്‍വതി തിരുവോത്ത് ആ സിനിമയില്‍ അഭിനയിയ്ക്കാന്‍ എടുത്ത തന്റെ തീരുമാനത്തില്‍ ചില സംശയങ്ങള്‍ പ്രകടിപ്പിയ്ക്കുകയുണ്ടായി. അതിനെ വിമര്ശിച്ചുക്കൊണ്ട് പിന്നീട് ഏതൊ ഒരു സ്വകാര്യ യുടുബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മഹേഷ്‌ നാരായണന്‍ പാര്‍വതിയുടെ അഭിപ്രായ പ്രകടനത്തെ നിശിതമായി വിമര്ശിയ്ക്കുന്നുണ്ട്. പാര്‍വതിയ്ക്ക് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ലാന്ന് വരെ അദ്ദേഹം പറയുന്നുണ്ട്.
Take off വാസ്തവത്തില്‍ രാജേഷ്‌ പിള്ള എന്ന സംവിധായകന്റെ പ്രോജക്റ്റ് ആയിരുന്നു. ട്രാഫിക്’ എന്ന ട്രെന്‍ഡ് സെറ്റെര്‍ സിനിമയുടെ സംവിധായകനാണ് പിള്ള. ട്രാഫിക് എന്ന സിനിമയില്‍ ഹൃദയവുമായി പോകുന്ന ആംബുലന്‍സിന്റെ മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്താന്‍ ഇടയുള്ളതായിട്ടു സിനിമയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ വേഷം ചെയ്യുന്ന അനൂപ്‌ മേനോന്‍ കണ്ടെത്തുന്ന പ്രധാന പ്രശ്നം ‘ബിലാല്‍ കോളനിയാണ്. “മൈനോരിറ്റി വളരെ സ്ട്രോങ്ങ്‌ ആണ് അവിടം. പണ്ട് വ്യാജ സിഡി സെര്‍ച്ചുമായി ബന്ധപ്പെട്ട് പോലീസ് വെടിവെപ്പുണ്ടായ ഇടം.” ബിലാല്‍ കോളനിയെ ബീമാപള്ളിയുമായി ബന്ധിപ്പിയ്ക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഒന്നുകൂടെ വ്യക്തമാകും.
രാജേഷിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ്‌ സുഹൃത്തും എഡിറ്ററുമായ മഹേഷ്‌ നാരായണന്‍ Take Off ന്റെ സംവിധായകനാകുന്നത്. സിനിമകളിലെ ബിലാല്‍ കോളനിയും റമദാ പള്ളിയുമൊക്കെ കലാപവും കള്ളക്കടത്തും സ്വഭാവമാക്കിയ മൈനോരിറ്റിയുടെ ഇടുങ്ങിയ ഇടങ്ങളാണ്. ഒരു പക്ഷെ ബീമാപള്ളി മാര്‍ക്കെറ്റ് എന്ന് കേള്‍ക്കുമ്പോള്‍ പൊതുജനത്തിനുണ്ടാകാവുന്ന ഒരു കാഴ്ചപ്പാടും ഇതൊക്കെ തന്നെയാണ്. അത്തരം ചിന്താ മോഡലുകള്‍ രൂപപ്പെടുത്തുന്നതില്‍ ഈ സിനിമകള്‍ക്ക് ചെറുതല്ലാത്ത പങ്കുമുണ്ട്.
മാലിക്കിലും അത്തരം മോഡലുകള്‍ സുലഭമാണ്. സുനാമി ഉണ്ടായപ്പോള്‍ ബീമാപള്ളി പൊതുജനത്തിന് തുറന്നു കൊടുത്തില്ലായെന്ന സൂചനയും മറ്റുമൊക്കെ അതില്‍ നിന്നാണ് വരുന്നത്. കള്ളക്കടത്തും സമാന്തര ഭരണ സംവിധാനവുമോക്കെയായി വല്ലാത്തൊരു അധോലോക കാഴ്ചയായാണ് ബീമാപള്ളി ജീവിതങ്ങളെ മഹേഷ്‌ നാരായണന്‍ കാണിച്ചു തരുന്നത്. മറ്റൊരു രാഷ്ട്രീയ പാര്‍ടിയുടെയും കൊടികളോ സൂചനകളോ അബദ്ധത്തില്‍ പോലും കടന്നുവരാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുന്ന സംവിധായകന്‍ അവിടെയെല്ലാം – ലീഗിനെയും – മുസ്ലീം വിഭാഗത്തെ ആകെ തന്നെയും പ്രതിക്കൂട്ടിലാക്കാനും, വെടിവെപ്പിനെ ന്യായീകരിയ്ക്കാനും തന്റെ രാഷ്ട്രീയ നിലപാടിനെ ആ തെറ്റില്‍ നിന്ന് മറച്ചുപിടിയ്ക്കാനും വെറുതെ കിടന്ന് വെള്ളം കോരുകയും വിറകു വെട്ടുകയും ചെയ്യുന്ന അപഹാസ്യമായ കാഴ്ചയാണ് മാലികില്‍ നാം കാണുക.
എല്ലാം കഴിഞ്ഞ്, അന്‍വര്‍ എന്ന സബ്കലക്ട്ട്ര്‍ (ജോജു) ‘അവിടെ സമുദായങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷവും ഉണ്ടായിരുന്നില്ല എന്നും കലാപവും വെടിവെപ്പും പോലീസിന്റെ പിടിപ്പുകേടാണ്’ എന്നും വാല്‍ക്കഷണമായി പറഞ്ഞുവയ്ക്കുന്നത്, ഇരുമ്പുലയ്ക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിയ്ക്കുന്നത് പോലെയായി എന്ന് മാത്രം.
മാലിക് എന്ന അറബിക് പദത്തിന് ഉടമസ്ഥന്‍-യജമാനന്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്. കലാപാനന്തരം നടക്കുന്ന കുടിയിറക്കപെടലുകള്‍ കാണുമ്പോള്‍ കലാപങ്ങള്‍ ആരൊക്കെയോ ആസൂത്രണം ചെയ്തവയാണെന്നു നമുക്ക് ന്യായമായും സംശയിയ്ക്കാവുന്ന കാര്യമാണ്. അത്തരം വായനയും മാലിക് അര്‍ഹിയ്ക്കുന്നുണ്ട്, ശരിയാണ്. പക്ഷെ ചില വ്യക്തിപരമായ അജണ്ടകള്‍ മഹേഷ്‌ നാരായണന്‍ എന്ന സംവിധായകനെ വഴിതെറ്റിച്ചു വിട്ടു എന്നുള്ളത് ഖേദകരമാണ്.
പക്ഷെ ഒരു കാര്യത്തില്‍ നമ്മള്‍ മഹേഷിനോടും മാലിക്കിനോടും കടപ്പെട്ടിരിയ്ക്കുന്നു. പൊതുസമൂഹത്തില്‍ ചില ഒത്തുതീര്‍പ്പലുകള്‍ക്ക് വിധേയമായി ചാരം മൂടിക്കിടന്ന നീതിക്കേടിന്റെ ഒരു ചരിത്രം വീണ്ടും വെളിച്ചത്ത് വരാനും ചര്ച്ചയാക്കപ്പെടുവാനും അതിലെ പ്രതികള്‍ ആരെന്ന് കൂടുതല്‍ വ്യക്തമാകുന്നതിനും ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ച ഉപകരിച്ചു. ബീമാപള്ളി വെടിവെപ്പ് മാത്രമല്ല, സകല കലാപങ്ങളിലും കൊല്ലപ്പെടുന്നത് വെറും മനുഷ്യരാണെന്നും, അവര്‍ക്ക് തങ്ങള്‍ കൊന്നതും മരിച്ചതും എന്തിനാണെന്ന് പോലും അറിയാന്‍ കഴിയാറില്ലെന്നുമുള്ള വേദനിപ്പിയ്ക്കുന്ന അറിവ്, ഒപ്പം തിരശീലയ്ക്ക് മറവില്‍ നിന്ന് ഇതെല്ലാം ഓര്‍ക്കെസ്ട്രേഷന്‍ ചെയ്യുന്ന സാമൂഹിക വിരുദ്ധ ശക്തികളെ കുറിച്ചു ജാഗ്രതയുള്ളവരായിരിയ്ക്കാനും കൂടി ഈ സിനിമ നമ്മളെ സഹായിയ്ക്കുന്നുണ്ട്. അതൊരു ചെറിയ കാര്യമല്ലല്ലോ.

Related posts

Leave a Comment