ഏഴിമല നാവിക അക്കാദമിയിൽ 231 ട്രെയിനികൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി ; ഇന്ത്യ തന്റെ രണ്ടാമത്തെ വീടെന്ന് മാലദ്വീപ് പ്രതിരോധമന്ത്രി

കണ്ണൂർ: ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടന്ന പ്രൗഡഗംഭീരമായ പാസിങ് ഔട്ട് പരേഡിലൂടെ 231 ട്രെയിനികൾ വിജയകരമായി പരിശീലനം പൂർത്തീകരിച്ച് ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി. മുഖ്യാതിഥിയായി പങ്കെടുത്ത മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദി അഭിവാദ്യം സ്വീകരിച്ച് പരേഡ് പരിശോധിച്ചു. ഇന്ത്യ തന്റെ രണ്ടാമത്തെ വീടാണെന്ന് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കി മരിയ അഹമ്മദ് ദീദി പറഞ്ഞു. മികച്ച വിജയം നേടിയ കാഡറ്റുകൾക്കുള്ള മെഡലുകളും അവർ സമ്മാനിച്ചു.
ബി.ടെക് ബിരുദം പൂർത്തിയാക്കിയ 123 മിഡ്ഷിപ്പ്‌മെൻ, നേവൽ ഓറിയന്റേഷൻ കോഴ്‌സ് എക്‌സ്റ്റെൻഡഡ്, നേവൽ ഓറിയന്റേഷൻ കോഴ്‌സ് റെഗുലർ, നേവൽ ഓറിയന്റേഷൻ കോഴ്‌സ് കോസ്റ്റ് ഗാർഡ് എന്നിവ പൂർത്തിയാക്കിയ കേഡറ്റുകൾ എന്നിവരാണ് പാസിംഗ് ഔട്ട് പരേഡിൽ വാളും തോക്കുമേന്തി അഭിമാനപൂർവ്വം ചുവടുവെച്ചത്. സതേൺ നേവൽ കമാൻഡ് കമാൻഡിംഗ് ഇൻ ചീഫ് ഫ്‌ളാഗ് ഓഫീസർ വൈസ് അഡ്മിറൽ അനിൽ കുമാർ ചൗളയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
ഇന്ത്യൻ നേവൽ അക്കാദമി ബിടെക് കോഴ്‌സിനുള്ള പ്രസിഡന്റിന്റെ സ്വർണ മെഡലിന് മിഡ്ഷിപ്പ്മാൻ രഞ്ജൻകുമാർ സിങ് അർഹനായി. ബി.ടെക്കിന്റെ ചീഫ് ഓഫ് നേവൽ സ്റ്റാഫ് വെള്ളിമെഡലിന് കാവിഷ് കൻകരൻ, ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വെങ്കല മെഡലിന് സ്വപ്നിൽ ശിവം എന്നിവരും അർഹരായി. ഏറ്റവും മികച്ച ആൾറൗണ്ട് വനിതാ കാഡറ്റിനുള്ള സാമോറിൻ ട്രോഫി ആവൃതി ഭട്ട് നേടി.
പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ നാവിക ഓഫീസർമാർ ഇനി രാജ്യത്തെ വിവിധ നാവിക സേനാ കപ്പലുകളിലും സ്ഥാപനങ്ങളിലും പ്രത്യേക പരിശീലനം നേടാനായി തിരിക്കും. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന പരേഡിൽ ട്രെയിനികളുടെ കുടുബാംഗങ്ങളും ആഹ്ലാദ നിമിഷം പങ്കുവെക്കാനെത്തി.

Related posts

Leave a Comment