ദുരഭിമാനം ; പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: ദുരഭിമാനത്തിന്റെ പേരില്‍ പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം.തിരുവനന്തപുരം ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്‌ണയെയാണ് ഭാര്യാ സഹോദരനും ഡോക്‌ടറുമായ ദാനിഷ് ആക്രമിച്ചത്. ഞായറാഴ്‌ചയായിരുന്നു സംഭവം നടന്നത്. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ മിഥുന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒക്ടോബര്‍ 29 നായിരുന്നു മിഥുന്റെ വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ദീപ്‌തിയും മിഥുനും വിവാഹിതരാകുന്നത്. വിവാഹത്തെ തുടര്‍ന്ന് ദീപ്‌തിയുടെ വീട്ടുകാര്‍ പരാതി നല്‍കുകയും ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും ചെയ്‌തിരുന്നു.

എന്നാല്‍, ഭര്‍ത്താവിനൊപ്പം പോകണമെന്ന ദീപ്‌തിയുടെ നിലപാടില്‍ കേസ് സ്റ്റേഷനില്‍ വച്ചുതന്നെ ഒത്തു തീര്‍പ്പാക്കി. പിറ്റേദിവസം ദീപ്‌തിയുടെ സഹോദരന്‍ ഇരുവരെയും കാണാന്‍ ചെല്ലുകയും വീട്ടുകാരുമായി സംസാരിച്ച്‌ മതം മാറാതെ വിവാഹം കഴിക്കാമെന്ന് പറയുകയും ചെയ്‌തു. അമ്മയ്‌ക്ക് ഇരുവരെയും കാണണമെന്ന ആഗ്രഹമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തന്നെയും മിഥുനേയും ഒപ്പം കൂട്ടി പുറത്ത് പോയതെന്നാണ് ദീപ്‌തിയുടെ മൊഴി.

വീടിന് സമീപത്തെത്തിയതോടെ വാഹനം നിറുത്തുകയും പുറത്തിറങ്ങി മിഥുനിനെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ ദീപ്‌തിയുടെ മുഖത്തും കവിളിലും വയറ്റിലും മര്‍ദ്ദനമേറ്റു. സഹോദരനെതിരെ ചിറയിന്‍കീഴ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ജാതി വിളിച്ച്‌ അധിക്ഷേപിച്ചതായും ദീപ്തിയുടെ പരാതിയില്‍ പറയുന്നു.

Related posts

Leave a Comment