മലയാളിയുടെ മാറുന്ന ലഹരിബോധം; ലേഖനം വായിക്കാം

സി.എസ്.അർജുൻ

കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന ലഹരിയുപയോഗം .കാലം മാറും തോറും മലയാളിയുടെ ലഹരിബോധവും മാറുന്നു .സാക്ഷരതയിലും ആയുർദൈർഘ്യത്തിലും എന്നുവേണ്ട മാനവികവികസനത്തിൽ ഇന്ത്യയിലെത്തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കൊച്ചു കേരളത്തിന്റെ നിറം കെടുത്തുന്നതാണ് യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന ലഹരിയുപയോഗം . ലഹരിക്കെതിരെ കൊട്ടിഘോഷിക്കുന്ന സർക്കാരിന്റെ മിക്ക പദ്ധതികളും വേണ്ടത്ര ഫലപ്രാപ്തി നേടിയിട്ടില്ലെന്ന് ഇപ്പോൾ പുറത്തു വരുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ മനസിലാക്കാൻ സാധിക്കും . ലഹരിക്കെതിരെയുള്ള ബോധവത്കരണം തകൃതിയായി നടക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടോ അതൊന്നും ചെവിക്കൊള്ളാൻ ആരും തയ്യാറാകുന്നില്ലെന്ന് മാത്രം .

കാലഹരണപ്പെടുന്ന മദ്യം

വർഷങ്ങളായി കേരളത്തിൽ മദ്യത്തിനുണ്ടായിരുന്ന സർവ്വാധിപത്യത്തിന് നേരിയ ഇടിവുണ്ടായത് മലയാളിക്ക് ലഹരിയോടുള്ള താല്പര്യം കുറഞ്ഞു എന്നല്ല കാണിക്കുന്നത് പകരം മദ്യത്തോടുള്ള താല്പര്യം കുറഞ്ഞുവെന്നും മദ്യത്തിന്റെ സ്ഥാനം മറ്റുപല മാരക ലഹരികളും കൈവശപ്പെടുത്തികൊണ്ടിരിക്കുകയുമാണെന്നാണ് .എംഡിഎംഎ ,എൽഎസ്ഡി ,ഹാഷിഷ് ഓയിൽ എന്നിവയാണ് അതിൽ പ്രധാനികൾ. കഞ്ചാവിന്റെ സ്ഥാനം മറന്നതല്ല ഈ വമ്പന്മാരുടെ കൂട്ടത്തിൽ അതിന്റെ സ്ഥാനം ചെറുതായിപ്പോയതാണ്. കുറച്ചു വർഷങ്ങളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന ലഹരി ഉപപോക്താക്കളുടെ കണക്ക് ഞെട്ടിക്കുന്നതാണ് . കാലം പോകുന്തോറും ഇതിന്റെ അളവ് കൂടിക്കൊണ്ടേയിരിക്കുന്നു .കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്

ലഹരിയുടെ പ്രഭവകേന്ദ്രം

സിന്തറ്റിക് ലഹരികൾ പ്രധാനമായും കർണാടക ,ഗോവ ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ടമെന്റ് പറയുന്നു. എന്നിരിക്കെ , ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമാണ് കഞ്ചാവ് ,ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരികൾ വരുത്തുന്നത് .കൂടാതെ , വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയും ചെറുതല്ല മാലിദ്വീപ് , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നും എയർപോർട്ട് വഴിയും തുറമുഖങ്ങൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ മയക്കുമരുന്ന് കള്ളക്കടത്ത് വിപുലമായി നടക്കുന്നു .വിശാഖപട്ടണം മുതൽ കൊച്ചി വരെ നീണ്ടു കിടക്കുന്ന തീരപ്രദേശങ്ങളാണ് മയക്കുമരുന്ന് ഇറക്കുമതിയുടെ മുഖ്യഇടങ്ങൾ എന്നത് പരസ്യമായ രഹസ്യമാണ് .എന്നിരുന്നാലും ,സർക്കാരിന്റെ കെടുകാര്യസ്ഥത ഒരു പരിധിവരെ ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധർക്ക് അനുകൂലമായിട്ടുള്ള മണ്ണായി കേരളത്തെ മാറ്റുന്നു .

സാമൂഹികാരക്ഷിതാവസ്ഥയും ലഹരിയും

സാക്ഷരതയിലും ആയുർദൈർഘ്യത്തിലും ഒന്നാമതെത്തിയ കേരളം ആത്മഹത്യകളുടെ എണ്ണമെടുത്താലും മുൻപന്തിയിൽ തന്നെയുണ്ട് .റിപ്പോർട്ട് ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണത്തിലുമൊട്ടും പുറകിലല്ല. ഇതിൽ ലഹരിക്കുള്ള പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ് . ലഹരിക്കടിമപ്പെട്ടവരിൽ ആത്മഹത്യ പ്രേരണ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു . ചെറിയ പ്രശ്നങ്ങളിൽ പോലും ലഹരിയിൽ അഭയം പ്രാപിക്കുന്നവർക്ക് പൊതുവെ മാനസിക ശക്തി കുറവായിരിക്കും .അതുകൊണ്ട് തന്നെ നിസ്സാരമായ കാര്യങ്ങളിൽ പോലും യുക്തിപരമായി ചിന്തിക്കാൻ കഴിയാതെ വികാരപരമായി മാത്രം വീക്ഷിക്കുന്നതാണ്‌ ആത്മഹത്യയിലേക്ക് ഇത്തരക്കാരെ നയിക്കുന്ന ഏറ്റവും ലളിതമായ കാരണം . വിദ്യാർത്ഥികളുടെയിടയിലാണ് ഇത്തരക്കാർ കൂടുതലെന്നത് ഒരു വസ്തുതയാണ് . കൂടാതെ , റോഡപകടങ്ങളിൽ പൊലിയുന്ന ജീവന്റെ പിന്നിലെ മയക്കുമരുന്ന് സാന്നിധ്യം ഒട്ടേറെ ആശങ്കകൾ സൃഷ്ടിക്കുന്നു .ഇത്തരക്കാർ മറ്റുള്ളവർക്കും ഭീഷണിയാണ് .മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നയത്ര എളുപ്പമല്ല മയക്കുമരുന്നുപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നത് .സ്വബോധമില്ലാതെയുള്ള ഇത്തരം യാത്രകൾ പലതും ലക്ഷ്യസ്ഥാനത്തെത്താറില്ല . മയക്കുമരുന്നിന്റെ ഉന്മോധാവസ്ഥയിൽ വരുന്ന വികലമായ ചിന്തകളും സമയ ധാരണ ഇല്ലാതാകുന്നതുമാണ് യാത്രക്കാരനെ അപകടത്തിലേക്ക് നയിക്കുന്നതെന്ന് പ്രമുഖർ പറയുന്നു .

തീവ്രവാദത്തിനുള്ള പണം കണ്ടെത്തലാണ് മയക്കുമരുന്ന് മാഫിയകളുടെ പ്രധാന ലക്ഷ്യമെന്ന് പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .കേരളത്തിലെ തീരദേശങ്ങളിൽ നിന്ന് പിടിക്കപ്പെടുന്ന ഇത്തരം ലഹരിക്കടത്തിന്റെ ഉൽഭവം അന്വേഷിച്ചു പോയാൽ മിക്കവയും വിരൽ ചൂണ്ടുന്നത് ഏതെങ്കിലും തീവ്രവാദ സംഘടനയിലേക്കായിരിക്കുമെന്നും പ്രമുഖർ അഭിപ്രായപ്പെടുന്നു . അതുകൊണ്ട് തന്നെ ലഹരിയുടെ മറവിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ അതീവ ജാഗ്രതയോടെ വേണം നോക്കിക്കാണാൻ .

യാഥാർഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം

യാഥാർഥ്യത്തിൽ നിന്നും ഒളിച്ചോടി മിഥ്യയിൽ അഭയം പ്രാപിക്കലാണ് ലഹരി ഉപയോഗത്തിന്റെ പ്രധാന ഉദ്ദേശം . എന്നതിനാൽ, എന്തുകൊണ്ട് പലരും യാഥാർഥ്യത്തെ വെറുക്കുന്നു എന്ന ചോദ്യവും പ്രസക്തമാണ് .ഇന്നത്തെ കാലത്ത് കൂടുതൽ പേരും സ്കൂൾ ,കോളേജ് എന്നിവിടങ്ങളിൽനിന്നുമാണ് മയക്കുമരുന്നുപയോഗം തുടങ്ങുന്നത്. വീടും അന്തരീക്ഷവും കൂട്ടുകെട്ടുകളും ഇത്തരത്തിൽ മയക്കുമരുന്നുപയോഗത്തിലേക്ക് യുവാക്കളെ നയിക്കുന്ന സുപ്രധാനഘടകമാണ് . എന്നിരുന്നാലും ലഹരിക്കെതിരെയുള്ള ബോധവത്ക്കരണം എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന കാര്യത്തിൽ അധികൃതർ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു .മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരെ ശിക്ഷിക്കുന്നതിലും നല്ലത് അതിലേക്ക് നയിക്കുന്ന കാരണങ്ങളെ കണ്ടെത്തി അതിനുള്ള പ്രതിവിധികൾ കണ്ടെത്തുന്നതായിരിക്കും. തുരുമ്പെടുത്തു തുടങ്ങിയ പഴയ നിയമങ്ങളുടെ ചുവടുപിടിക്കാതെ പുതിയ പോംവഴികളിലൂടെ ഒറ്റകെട്ടായി പരിശ്രമിച്ചാൽ ലഹരിമുക്തമായ ഭാവി തലമുറയെ നമുക്ക് വാർത്തെടുക്കാം.

Related posts

Leave a Comment