ഐടി വിട്ട് വെൽനസ് ഫുഡ് ഉൽപ്പന്ന സ്റ്റാർട്ടപ്പുമായി മലയാളി ടെക്കി; മുരിങ്ങയില, റാഗി തുടങ്ങിയ ചേരുവകളോടെ വിപണിയിലെത്തിച്ച 5 തരം വെൽനസ് ചപ്പാത്തികൾക്ക് യൂറോപ്പിൽ നിന്നും കയറ്റുമതി അന്വേഷണങ്ങൾ

കൊച്ചി: 11 വർഷം വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള സോഫ്റ്റ് വെയർ സേവനങ്ങൾ നൽകിയിരുന്ന തന്റെ ഐടി കമ്പനിക്ക് കോവിഡ് മൂലം വളർച്ചാമുരടിപ്പ് നേരിട്ടപ്പോൾ വെൽനസ് ഭക്ഷ്യോൽപ്പന്നരംഗത്ത് തുടക്കമിട്ട ഫുഡ് ഫ്‌ളേവേഴ്‌സ് എന്ന സ്റ്റാർട്ടപ്പിലൂടെ വളർച്ചാകുതിപ്പിനൊരുങ്ങി മുൻടെക്കി. കമ്പ്യൂട്ടർ എൻജിനീയറും ആലുവ സ്വദേശിയുമായ രഞ്ജിത് ജോർജാണ് ആലുവയ്ക്കടുത്ത ചൊവ്വരയിലെ യൂണിറ്റിൽ ഉൽപ്പാദിപ്പിക്കുന്ന അഞ്ചിനം റെഡി-റ്റു-കുക്ക് വെൽനസ് ചപ്പാത്തികളുമായി വിപണി പിടിയ്ക്കുന്നത്. മുരിങ്ങയില, റാഗി, പാലക്, തെന, ഫ്‌ളാക്‌സീഡ്‌സ് എന്നിവ ചേർത്ത ഹോൾ-വീറ്റ് ചപ്പാത്തികളാണ് പരീക്ഷണഘട്ടത്തിൽ വടക്കൻ കേരളത്തിലും ഇപ്പോൾ പൂർണസജ്ജമായി കൊച്ചിയിലും ഫ്രെഷ് സ്റ്റാർട്ട് ബ്രാൻഡിൽ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.

കോവിഡിനെത്തുടർന്ന് വെൽനസ് ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് വർധിച്ചിട്ടുണ്ടെങ്കിലും പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നത് എളുപ്പമായിരുന്നില്ലെന്ന് രഞ്ജിത് പറയുന്നു. സംരംഭകആശയങ്ങളുമായി വന്ന പാചകവിദഗ്ധ ചിഞ്ചു ഫിലിപ്പാണ് പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തത്. തുടർന്ന് ഒന്നരവർഷത്തോളം ഉത്തരകേരളത്തിൽ പരീക്ഷണ വിപണനം നടത്തി വിജയിച്ച് കൊച്ചിയിലുമെത്തി. ചൊവ്വരയിൽ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച 1600 ച അടി വിസ്തൃതിയുള്ള യൂണിറ്റിൽ ദിവസേന 20,000 ചപ്പാത്തിയുണ്ടാക്കാൻ ശേഷിയുണ്ട്. ഇത് വൈകാതെ 50,000 ആക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ കൊച്ചിയിലെ പ്രീമിയം സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ, ഓർഗാനിക് ഷോപ്പുകൾ എന്നിവിടങ്ങളിലൂടെയും നേരിട്ടുള്ള ഹോം ഡെലിവറി സേവനത്തിലൂടെയുമാണ് വിപണനം. ജീവിതശൈലി രോഗമുള്ളവരെ ലക്ഷ്യമിട്ട് പ്രമുഖ മെഡിക്കൽ ഷോപ്പുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

വെൽനസ് ഉൽപ്പന്നങ്ങളാകയാൽ ഉപഭോക്താക്കളുടെ മനസ്സിൽ ഇവയ്ക്ക് സവിശേഷ സ്ഥാനം നേടാനായിട്ടുണ്ടെന്ന് രഞ്ജിത് ജോർജ് പറയുന്നു. അങ്ങനെ ഇവ നല്ല ഒരു അഡിക്ഷൻ വരെ ആകുന്നു. ഉപയോഗിക്കുന്നവർ ഇവ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നു, സമ്മാനമായി വരെ നൽകുന്നു. ഇക്കാരണത്താൽ സാധാരണ റെഡി-റ്റു-കുക്ക് ചപ്പാത്തികൾ ഒരാൾ ഒരു പാക്കറ്റ് വാങ്ങുന്നിടത്ത് ഇത് ചുരുങ്ങിയത് രണ്ടും മുന്നും പാക്കറ്റുകളാണ് പോകുന്നത്. 10-ന്റെ പാക്കറ്റിന് വില 100 രൂപ. സ്ഥിരം കസ്റ്റമേഴ്‌സിന്റെ ആവശ്യാർത്ഥം കസ്റ്റമൈസ് ചെയ്ത ചേരുവകളോടെ ഉണ്ടാക്കി നൽകാനും സംവിധാനമുണ്ടെന്നും രഞ്ജിത് പറഞ്ഞു.

വെൽനസ് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വൻഡിമാൻഡുള്ള യൂറോപ്പിൽ നിന്ന് കയറ്റുമതി അന്വേഷണങ്ങളും ലഭിയ്ക്കുന്നുണ്ട്. കയറ്റുമതിക്കായി ഉൽപ്പന്നങ്ങളുടെ ഫ്രോസൺ വകഭേദം ഒരുങ്ങുന്നുണ്ട്. ഇവയ്ക്കു പുറമെ റാഗി, തെന തുടങ്ങിയ മില്ലറ്റുകൾ അധിഷ്ഠിതമായ നൂഡ്ൽസ്, ടോടിയ റാപ്‌സ് എന്നിവയും ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. നൂഡ്ൽസിന്റെ പരീക്ഷണ ഉൽപ്പാദനം വിജയകരമായിരുന്നു. കൊച്ചിയിലെ പ്രതികരണം കണക്കിലെടുത്ത് തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിലേയ്ക്കും ഉടൻ വിപണനം വ്യാപിപ്പിക്കും. വിതരണക്കാർ വഴിയാണ് വികസനം ലക്ഷ്യമിടുന്നതെങ്കിൽ കൊച്ചിയിൽ നേരിട്ടുള്ള വിപണനമാണ് കമ്പനി ഉദ്ദേശിക്കുന്നത്. www.foodflavours.in എന്ന ഇ-കോമേഴ്‌സ് സൈറ്റിലൂടെയും 81130 73731 എന്ന വാട്‌സപ്പ് നമ്പറിലൂടെയും ഓർഡർ ചെയ്യാം.

Related posts

Leave a Comment