മലയാളി വിദ്യാർത്ഥികൾക്കും ഇനിമുതൽ യു.എ.ഇ ഇൽ പത്തുവർഷത്തെ ഗോൾഡൻ വിസക്ക് അപേക്ഷിക്കാം

മികച്ച ഹൈസ്കൂൾ ബിരുദധാരികൾക്കും കുടുംബങ്ങൾക്കും പത്തുവർഷത്തെ റെസിഡൻസി വിസ “ഗോൾഡൻ റെസിഡൻസി” അനുവദിക്കുന്നതായി യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു.

മികവു പുലർത്തുന്ന വിദ്യാർത്ഥികളുടേയും അവരുടെ കുടുംബങ്ങളുടേയും ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും കഴിവുള്ള ആളുകൾക്ക് ആകർഷകവും പ്രോത്സാഹജനകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള യു.എ.ഇ സർക്കാരിന്റെ നിർദ്ദേശത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ നീക്കം.

ഗോൾഡൻ റെസിഡൻസിക്കുള്ള അപേക്ഷകൾ “എമിറേറ്റ്സ് സ്‌കൂൾസ് എസ്റ്റാബ്ലിഷ്‌മെന്റ്” വഴി സമർപ്പിക്കാവുന്നതാണ്.

പൊതു അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റിൽ ശരാശരി 95 ശതമാനമെങ്കിലും നേടിയ മികച്ച വിദ്യാർത്ഥികൾക്കും, അതുപോലെ തന്നെ രാജ്യത്തിനകത്തോ പുറത്തോ ഉള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് 3.75 ൽ കുറയാത്ത ജിപി‌എ അല്ലെങ്കിൽ നിർദ്ദിഷ്ട ശാസ്ത്രവിഷയങ്ങളിൽ തത്തുല്യമായ വിജയം കരസ്ഥമാക്കിയവർക്കും ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. വിസയിൽ വിദ്യാർത്ഥികളുടെ കുടുംബങ്ങളും ഉൾപ്പെടും.

ഏകദേശം നാലായിരത്തോളം മലയാളി വിദ്യാർഥികൾ ഓരോ വർഷവും ഹയർ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നുണ്ട്. തുടർപഠനത്തിനും ജീവിത ചിലവുകൾക്കും ഭീമമായ തുക ഓരോ കുടുംബവും കാണേണ്ടതിനാൽ പലരും നാട്ടിലേക്ക് മടങ്ങി പോവുകയാണ് പതിവ്. നിലവിലെ വിസാ നയം മലയാളി കുടുംബങ്ങൾക്ക് ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.

Related posts

Leave a Comment