‘എന്തിനാണ് രണ്ട് മനുഷ്യർ ആലോചിച്ചെടുത്ത തീരുമാനത്തെ, അവരുടെ പ്രണയത്തെ പലരും ഇത്തരത്തിൽ സമീപിക്കുന്നത്…?’ ; ലേഖനം വായിക്കാം

നീനു എം

രണ്ട് മനുഷ്യർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോഴും, പ്രണയത്തിലായിരിക്കുമ്പോഴുമെല്ലാം കേൾക്കുന്ന ചില സംസാരങ്ങളുണ്ട്.

• വിവാഹത്തിന് പോയി വരുമ്പോൾ ചിലർ -‘ആ പെങ്കൊച്ചിനെ കാണാൻ എന്തൊരു ഭംഗിയാ ചെക്കൻ പോര അവൾക്കൊട്ടും ചേരില്ല..
•’ഏതെങ്കിലും സിനിമ നടന്മാരോ നടിമാരോ വിവാഹം കഴിക്കാൻ പോകുന്നവരെ കാണുമ്പോൾ പലരും – അവളെ /അവനെ കാണാൻ ഒട്ടും കൊള്ളില്ല ഇതിലും നല്ല എത്ര പേരുണ്ട് തീരെ ചേർച്ചയില്ല.
•ഇവർ തമ്മിൽ എങ്ങനെ പ്രണയത്തിലായത് ചെക്കനെക്കണ്ടാൽ ഒത്തിരി വയസ്സ് തോന്നിക്കുന്നുണ്ട്
•’അവന്റെ കല്യാണം ഇന്നലെ കഴിഞ്ഞു ഫോട്ടോ കണ്ടില്ലേ നീ, പെണ്ണ് അവനെക്കാൾ നീളമുണ്ട് പോരാഞ്ഞിട്ട് നിറവും ഇല്ല.’
•’ഇന്നലെ ഞാനൊരു കല്യാണത്തിന് പോയില്ലാരുന്നോ ചെക്കൻ മെലിഞ്ഞിട്ട പെണ്ണ് നല്ല തടിയാ എങ്ങനെ കണ്ടിഷ്ടപ്പെട് ആവോ… ഇനി ഡെലിവറി കൂടി കഴിഞ്ഞാൽ എന്തായിരിക്കും…’

ഇത്തരം സംസാരങ്ങളിങ്ങനെ തുടർന്നുകൊണ്ടേയിരിക്കുമ്പോഴും പലപ്പോഴായി കേട്ടു മടുത്തത് കൊണ്ടും പറയാനാഗ്രഹിക്കുന്നു.എന്തിനാണ് രണ്ട് മനുഷ്യർ ആലോചിച്ചെടുത്ത തീരുമാനത്തെ, അവരുടെ പ്രണയത്തെ പലരും ഇത്തരത്തിൽ സമീപിക്കുന്നത്…?! ഒടുക്കം ബോഡി ഷെയിമിങ്ങും ചെയ്ത് പുറമെ കാണാൻ ഭംഗിയില്ലെങ്കിലും മനസ്സ് നല്ലതാണല്ലോ എന്ന് ഒരിക്കൽ കൂടി പറഞ്ഞ് പരോക്ഷമായി ഇത് തന്നെ ആവർത്തിക്കുന്നു.ഓരോ മനുഷ്യരും അവനവന് ചേർന്നു നിൽക്കുവാൻ സാധിക്കുന്ന മനുഷ്യരുമായാണ് ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്.നാം വളർന്നു വന്ന സാമൂഹിക സാഹചര്യങ്ങൾ ഒരുപക്ഷെ മറ്റുള്ളവരുടെ ചോയ്‌സ്നെ ബഹുമാനിക്കുന്നതിനപ്പുറം മറ്റുപലതുമാകാം പഠിപ്പിച്ചത്. അതിൽ നിന്നൊക്കെ മോചനം നേടേണ്ടതുണ്ട്. നമ്മൾ ഒളിഞ്ഞും തെളിഞ്ഞും ചേർച്ചയില്ലാത്തവരാക്കി ആരെയും മാറ്റേണ്ടതില്ല.അവരുടെ മുഖത്തെ സന്തോഷം ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ ലൈഫിൽ പങ്കാളിയുടെ കൂടെ അവർ എത്രത്തോളം ഹാപ്പി ആണെന്ന് അന്വേഷിച്ചിട്ടുണ്ടോ?
ശാരീരിക രൂപം അടിസ്ഥാനമാക്കി അവർ തമ്മിൽ ചേർച്ചയില്ലെന്നു പറയുമ്പോൾ വെറുതെ ഒന്നു ചിന്തിച് നോക്കു മനുഷ്യരെല്ലാം വ്യത്യസ്തരല്ലേ.അവരുടെ ശരീരത്തെ അതുപോലെ അംഗീകരിക്കുമ്പോഴല്ലേ നമ്മളും അത്രമേൽ ഭംഗിയുള്ളവരായിത്തീരുന്നത്.ആരോഗ്യപരമായ സംസാരങ്ങളിലൂടെ മുൻവിധിയോടുകൂടിയല്ലാതെ മനുഷ്യരെ ഒരു പുഞ്ചിരിയോടെ ബഹുമാനത്തോടെ സമീപിക്കുന്നവരോടെല്ലാം സ്നേഹം….

നമ്മളെല്ലാവരും അത്രമേൽ അടിപൊളിയായ മനുഷ്യരാണ് ഉപയോഗിക്കുന്ന വാക്കുകളിൽ പോലും നേര് കണ്ടെത്താനാകുന്ന, പുതിയവ പഠിച്ചും ,പഠിച്ച തെറ്റുകൾ തിരുത്തിയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന സാധാരണ മനുഷ്യർ….

Related posts

Leave a Comment