മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഒക്‌ടോബര്‍ 14-ന് പരുമലയില്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനായി സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പരുമല സെമിനാരി അങ്കണത്തിലെ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നഗറില്‍, ഒക്‌ടോബര്‍ ൧൪ മുതല്‍ സമ്മേളിക്കും. ലോക ക്രൈസ്തവ ചരിത്രത്തില്‍ ആദ്യമായാണ് സഭയുടെ ഏറ്റവും വിപുലമായ ജനാധിപത്യസമിതി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഓണ്‍ലൈനായി സമ്മേളിക്കുന്നത്.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ ഭരണഘടന 71-ാം വകുപ്പ് അനുസരിച്ച് ഇടവക പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പള്ളി പ്രതിപുരുഷന്മാരും, നിലവിലുളള മാനേജിംഗ് കമ്മറ്റി അംഗങ്ങളുമാണ് യോഗത്തില്‍ സംബന്ധിക്കുന്നത്. വിദേശ രാജ്യങ്ങളിലേതടക്കം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 30 മെത്രാസനങ്ങളിലെ 1590 ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദീകരും, അല്‍മായരും, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ 4007 ആളുകളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

അസോസിയേഷന് തുടക്കം കുറിച്ചുകൊണ്ട് ഒക്‌ടോബര്‍ 13-ന് അസോസിയേഷന്‍ നഗറില്‍ അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റും സീനിയര്‍ മെത്രാപ്പോലീത്തായുമായ കുറിയാക്കോസ് മാര്‍ ക്ലീമീസ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തും.തുടർന്ന് അസോസിയേഷന്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സഭാ മാനേജിംഗ് കമ്മറ്റി യോഗം നടക്കും. അസോസിയേഷന്‍ യോഗത്തിന്റെ മുഖ്യ വരണാധികാരിയായി ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യനെ നിയമിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റും സീനിയര്‍ മെത്രാപ്പോലീത്തായുമായ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരിക്കും.മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 22-ാമത്തെ മലങ്കര മെത്രാപ്പോലീത്തായെയും 9-ാമത്തെ കാതോലിക്കായെയും ആണ് തെരഞ്ഞെടുക്കുന്നത്. ലോക ക്രൈസ്തവ സഭകളിലെ ഏറ്റവും വിപുലമായ ജനാധിപത്യ ഭരണ സമിതി ആണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍. സഭയുടെ പരമാദ്ധ്യക്ഷനെയും മേല്‍പട്ടക്കാരെയും, വൈദീക-അല്‍മായ ട്രസ്റ്റിമാരെയും, മാനേജിംഗ് കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുന്നത് അസോസിയേഷന്‍ ആണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനെ തെരഞ്ഞെടുക്കുവാന്‍ കൂടുന്ന ഈ അസോസിയേഷനിലേക്ക് സഭാ മാനേജിംഗ് കമ്മറ്റിയുടെ ഒരു നാമനിര്‍ദ്ദേശം മാത്രമാണ് ലഭിച്ചിട്ടുള്ളത്. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ ആണ് മാനേജിംഗ് കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മറ്റ് നാമനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തിനാല്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ അസോസിയേഷന്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കും.

14-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും, കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന വിപുലമായ ക്രമീകരണങ്ങള്‍ ഉപയോഗപ്പെടുത്തി നാലായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

Related posts

Leave a Comment