‘മഹിള ശക്തി ജാഥയുമായി മഹിളാകോൺഗ്രസ്’ ; സ്ത്രീവിവേചനത്തിൽ കേരളം നമ്പർ വൺ : ജേബി മേത്തർ


കൊച്ചി: സംസ്ഥാനത്തെ പ്രഥമ വനിത ഡി.ജി.പി ശ്രീലേഖയ്ക്ക് പോലും സേനയിൽ നിന്ന് വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന തുറന്നു പറച്ചിൽ ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കണമെന്ന് അഡ്വ. ജെബി മേത്തർ. സ്ത്രീ വിവേചനത്തിനെതിരെ വനിത മതിൽ കെട്ടിയവർ സമൂഹത്തിലേയും പോലീസ് സേനയിലേയും വിവേചനവും ചൂഷണവും കണ്ടില്ലെന്ന് നടിക്കുകയാണ്.ഒരു ഐ.പി.എസ് ഓഫീസർക്ക് സേനയിൽ വിവേചനം നേരിടേണ്ടി വന്നുവെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നും ജെബി മേത്തർ ചോദിച്ചു. സ്‌ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് യു.പി. ഇലക്ഷൻ വേളയിൽ പ്രിയങ്കഗാന്ധി ഉയർത്തിയ പെണ്ണാണ്; പോരാടും (ലെഡ്കി ഹൂം ലെഡ് ശക്തി ഹൂം) എന്ന മുദ്രാവാക്യത്തിന്റെ 125-ാം ദിനത്തോടനുബന്ധിച്ച് മഹിള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹിള ശക്തി ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജെബി മേത്തർ. 

ദേശീയ തലത്തിൽ നടക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ജില്ലയിലൊട്ടാകെ നടന്ന ശക്തി യാത്രയിൽ പിങ്ക് വസ്ത്രങ്ങൾ ധരിച്ച് പിങ്ക് ബലൂണുകളും പ്ലകാർഡും ഉയർത്തി നിരവധി സ്ത്രീകൾ പങ്കെടുത്തു. ഡി.സി.സി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച്  ഗാന്ധി സ്ക്വയറിൽ സമാപിച്ച ജാഥ സി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷീയാസ് ഫ്ലാഗ് ഓഫ് ചെയ്തു.  എറണാകുളം ജില്ലാ പ്രസിഡൻ്റ് അഡ്വ. മിനിമോൾ വി. കെ അദ്ധ്യക്ഷയായി.  ഡിസിസി സെക്രട്ടറി ജോസഫ് ആൻറണി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാലിനി കുറുപ്പ്, സുനില സിബി, സംസ്ഥാന സെക്രട്ടറിമാരായ റുക്കിയ ജമാൽ, ജോളി ബേബി, പ്രേമ അനിൽകുമാർ, എ എക്സിക്യൂട്ടീവ് അംഗം ബേബി അജയൻ, മഹിളാ കോൺഗ്രസ്സ് ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡൻറുമാർ, മണ്ഡലം പ്രസിഡൻറ് മാർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Related posts

Leave a Comment