‘തളർത്താൻ സാധിക്കാത്ത ആത്മധൈര്യത്തിന്റെ ആൾരൂപമായിരുന്നു മഹാത്മാവ്’ ; കെപിസിസി പ്രസിഡന്റിന്റെ ഗാന്ധി അനുസ്മരണക്കുറിപ്പ് വായിക്കാം

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട്, ജനാധിപത്യധ്വംസനത്തിന്റെയും കൊളോണിയൽ ഭരണത്തിന്റെയും മരണമണി മുഴക്കികൊണ്ട് ഇന്ത്യ എന്ന രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് നയിക്കാൻ മുന്നിൽ നിന്നത് മഹാത്മാഗാന്ധിയാണ്. എത്രയെത്ര സഹന സമരങ്ങൾ, ബ്രിട്ടീഷ് പോലീസിന്റെ മർദ്ദനമുറകൾ, ജയിൽ വാസങ്ങൾ ഇവയ്ക്കൊന്നും തളർത്താൻ സാധിക്കാത്ത ആത്മധൈര്യത്തിന്റെ ആൾരൂപമായിരുന്നു മഹാത്മാവ്.

ഒടുവിൽ പൊരുതി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദിവസം പോലും, അദ്ദേഹം അങ്ങ് ദൂരെ കൊൽക്കട്ടയിലെ ബെലിയഘട്ടിൽ ഹിന്ദു മുസ്ലിം ലഹളകളും വിഭജനവുമുണ്ടാക്കിയ മുറിപ്പാടുകൾ ഉണക്കുകയായിരുന്നു.

ഭാരതത്തിന്റെ എക്കാലത്തെയും അഭിമാനമായിരുന്ന മഹാത്മാവിൻ്റെ നെഞ്ച് തകർത്ത, തീവ്രഹിന്ദുത്വ ശക്തികളുടെ 3 വെടിയുണ്ടകൾ 1948- ജനുവരി 30 ന് തുളച്ചു കയറിയത് ഇന്ത്യൻ മതനിരപേക്ഷതയുടെ നെഞ്ചകങ്ങളിലേയ്ക്കായിരുന്നു.സംഘപരിവാർ ശക്തികൾ വർഗീയതയുടെ വിഷവിത്തുകൾ പാകി വിളവെടുപ്പ് നടത്തി തുടങ്ങുന്നതും അവിടെ നിന്നുമാണ്.

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് ശേഷമുള്ള ആറ് പതിറ്റാണ്ടും അദ്ദേഹത്തിന്റെ ഇന്ത്യ എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ട് വികസന പാതയിൽ മുന്നോട്ട് കുതിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയെയും, പാക്കിസ്ഥാനെ പോലൊരു മത രാഷ്ട്രമാക്കുക എന്ന അജണ്ടയിൽ പ്രവർത്തിക്കുന്ന തീവ്ര മതവാദികൾ ഇന്ന് ഭരണകൂടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു.

ഗാന്ധിയുടെ ഓർമകളെ ഇല്ലാതാക്കുവാൻ ഗാന്ധി ഘാതകർ ഇറങ്ങിയിരിക്കുന്ന കാലം. ഗാന്ധിയുടെ കൊലയാളിക്ക് അമ്പലം പണിയുന്ന സംഘപരിവാറല്ല, രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന മഹത്തായ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ് രാഷ്ട്ര പുരോഗതിക്കും, മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിനും ഈ മഹാരാജ്യത്തിന് ആവശ്യമെന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം നമ്മെ ഓർമിപ്പിക്കുന്നു.

Related posts

Leave a Comment