പട്ടിണിയുടെ മഹാരാജൻ-വേണുഗോപാൽ പേരാമ്പ്ര ; കഥ വായിക്കാം

പട്ടിണിയുടെ മഹാരാജൻവേണുഗോപാൽ പേരാമ്പ്ര

     കാളുന്ന പനിയുമായാണ് രാജൻ

പള്ളിക്കൂടത്തിലെത്തിയത്.തലക്കുള്ളിൽ ആരോ മഴുകൊണ്ട് വെട്ടിപ്പൊളിക്കുന്നു.
ഒന്നാം പിരിയഡ് തന്നെ രാജൻ്റെ തല
ഡസ്കിലമർന്നു.

   "രാജന് വയ്യെങ്കിൽ വീട്ടിൽ പോകാം" ശ്രീധരൻ മാസ്റ്റർ അസഹ്യതയോടെ തുടർന്നു.

     "ഓരോ വയ്യാദീനവുമായി ദിവസവും ഇങ്ങ് കടക്കുന്നതെന്തിനാ?"

      "ഗോതമ്പ്കഞ്ഞി വിഴുങ്ങാനാണ്സാർ" ജാതവേദൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു. അഞ്ച് സി കൊലച്ചിരിക്കളമായ് മാറി.

ഹാജർ കഴിഞ്ഞ് മാസ്റ്റർ ചോദ്യപരമ്പരയ്ക്ക്
വട്ടം കൂട്ടി.

      " ഇതേതാ കൊല്ലം എന്ന് പറയാമോ"

      "1980" - ലക്ഷ്മി ഉറപ്പിച്ച്

പറഞ്ഞു. അവൾ ക്ലാസിലെ ഹാസ്യ രാജ്ഞിയാണ്.

       "എന്താ ഇത്ര നിശ്ചയം?" സാർ

തുടങ്ങിയിട്ടേയുള്ളൂ.

“അതോ സാർ” – ലക്ഷ്മിയും നിലയുറപ്പിച്ചു.

” മൂന്ന് കൊല്ലം മുമ്പ് 1977 “

” അതിന്?”

“അന്ന് രാജേട്ടൻ അഞ്ചാം ക്ലാസിൽ ഫസ്റ്റ്
ഇയർ”

“അതുകൊണ്ട്?”

.” ഇപ്പോൾ അദ്ദേഹം നാലാം കൊല്ലം;എൻ്റെ ഉത്തരം കൃത്യമല്ലേ സാർ?”

“ഇരിക്കെടി അവിടെ!”

രാജാധിരാജൻ്റെ അത്താഴം കടലപ്പിണ്ണാക്കാണ് സാർ…” മൊയ്തീനും
മോശമാക്കിയില്ല.

“ചെറ്റക്കുടിലിലാണോ രാജാധിരാജൻ
വാഴുന്നത്?” ചാരുലതയ്ക്ക് ചിരിയടക്കാൻ കഴിയുന്നില്ല.

” മതി, ഇനിയാരും രാജനെ കളിയാക്കരുത്”-മാഷ് അന്ത്യശാസനം കൊടുത്തു.

” ശരിയാണ് മാഷേ, രാജൻ്റെ അച്ഛനും
അമ്മയും ചത്തുപോയെന്ന് ഉമ്മ പറഞ്ഞിന് “ജമീല സഹതാപക്കാരിയായി.

സാറിന് മൊത്തം കാര്യങ്ങൾ കൈവിട്ട് പോയത് പോലെ തോന്നി. അദ്ദേഹം തല
ചരിച്ച് രാജനെ നോക്കി. അവൻ ഞെട്ടി വിറക്കുകയാണ്.

              --

           നട്ടുച്ച; ക്രൂരമായ വെയിൽ.

കഞ്ഞിപ്പുര,പാoശാലയുടെ കേന്ദ്രമായ് മാറി.ഒടുങ്ങാത്ത വരി. മുമ്പിൽ രാജൻ തന്നെ. തൊണ്ടയിൽ മുള്ള് കുത്തുന്ന വേദന. എങ്കിലും രാജന് പിൻമാറ്റമില്ല. തൊട്ടുപിറകിൽ ജ്യേഷ്ഠനാണ്; കൃഷ്ണൻ!കുളംപോലുള്ള വട്ടച്ചെമ്പിൽ അമേരിക്കൻ റവ കുഴമ്പുകഞ്ഞിയാവുന്നു. കരിയുന്ന വയറുമായ് രാജൻ തപസ്സ് ചെയ്തു. എവിടെ നിന്നെന്നറിയില്ല; കൊടുങ്കാറ്റിൻ്റെ ശക്തിയിലാണ് തള്ള് വന്നത്. ഞൊടിയിടയിൽ രാജൻ പതയുന്ന കഞ്ഞിയിൽ വീണ് കുഴഞ്ഞുമറിഞ്ഞു. കൃഷ്ണനും സഹപാഠി രാഘവനും രാജനെ
വലിച്ച് നിലത്തിട്ട് പച്ചവെള്ളത്തിൽ കഴുകിയെടുത്തു. വരാന്തയിലെ ഓലച്ചീന്തിൽരാജൻ നീറിപ്പടർന്നു.

    "രാജൻ കുളിച്ച കഞ്ഞി എന്ത് ചെയ്യും?"അതായിരുന്നു ചർച്ചാവിഷയം. സ്റ്റാഫ് റൂം ഉച്ചത്തിലായി.

” മറിച്ചുകളഞ്ഞേക്ക് ” ഹെഡ്മാസ്റ്റർ തീർപ്പ് കല്പിച്ചു.

” വേണ്ട സാർ ഞാൻ കുടിച്ചോട്ടെ!!”
കരയുന്ന ശബ്ദം, തൊലി വെന്ത ദേഹവുമായ് രാജൻ!

ഒരു നിമിഷം. അപാരമായ നിശ്ശബ്ദത. നരസിംഹം എന്ന് വട്ടപ്പേരുള്ള ഹെഡ്മാസ്റ്റർ രാജനെ വാരിപ്പുണർന്നു. ഗൗരവമേറിയ ആ മിഴികൾ നിറഞ്ഞ് തുളുമ്പിയിരുന്നു.

Related posts

Leave a Comment