കാന്തിക ജട്ടി, ഇരുതല മൂരി, സ്വർണ വെള്ളരി തട്ടിപ്പിന്റെ വിത്യസ്ത മുഖങ്ങൾ

മലപ്പുറം: കാന്തിക ജട്ടി, ഇറിഡിയം, ഇരുതല മൂരി ഇങ്ങനെയായിരുന്നു തട്ടിപ്പുകാർ തങ്ങളുടെ ഇരകളെ വീഴ്ത്തിയിരുന്നത്. ഏറ്റവും ഒടുവിൽ സ്വർണ്ണ വെള്ളരിയുടെ പേരിലാണ് സംസ്ഥാനത്ത് തട്ടിപ്പ് നടക്കുന്നത്. സ്വർണ വെള്ളരി തട്ടിപ്പിൽ മലപ്പുറത്ത് യുവാവിന് പതിനൊന്നരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഇതോടെ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തിൽ തോമസിനെ (47 ) പാണ്ടിക്കാട് പൊലീസ് അറസ്റ്റു ചെയ്തു .സ്വർണ്ണവെള്ളരി തട്ടിപ്പു സംഘത്തിൽ പെട്ട യുവാവ് മലപ്പുറത്തു നിന്നും പിടിയിലായതോടെയാണ് പുതിയ സംഘത്തെ കുറിച്ച് പൊലീസിന് അറിവ് ലഭിച്ചത്. സ്വർണ വെള്ളരിയാണെന്ന് പറഞ്ഞ് ലോഹക്കൂട്ടുകൾ നൽകിയാണ് ഇക്കൂട്ടർ തങ്ങളുടെ വലയിലകപ്പെട്ടവരിൽ നിന്നും ലക്ഷങ്ങൾ തട്ടുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമ്പാനങ്ങാടിയിലെ ലോഡ്ജ് മുറിയിൽ താമസിക്കുന്നതിനിടെ പരാതിക്കാരനുമായി അടുപ്പം സ്ഥാപിച്ച പ്രതി കൈവശമുണ്ടായിരുന്ന സ്വർണനിറത്തിലുള്ള വസ്തു സ്വർണവെള്ളരിയാണെന്നു പറഞ്ഞ് കബളിപ്പിച്ചാണ് പണം കൈപ്പറ്റിയത്. കേസെടുത്തതോടെ ഇയാൾ ഒളിവിൽപ്പോയി. വിവിധ ജില്ലകളിൽ സമാനരീതിയിലുള്ള കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.സമാനമായ രീതിയിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയ മൂന്നുപേരെ നേരത്തെ വഴിക്കടവ് പൊലീസ് പിടികൂടിയിരുന്നു. സ്വർണവെള്ളരി തട്ടിപ്പിനെത്തുടർന്ന് 4.25 ലക്ഷംരൂപ നഷ്ടപ്പെട്ടതായ പെരിന്തൽമണ്ണ താഴേക്കോട് കുഴിക്കണ്ടത്തിൽ മുഹമ്മദലിയുടെ പരാതിയിലാണ് നേരത്തെ വഴിക്കടവ് പൊലീസ് കേസ് എടുത്തിരുന്നത്.സ്വർണവെള്ളരി നൽകാമെന്ന് വാഗ്ദാനം നൽകി മണ്ണാർക്കാട്ടെ പള്ളി ഭാരവാഹിയിൽനിന്ന് 6.20 ലക്ഷംരൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ വഴിക്കടവ് പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.

Related posts

Leave a Comment