മദ്യശാലകള്‍ക്കുള്ള അനുമതി; തദ്ദേശ സ്ഥാപനങ്ങളുടെ വിവേചനാധികാരം പുനഃസ്ഥാപിക്കണം പി അബ്ദുല്‍ഹമീദ് എംഎല്‍എ

മലപ്പുറം: മദ്യശാലകള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍കണമെന്ന് പി അബ്ദുല്‍ഹമീദ് എംഎല്‍എ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യൂഡിഎഫ് സര്‍ക്കാര്‍ അബ്കാരി ചട്ടം 232, 447 പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വിവേചനാധികാരം മദ്യമാഫിയകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒന്നാം പിണറായി സര്‍ക്കാരാണ് എടുത്തു കളഞ്ഞത്. നാടുനീളെ മദ്യശാലകള്‍ തുറക്കാനും വളരുന്ന യുവതയെ വഴിതെറ്റിക്കാനും ഇതിലൂടെ അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദിനേന കേട്ട് കൊണ്ടിരിക്കുന്ന സകല അക്രമ സംഭവങ്ങള്‍ക്കു പിന്നിലും വില്ലനായി നില്‍ക്കുന്നത് ലഹരിയാണ്. അത് കൊണ്ടുതന്നെ മദ്യം ഉള്‍പ്പെടെയുള്ള മുഴുവന്‍ ലഹരി വസ്തുക്കളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ അവയുടെ ലഭ്യത കുറച്ചുകൊണ്ട് വരിക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ സര്‍ക്കാറിന്റെ വരുമാനം മാത്രം ലക്ഷ്യമാക്കി യഥേഷ്ടം മദ്യമൊഴുക്കാന്‍ അവരം നല്‍കുന്നതിലൂടെ നാടിനെ സാംസ്‌ക്കാരിക അധ:പ്പതനത്തിലേക്കാണ് നയിക്കുന്നതെന്ന് ഭരണകൂടം ഓര്‍ക്കണം. പിഞ്ചുകുഞ്ഞുങ്ങളുടെയും കുടുംബിനികളുടെയും കണ്ണുനീരിന് സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം തടയാന്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന ദിവസങ്ങളിലും സമയങ്ങളിലും നിയന്ത്രണം വരുത്തിയത് വിവേകശൂന്യമായ നടപടിയാണ്. കുറഞ്ഞ സമയം മാത്രം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുക വഴി സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ അവസരം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് അശാസ്ത്രീയമാണ്. ആളുകള്‍ കൂട്ടം കൂടാന്‍ അവസരം കിട്ടാത്ത വിധം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു നല്‍കുകയാണ് വേണ്ടതെന്നും ഹമീദ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ചേര്‍ന്ന ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
                         സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ മദ്യമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിപത്തുകളെ അനാവരണം ചെയ്യുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് പിഎംകെ കാഞ്ഞിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഓകെ കുഞ്ഞികോമു മാസ്റ്റര്‍, ട്രഷറര്‍ എംകെഎ ലത്തീഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ സിഎം യൂസഫ്, സൈഫുദ്ദീന്‍ വലിയകത്ത്, സംസ്ഥാന ഭാരവാഹികളായ പരീത് കാരേക്കാട്, കെകെ ഹംസക്കുട്ടി, ഷാജു തോപ്പില്‍, ഉമ്മര്‍ വിളക്കോട്, അബു ഗുഡലായ്, അബ്ദുല്‍ കാദര്‍ മടക്കിമല, മൂസ പാട്യലത്ത് സംസാരിച്ചു.

Related posts

Leave a Comment