പാർട്ടിയിലെ ചിലർ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നു: രാജേന്ദ്രൻ, വഴി പുറത്തേക്കെന്ന് എം.എം. മണി

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ പേരിലുള്ള തർക്കം സിപിഎമ്മിൽ രൂക്ഷമാകുന്നു. പട്ടിക ജാതിക്കാരനായ തന്നെ പാർട്ടിയിലെ ചിലർ ജാതിയുടെ പേരിൽ അധിക്ഷേപിക്കുന്നു എന്നാണ് രാജേന്ദ്രൻ പരസ്യമായി പറയുന്നത്. തന്നെ ചിലർ ഒരു ജാതിയുടെ ആളായി ചിത്രീകരിക്കുന്നു. അതിന്റെ പേരിൽ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. അതിന്റെ പേരിലാണ് പാർട്ടി തനിക്കെതിരേ കമ്മിഷനെ വച്ച് അന്വേഷണം പ്രഖ്യാപിച്ചത്. അതിനെതിരേ താൻ നൽകിയ കത്തിന് ഇതുവരെ പാർട്ടി മറുപടി പോലും നൽകിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പട്ടക ജാതി സീറ്റായ ദേവികുളത്തു നിന്ന് മൂന്നു തവണ മത്സരിച്ചു വിജയിച്ചയാളാണ് രാജേന്ദ്രൻ. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി അദ്ദേഹത്തിനു സീറ്റ് നൽകിയില്ല. ഇതിന്റെ പേരിൽ ഇടഞ്ഞു നിൽക്കുന്ന രാജേന്ദ്രൻ സമീപകാലത്ത് നടക്കുന്ന പാർട്ടി പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. ഇടുക്കി ജില്ലാ സെക്രട്ടേറയറ്റ് അം​ഗമായ രാജേന്ദ്രൻ പാർട്ടി വിടുന്നു എന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്ന് മുതിർന്ന നേതാവ് എം.എം. മണി പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് വിശദീകരണവുമായി രാജേന്ദ്രൻ ചില മാധ്യമങ്ങളോടു പ്രതികരിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അം​ഗമെന്ന നിലയിൽ ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ട ഒരാൾ അതിൽ നിന്നു മനഃപൂർവം മാറിനിൽക്കുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്നും മണി കൂട്ടിച്ചേർത്തു.
അതേ സമയം എം.എം മണിയുമായള്ള ഭിന്നതകളാണ് രാജേന്ദ്രനു പുറത്തേക്കുള്ള വഴി തുറക്കുന്നത്. മൂന്നു തവണ എംഎൽഎയും ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു രാജേന്ദ്രൻ. ഇതിനെക്കാൾ കൂടുതൽ പാർട്ടിയിൽ നിന്ന് എന്താണു രാജേന്ദ്രനു വേണ്ടത്? ജീവിതകാലം മുഴുവൻ സർക്കാർ പെൻഷൻ ലഭിക്കും. മരിച്ചു കഴിഞ്ഞാൽ കുടുംബത്തിനു പെൻഷൻ കിട്ടും. അതൊക്കെ പോരേ? എന്നിട്ടും ഉത്തരവാദിത്വപ്പെട്ട പദവിയിലിരുന്ന് പാർട്ടിയെ ചതിക്കുകയാണ് രാജേന്ദ്രൻ ചെയ്യുന്നത്. കുടിക്കുന്ന വെള്ളത്തിൽ വിഷം കലർത്തുന്നതു പോലാണത്. അത് അനുവദിക്കില്ല. രാജേന്ദ്രനെ പാർട്ടി പുറത്താക്കും- മണി കഴിഞ്ഞ ദിവസം തുറന്നടിച്ചു.
എന്നാൽ, പാർട്ടിയിലെ അച്ചടക്ക നടപടി മൈക്കു കെട്ടി മൈതാനത്തല്ല പ്രഖ്യാപിക്കേണ്ടന്നതെന്ന് രാജേന്ദ്രൻ തിരിച്ചടിച്ചു. മണിയുടെ അഭിപ്രായം അദ്ദേഹം പാർട്ടി ഘടകങ്ങളിൽ പറയണമായിരുന്നു. അല്ലാതെ മൈതാനപ്രസം​ഗം നടത്തി പ്രഖ്യാപിച്ചതു ശരിയായില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. ജില്ലാ സമ്മേളനം തുടങ്ങുന്നതിനു മുൻപ് രാജേന്ദ്രനെതിരേ നടപടി ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ അനുകൂലികൾ കരുതുന്നു. അതിനു കാത്തു നിൽക്കാതെ രാജി വച്ച് മറ്റേതെങ്കിലും പാർട്ടികളിൽ ചേരാനാണ് അദ്ദേഹത്തിന്റെ വിശ്വസ്തർ ഉപദേശിക്കുന്നത്.

Related posts

Leave a Comment