കോഴ്സുകളുടെ അംഗീകാരത്തിന് ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല സമീപിച്ചിട്ടില്ലെന്ന് കേന്ദ്രം ; സർക്കാരിന്റെ പിടിപ്പുകേട് പുറത്തായത് എം കെ രാഘവൻ എംപിയുടെ ഇടപെടലിനെ തുടർന്ന്

ന്യൂഡൽഹി: ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലാ കോഴ്സുകളുടെ അംഗീകാരം സംബന്ധിച്ച് സർവ്വകലാശാലയുടെ ഭാഗത്ത് നിന്ന് അപേക്ഷകളൊന്നും യു.ജി.സി ക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പാർലമെൻറിൽ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് എം.കെ രാഘവൻ എം.പി ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനാണ് വിദ്യാഭ്യാസ മന്ത്രാലയം മറുപടി നൽകിയത്.

2020 ഒക്ടോബർ മാസമാണ് ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല സംസ്ഥാന സർക്കാർ ഉദ്ഘാടനം ചെയ്തത്. യു.ജി.സി അംഗീകാരം കിട്ടുന്നതിന് മുൻപായിരുന്നു ഉദ്ഘാടനം. 2021-22 അക്കാദമിക്ക് വർഷം തന്നെ കോഴ്സുകൾ ആരംഭിക്കുമെന്നായിരുന്നു ഉദ്ഘാടനത്തിലും തുടർന്നും സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനിപ്പുറവും സർവ്വകലാശാലയുടെ ഭാഗത്ത് നിന്ന് കോഴ്സുകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി യു.ജി.സി ക്ക് മുൻപാകെ അപേക്ഷ പോലും സമർപ്പിച്ചിട്ടില്ല എന്ന കാര്യം വ്യക്തമാവുന്നത്.

വിദൂരപഠനത്തിനായി ഓപ്പൺ സർവ്വകലാശാല രൂപീകരിച്ചതോട് കൂടി സംസ്ഥന ത്തെ പ്രമുഖ സർവ്വകലാശാലകൾ വിദൂരപഠനവും പ്രൈവറ്റ് രജിസ്റ്റ്രേഷനും ഏതാണ്ട് അവസാനിപ്പിച്ചിരുന്നു. ഇത്തരത്തിൽ സർവ്വകലാശാല നിലവിൽ വരുന്നതോട് കൂടി മറ്റ് സർവ്വകലാശാലകൾ വിദൂര കോഴ്സുകൾ അവസാനിപ്പിക്കണമെന്ന നിബന്ധനയും നിയമസഭ പാസാക്കിയ നിയമ നിമ്മാണത്തിൽ പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്.

കോഴ്സുകൾക്ക് അംഗീകാരം കിട്ടാത്തത് യു.ജി.സി പോർട്ടൽ തുറക്കാത്തതുകൊണ്ടാണെന്ന് സർവ്വകലാശാല വൈസ് ചാൻസലർ ഈ വർഷം ജൂണിൽ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതേ കാലയളവിൽ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾ വിദൂര പഠനത്തിന് കോഴ്സുകളുടെ അംഗീകരാത്തിനായി അപേക്ഷിക്കുകയും, സർവ്വകലാശാലകളുടെ മുൻ കാല മികവുകളുടെ അടിസ്ഥാനത്തിൽ പതിവിൽ നിന്ന് വിപരീതമായി 2021 മുതൽ അഞ്ച് വർഷക്കാലയളവിലേക്ക് ഈ സർവ്വകലാശാലകളിലെ ഏതാനും വിദൂര കോഴ്സുകൾക്ക് അംഗീകാരവും നൽകിയിരുന്നു.

ഇത്തരത്തിൽ അംഗീകാരത്തിൻറെ കാര്യത്തിൽ വ്യക്തത വരുത്താതെ സർവ്വകലാശാല ഉദ്ഘാടനം ചെയ്തതിലൂടെയും ഇത് മൂലം മറ്റ് സർവ്വകലാശാലകൾക്ക് വിദൂരപഠനം നിഷേധിക്കുന്നതരത്തിൽ നിയമ നിർമ്മാണം നടത്തിയതിലൂടെയും ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾ സംസ്ഥാനത്ത് ബുദ്ധിമുട്ടിലാണെന്ന് എം.പി വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഓപ്പൺ സർവ്വകലാശാലയോടൊപ്പം തന്നെ പരമ്പരാഗതമായി വിദൂര കോഴ്സുകൾ നൽകിവന്നിരുന്ന മറ്റ് സർവ്വകലാശാലകളിലും വിദൂര പഠന വിഭാഗം തുടരുന്നതിനായി അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും എം.പി വ്യക്തമാക്കി.

Related posts

Leave a Comment