കടലുണ്ടി പുഴയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു


മലപ്പുറം : പൊതുജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് കടലുണ്ടി പുഴയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മലപ്പുറം നൂറാടി കടവില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഇനത്തിലുള്ള നാല് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇതോടെ 20 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് ജില്ലയില്‍ വിവിധ പുഴകളിലായി ഫിഷറിസ് വകുപ്പ് നിക്ഷേപിച്ചത്. ഭാരത പുഴയുടെ തിരുനാവായ ബന്തര്‍ കടവ്, കടലുണ്ടി പുഴയിലെ പറപ്പൂര്‍ തോണിക്കടവ്, ചാലിയാര്‍ പുഴയുടെ കുണ്ടുതോട്, ഭൂദാനം കടവുകള്‍ എന്നിവിടങ്ങളില്‍ നേരത്തെ നാല് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ വീതം നിക്ഷേപിച്ചിരുന്നു. ഫിഷറീസ് വകുപ്പിന്റെ ഹാച്ചറിയില്‍ വളര്‍ത്തിയെടുത്ത മത്സ്യ കുഞ്ഞുങ്ങളെയാണ് പൊതുജലാശയങ്ങളില്‍ നിക്ഷേപിക്കുന്നത്. നൂറാടി കടവില്‍ നടന്ന പരിപാടി പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ സക്കീര്‍ ഹുസൈന്‍, സിദ്ധിഖ് നൂറേങ്ങല്‍, കൗണ്‍സിലര്‍മാരായ സി.എച്ച്. നൗഷാദ്, മഹ്മൂദ്, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ചിത്ര, ഫിഷറീസ് ഓഫീസര്‍ ടി. ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

Leave a Comment