ലുലുമാൾ ഉദ്ഘാടനത്തിന് മുമ്പേ കോർപ്പറേഷന് ലഭിച്ചത് കോടികൾ

തിരുവനന്തപുരം: തലസ്ഥാനത്ത് ലുലു മാളിന്റെ പുതിയ ഷോപ്പിങ് കോംപ്ലക്സ് ഡിസംബർ 16-ന് തുറക്കാനിരിക്കെ, നികുതി ഇനത്തിൽ തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ചത് 3.5 കോടി രൂപ. ലൈബ്രറി സെസ്, സേവന നികുതി എന്നീ ഇനങ്ങളിലായി 3,51,51,300 രൂപയാണ് ലുലുമാൾ അധികൃതർ കോർപ്പറേഷനിൽ അടച്ചത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായെന്ന് എന്‍ജിനീയറിംഗ് വിഭാഗം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മാര്‍ച്ച്‌ 19നാണ്. അസസ്‌മെന്റ് പൂര്‍ത്തിയായ ദിവസം മുതല്‍ നികുതി നിര്‍ണയിക്കണമെന്നുള്ളതിനാലാണ് ഈ സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി മുഴുവനായി അടയ‌ക്കേണ്ടി വന്നത്.
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാളാണ് തിരുവനന്തപുരത്തേത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ടെക്‌നോപാര്‍ക്കിനു സമീപം ആക്കുളത്ത് നിർമിച്ചിരിക്കുന്നത്. രണ്ടുലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. ഇതോടൊപ്പം ലുലു കണക്‌ട്, ലുലു സെലിബ്രേറ്റ്, 200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകള്‍, 12 സ്‌ക്രീന്‍ സിനിമ, 80,000 ചതുരശ്രയടിയില്‍ കുട്ടികള്‍ക്കായി ഏറ്റവും വലിയ എന്റര്‍ടെയിന്മെന്റ് സെന്റര്‍, 2,500 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഫുഡ്‌കോര്‍ട്ട്, എന്നിവ മാളിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3,500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം ഉള്‍പ്പെടെയുള്ള മാളിന്റെ വിശാല പാര്‍ക്കിംഗ് സൗകര്യം എന്നിവയും മാളിനെ ശ്രദ്ധേയമാക്കുന്നു. ബേസ്‌മെന്റില്‍ മാത്രം ആയിരം വാഹനങ്ങള്‍ക്കും അഞ്ഞൂറ് വാഹനങ്ങള്‍ക്കുള്ള ഓപ്പണ്‍ പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടെയാണിത്. ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് സുഗമമായി മാളലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാര്‍ക്കിംഗ് ഗൈഡന്‍സ് എന്നീ അത്യാധുനിക സംവിധാനവും മാളില്‍ ക്രമീകരിച്ചിട്ടുണ്ട്.
മാളിന്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആര്‍ക്കിടെക്‌ട് സ്ഥാപനമായ ഡിസൈന്‍ ഇന്റര്‍നാഷണലാണ് മാളിന്റെ ട്രാഫിക് ഇംപാക്‌ട് പഠനവും നടത്തിയത്. ഷോപ്പിംഗ് മാള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വിവിധ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഇതിനകം ലഭിച്ചു കഴിഞ്ഞതായി ലുലു തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയ് സദാനന്ദന്‍ നായര്‍ അറിയിച്ചു. ഡിസംബർ 17ന് പൊതുജനങ്ങൾക്കായി മാൾ തുറന്നുകൊടുക്കും.

Related posts

Leave a Comment