തിരുവനന്തപുരം ലുലുമാൾ തുറന്നു ; നാളെ മുതൽ ജനങ്ങൾക്ക് പ്രവേശനം

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ തിരുവനന്തപുരം ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നാളെ രാവിലെ 9 മണി മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.
1971ലെ ഇന്ത്യ – പാക് യുദ്ധ വിജയവും ധീര സൈനികരെയും സ്മരിച്ച് ഒരു നിമിഷത്തെ മൗനാചരണത്തോടെയായിരുന്നു മാളിൻ്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, എം പിമാരായ ശശി തരൂർ, ജോസ് കെ മാണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കടകംപളളി സുരേന്ദ്രൻ എംഎൽഎ , സിനിമാ താരം മമ്മൂട്ടി,കടകംപളളി സുരേന്ദ്രൻ എംഎൽഎ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ യു എ ഇ വിദേശ-വ്യാപാര മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയ്ദി മുഖ്യാതിഥിയും ഇന്ത്യയിലെ യു എ ഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന പ്രത്യേക ക്ഷണിതാവുമായിരുന്നു.
വികസനത്തിനായി കേരളത്തിന് വേണ്ടി തൻ്റെ പരമാവധി ശേഷി വിനിയോഗിക്കുന്ന വ്യവസായിയാണ് എംഎ യൂസഫലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തലസ്ഥാനത്ത് മഹാവിസ്മയം തീർത്ത ലുലു ഗ്രൂപ്പിനെ അഭിനന്ദിച്ച വി ഡി സതീശൻ കേരളത്തെ സ്നേഹിക്കുന്ന വ്യവസായിയാണ് യൂസഫലിയെന്ന് കൂട്ടിച്ചേർത്തു. കേരളത്തിലെ മറ്റൊരു സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ എം എ യൂസഫലി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. യൂസഫലിയുടേത് വിലമതിക്കാനാവാത്ത സേവനങ്ങളെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
വ്യവസായ – തൊഴിൽ സംരംഭങ്ങളിൽ ബിഗ് ബ്രാൻഡായി യൂസഫലി തുടരട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു. ലുലു മാൾ പരിസ്ഥിതി സൗഹൃദമായ നിർമ്മാണം ഉറപ്പുവരുത്തിയതിന് ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ നൽകിയ ഗോൾഡ് സർട്ടിഫിക്കറ്റ് ചടങ്ങിൽ ലുലു ഗ്രൂപ്പിന് കൈമാറി. കൗൺസിൽ ചെയർമാൻ വി സുരേഷ് ആണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ചടങ്ങിന് ശേഷം മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും മാളിലെ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി.
കേരളത്തിൻ്റെ ഷോപ്പിംഗ് അനുഭവം ഒരു കുടക്കീഴിലാക്കുന്ന തലസ്ഥാനത്തെ ലുലു മാൾ രണ്ടായിരംകോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ടെക്നോപാർക്കിന് സമീപം ആക്കുളത്ത് പണികഴിപ്പിച്ചിരിക്കുന്നത്.2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം.

Related posts

Leave a Comment