പ്രണയം രക്തച്ചൊരിച്ചിലാകരുത് ; ലേഖനം വായിക്കാം

നീലിമ വിനോദ്

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുവാനും അവസ്ഥകൾ മനസ്സിലാക്കാനും പഠിക്കാത്തപ്പോഴാണ്,ആ പക്വത ഇല്ലാത്തപ്പോഴാണ് ബന്ധങ്ങൾ അരോചകമായി  മാറുന്നത്.പ്രണയബന്ധത്തിലും വിവാഹബന്ധത്തിലും നിലനിൽക്കുന്ന പുരുഷാധിപത്യ സ്വഭാവവും ഇതിന് പ്രധാന കാരണമായി മാറുന്നുണ്ട്. ഒരാൾ പറയുന്നത് പോലെ മാത്രം കാര്യങ്ങൾ മുന്നോട്ട് പോവുകയും, എപ്പോഴും  പൊരുത്തപ്പെടേണ്ടിയും വരുന്നത്  അപ്പുറത്തെ ആൾ മാത്രം ആവുമ്പോൾ, പ്രതീക്ഷിച്ചത് പോലെ മനോഹരമായി ആ ബന്ധം മുന്നോട്ട് പോകണമെന്നില്ല.
ജനാധിപത്യപരമല്ലാത്ത, പുരുഷമേധാവിത്വപരമായ കുടുംബ സംവിധാനവും ബന്ധങ്ങളുമാണ് ഇതിന് അടിസ്ഥാനം.

പ്രണയത്തിൽ ആവുന്നതിന് മുൻപേ തന്നെ ഈ പറയുന്ന തെറ്റായ ചിന്താഗതികൾ നമ്മുടെ ഉള്ളിൽ കയറുന്നുവെന്നതാണ് വാസ്തവം. അവൾ എന്റെ അല്ലെങ്കിൽ മറ്റാർക്കും അവളെ കിട്ടണ്ട എന്ന മനോഭാവത്തിൽ, പ്രണയം നിരസിച്ചത് കൊണ്ട് നടന്ന എത്രയെത്ര കൊലപാതകങ്ങൾ..? പ്രണയത്തിൽ ആയതിന് ശേഷം ആ ബന്ധത്തിൽ തുടരാൻ തയ്യാറല്ലെന്ന് പറഞ്ഞത് കൊണ്ട് നടന്ന എത്രയെത്ര അനിഷ്ഠ സംഭവങ്ങൾ ..?. വലിയ ആഘോഷമായി ഒരാളോട് പോയി പ്രണയം പറയുമ്പോൾ, അവൾ അത് നിരസിച്ചാൽ, താൻ തന്റെ സുഹൃത്തുക്കളോട് എന്ത് പറയും, ‘താൻ സമൂഹത്തിന് മുന്നിൽ നാണം കെടില്ലേ’ എന്നൊക്കെയുള്ള അനാവശ്യ ആശങ്കകളും,
പ്രണയിച്ച് കൊണ്ടിരിക്കുമ്പോൾ തുടരാൻ താത്പര്യമില്ലെന്ന് പറഞ്ഞൽ, മറ്റുള്ളവരോട് എന്ത് പറയുമെന്നും, അവൾ ഇല്ലാതെ തനിക്ക് പറ്റുമോ എന്ന പേടിയും ഒക്കെ കൊണ്ട് എത്രയോ കൊലകൾ നടക്കുന്നു.

സാമൂഹിക ഭീതി നമ്മളെയൊക്കെ എത്രമാത്രം കീഴ്പ്പെടുത്തിയിരിക്കുകയാണ് ? തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങൾക്ക് ഏറെക്കുറെ സമൂഹത്തിന്റെ മനോഭാവവും കാരണം തന്നെയാണ്. ഒരാൾ തന്റെ പ്രണയബന്ധം അവസാനിച്ചാൽ, ‘അവൾ നിന്നെ തേച്ചോ’ എന്ന് ചോദിച്ച് അവനെ കളിയാക്കുന്നതിന് പകരം, അവരെ ചേർത്ത് നിർത്താൻ നോക്കിയാൽ കുറെ ഏറെ പ്രശ്നങ്ങൾ തീരും. അവർക്കിടയിലെ പ്രശ്നം അവർ രണ്ടുപേരും തന്നെ അറിയുക എന്നല്ലാതെ മൂന്നാമൊതരാൾക്ക് അത് അനാവശ്യമായി ചോദിച്ച് ബുദ്ധിമുട്ടിപ്പിക്കുവാനുള്ള അർഹത ഇല്ല. ഇതൊന്നും അറിഞ്ഞില്ലെങ്കിലും മുൻവിധികളോടെ പലതും ആലോചിച്ച് കൂട്ടി പറഞ്ഞ പരത്തുവാൻ  കുറെ ആളുകളുണ്ടാകും.

ഇത്തരം ബന്ധങ്ങളിലേക്ക് നയിക്കപ്പെടുന്നതിൽ പെൺകുട്ടികൾക്കും കൃത്യമായ പങ്കുണ്ട്. ആനാവശ്യമായ വിധേയത്തം പലപ്പോഴും പ്രണയത്തെ അപകടം വരുത്തി വക്കാറുണ്ട്.
“അവൻ എനിക്ക് അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ തരുന്നുണ്ട്”, “അവന് ഞാൻ ഇത് ചെയ്യുന്നത് ഇഷ്ടമല്ല, അത് ചെയ്യുന്നത് ഇഷ്ടമല്ല” എന്നൊക്കെ പറയുമ്പോൾ, ഇന്നലെ വരെ നിങ്ങൾക്ക് ഉണ്ടായിരിന്ന സ്വാതന്ത്ര്യം, അടുത്ത ദിവസം നിങ്ങൾ പ്രണയത്തിൽ ആയാൽ മറ്റൊരാളുടെ ഔദാര്യമായി മാറുന്നത് എങ്ങനെയെന്ന് ചിന്തിച്ച് നോക്കുക. ശരിക്കും പ്രണയത്തെ ജീവിതമായി കാണാതെ, ജീവിതത്തിലെ ഒരു ഭാഗമായി മാത്രം പ്രണയത്തെ കാണുക. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യേണ്ടത് രണ്ടാമതൊരാളുടെ അനുവാദത്തിന് കാത്തുനിന്നിട്ടല്ല. ഒന്നും ഒന്നിനോട് മാത്രം ചേർന്നതല്ലെന്ന വസ്തുത നാം ഉൾക്കൊള്ളേണ്ടതാണ്.

പ്രണയത്തിന്റെ അർത്ഥം ശ്വാസം മുട്ടിച്ച് കൊല്ലുകയെന്നതല്ല. നിങ്ങൾ പ്രണയിക്കുന്ന ആളുടെ ജീവിതത്തിൽ എന്ത് നടന്നാലും അത് നിങ്ങളോട് തന്നെ, നിങ്ങളോട് മാത്രമേ പറയാകുവെന്നുള്ള ചിന്താഗതി മാറണം.  നിങ്ങൾക്ക് ഒരാളോട് പ്രണയം തോന്നിയാൽ, അത് അവിടെ പറയണം എന്ന് തോന്നിയാൽ, പറയുക. അതിനും അപ്പുറത്തേക്ക് നിങ്ങൾക്ക് ഒന്നിനും അവകാശമില്ല. “വേണ്ട” എന്ന് പറഞ്ഞാൽ, അയാൾ അത് നിരസിച്ചു എന്ന് മനസ്സിലാക്കണം. അല്ലാതെ പിന്നെയും പുറകെ പോയി ശല്യപ്പെടുത്തരുത്ത്. പ്രണയം ഏതെങ്കിലും സാഹചര്യത്തിൽ, തുടരുവാൻ ആകാത്ത സാഹചര്യം ഉണ്ടാകുമ്പോൾ, അവിടെ നിന്നും നടന്ന് നീങ്ങുകയെന്നല്ലാതെ, നിങ്ങൾക്ക് അതിൽ കൂടുതലൊന്നും ചെയ്യാനില്ല. ഇന്നലെ വരെ പ്രിയപ്പെട്ടതായി കണ്ടതിനെ വെറുപ്പോടെ സമീപിക്കുവാനും, പ്രതികാരം ചെയ്യുവാൻ ഇറങ്ങുന്നതിനും അർത്ഥമില്ല.

പ്രണയം അനശ്വരത സമ്മാനിക്കുന്ന അനുഭൂതിയാണ്. നഷ്ടപ്പെടുമ്പോൾ കടാരയെടുക്കാത്ത നഷ്ടപ്രണയങ്ങളും നമ്മെ കടന്നുപോയിട്ടുണ്ട്. എത്രയോ പ്രണയബന്ധങ്ങൾ അവിസ്മരണീയമായി കടന്നുപോയ ചുറ്റുപാടാണിത്. ഇനിയുമേറെ പ്രണങ്ങളുണ്ടാകണം. ചേർത്തുനിർത്തലിന്റെ, പരിലാളനയുടെ പ്രതീകമായി ഇനിയുമേറെ പ്രണയങ്ങൾ വിടരട്ടെ.

Related posts

Leave a Comment