മഞ്ഞിൽ‌ വിരിഞ്ഞു പൂത്തുലഞ്ഞ പ്രണയം, അവസാന ശ്വാസം വരെയും വേർപിരിയാതെ

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ “മഞ്ഞണികൊമ്പിൽ
ഒരു കിങ്ങിണിത്തുമ്പിൽ” എന്ന ഗാനം മഹാരാജാസിൻ്റെ വേദിയിൽ നിന്ന് കെ എസ് യു പ്രവർത്തകയും കോളേജ് യൂണിയൻ പ്രതിനിധിയും പാട്ടുകാരിയുമായ ഉമ ഹരിഹരയ്യർ പാടുന്നു. അന്നേരമാണ് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് പി.ടി.തോമസ് സ്‌റ്റേജിലേക്ക് കയറിച്ചെന്നത്. ആ ദിവസമാണ് ഉമ പി ടിയെ ആദ്യമായി കാണുന്നതും. അതേ സമയം പി ടി ഉമയെ അതിനുമുമ്പേ പലവട്ടം കണ്ടിട്ടുണ്ട്.
ഉമയോട് പി ടിയ്ക്ക് നേരത്തെ ഇഷ്ടം തോന്നിയിരുന്നു. പിന്നീട് ഇരുവരും സൗഹൃദം തുടർന്നു. സൗഹൃദം പ്രണയമായി ഇരുവരും മനസ്സിൽ സൂക്ഷിച്ചു. ഉമയ്ക്ക് വിവാഹാലോചനകൾ വരുന്നെന്നറിഞ്ഞ് പ്രണയം നേരിൽ പറഞ്ഞ് വിവാഹാഭ്യർത്ഥന നടത്താൻ പിടി ഉമയെ വിളിച്ച് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. ഉമ രണ്ട് കൂട്ടുകാരികളേയും കൂട്ടി ലേഡീസ് ഹോസ്റ്റലിൻ്റെ പരിസരത്ത് വച്ച് പി ടിയെ കണ്ടു. പ്രണയം നേരിട്ട് അവതരിപ്പിക്കാൻ ചെന്ന പി ടി കൂട്ടുകാരികളെ കണ്ട് കാര്യം പറയാതെ തിരികെ മടങ്ങി. പക്ഷേ, അന്ന് രാത്രി തന്നെ ഫോണിൽ വിളിച്ച് പ്രണയം തുറന്നു പറഞ്ഞു. വിവാഹത്തിലോട്ട് സംസാരമെത്തി. ഉമയ്ക്കും ഇഷ്ടമായി. ഉമ വീട്ടുകാരെക്കുറിച്ച് ആലോചിച്ചു. ബ്രാഹ്മണ സമുദായത്തിൽ പിറന്ന ഉമയുടെ വിവാഹം കത്തോലിക്കനായ തോമസുമായി നടത്താൻ വീട്ടുകാർ തയ്യാറാവില്ലന്ന് ഉറപ്പ്.
അതേ സമയം പി ടിയുടെ വീട്ടിൽ വലിയ പ്രശ്നമില്ല.കല്യാണം പള്ളിയിൽ വച്ച് നടത്തണം എന്ന ഒറ്റ നിബന്ധനമാത്രം. പ്രണയം രജിസ്റ്റർ മാരേജിലെത്തി. വയലാർ രവിയ്ക്കും ഭാര്യ മേഴ്സിക്കും ഇവരുടെ പ്രണയം നേരത്തെ അറിയാമായിരുന്നു. മേഴ്സി ഉമയ്ക്കായി അന്നേ ദിവസം ധരിക്കാൻ സാരിയും അണിയാൻ താലിമാലയും വാങ്ങി നൽകി. അങ്ങനെ പ്രണയക്കല്യാണം അനാർഭാടമെങ്കിലും കൂട്ടുകാരും പാർട്ടിയും ആഘോഷമാക്കി.
രജിസ്റ്റർ മാരേജ് ദിവസം.
ഉമയെ കൂട്ടാൻ പി ടി കാറുമായി ഉമയുടെ വീട്ട് പരിസരത്ത് നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് രാവിലെ എത്തി.അപ്പോൾ ഉമ വീടിന് മുന്നിൽ കോലമിടുകയായിരുന്നു. അവിടെ നിന്നാണ് പിടി ഉമയെ വിളിച്ചിറക്കിക്കൊണ്ടു പോയത്. കട്ടയ്ക്കു കൂടെ നിന്നത് കെഎസ്‌യു പ്രവർത്തകരും പാർട്ടി നേതാക്കളും.
രജിസ്റ്റർ മാര്യേജ് കഴിഞ്ഞ ദിവസം തന്നെ കോതമംഗലം പള്ളിയിൽ വച്ച് തോമസ് ഉമയുടെ കഴുത്തിൽ താലിചാർത്തി. ദമ്പതികൾ ഇടുക്കിയിലെ പി ടി യുടെ വീട്ടിൽ താമസവുമാരംഭിച്ചു. ബന്ധത്തെ എതിർത്ത ഉമയുടെ വീട്ടുകാർ വിവാഹം അംഗീകരിക്കാതെ പിണങ്ങി അകന്നു നിന്നു. മകൻ വിഷ്ണു ജനിച്ചശേഷമാണ് ഉമയുടെ വീട്ടുകാരുടെ മനസ്സലിഞ്ഞത്. പിന്നീട് ഇരു കുടുംബങ്ങളും സഹകരിച്ചു ജീവിച്ചു.
പി ടിയും ഉമയും അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിച്ചു. മക്കൾ വിഷ്ണുവിനും വിവേകിനും മാമ്മോദിസ മുക്കിയില്ല.
സ്വാമി വിവേകാനന്ദനോടുള്ള ആരാധനയാണ് രണ്ടാമത്തെ മകൻ്റെ പേരായ വിവേക്. മൂത്ത മകൻ വിഷ്ണു വിവാഹം കഴിച്ചതും ഒരു ഹിന്ദു യുവതിയെ. മരണം പി.ടിയുടെ കൈ കവരുമ്പോഴും വിട്ടുകൊടുക്കാതെ ഉമ അടുത്തുണ്ടായിരുന്നു. പക്ഷേ, അവസാനത്തെ തീരുമാനം പരമോന്നതന്റെ പക്കാലണെന്ന തിരച്ചറിവിൽ അവർ കരഞ്ഞു തളർന്ന് പ്രിയ തോമസിന്റെ അടുത്തു തന്നെയിരുന്നു. കണ്ണിമചിമ്മാതെ.
പക്ഷേ, പി.ടിയുടെ നിലപാടുകളോട് പള്ളി എതിർപ്പ് തുടർന്നു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാട് എടുത്തതിൻ്റെ പേരിൽ പി ടി തോമസ് ജീവിച്ചിരുന്നപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ ശവഘോഷയാത്രയും ശവമടക്കും നടത്തി എന്നത് ചരിത്രത്തിൻ്റെ ഭാഗം.
യഥാർത്ഥ വൈദികരും കന്യാസ്ത്രീകളുമാണ് അന്ന് ഒപ്പീസ് ചൊല്ലി ശവഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയത്. അത് പി.ടി. തോമസിനെ വല്ലാതെ ഉലച്ചു. പക്ഷേ, നിലപാടിൽ വിട്ടുവീഴ്ച ചെയ്തില്ല. ​ഗാഡ്​ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചതിനു പി.ടി തോമസിന്റെ ശവഘോഷയാത്ര നടത്തിയ പലരും മരിച്ചപ്പോൾ കോവിഡ് മാനദണ്ഡങ്ങൾമൂലം വളരെ കുറച്ചു പേർക്കുമാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ ഇന്നലെ അന്തരിച്ച പി.ടി. തോമസിന്റെ ഭൗതിക ശരീരം ഒരു നോക്കു കാണാൻ മണിക്കൂറുകളാണ് ആയിരക്കണക്കിന് ആലുകൾ കാത്തു നിന്നത്. ഉപ്പുതോട് മുതൽ എറണാകുളം വരെയുള്ള പാതയോരങ്ങളിലും പതിനായിരങ്ങൾ കാത്തുനില്പുണ്ടായിരുന്നു.

(കഴിഞ്ഞ ഫെബ്രുവരി 14 വാലന്റൈൻ ദിനത്തിൽ എറണാകുളം മഹാരാജാസിലെ പിരിയൻ ഗോവണിയിൽ വച്ച് എസ്.എസ്. ചന്ദ്രപ്രകാശ്. എടുത്ത ചിത്രമാണ് ഈ കുറിപ്പിനൊപ്പം. പി.ടിയും പ്രിയതമ ഉമയുമൊരുമിച്ചുള്ള അവസാന പ്രണയ ചിത്രം.)

Related posts

Leave a Comment