തോക്കിന്‍ മുനയിലെ പ്രണയം

കൊച്ചിഃ കേരളത്തിന്‍റെ ക്രൈം റെക്കോഡ്സ് ബ്യൂുറോയില്‍ പുതിയൊരു ടൈപ്പ് ക്രൈം കൂടി രേഖപ്പെടുത്തപ്പെട്ടു. സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന പ്രഹരശേഷി വളരെ കൂടിയ തോക്ക് ഉപയോഗിച്ച് പ്രണയ പങ്കാളിയെ വകവരുത്തുന്ന നിയലിയേക്ക് ടീനേജ് ലവ് മാറിയിരിക്കുന്നു. കോതമംഗലം ഇന്ദിരാഗാന്ധി ഡെന്‍റല്‍ കോളെജിലെ ഹൗസ് സര്‍ജന്‍ മാനസയെ കൊലപ്പെടുത്താന്‍ പ്രതി രാഖില്‍ ഉപയോഗിച്ചത് സൈനികര്‍ ഉപയോഗിക്കുന്ന 7.62 എംഎം റൈഫിളാണെന്നു പോലീസ് സ്ഥിരീകരിക്കുന്നു. എന്നാല്‍ ഫോറന്‍സിക്ക് വിദഗ്ധരും ബാലസ്റ്റിക് വിദഗ്ധരും നടത്തുന്ന കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ അതിന്‍റെ നിജസ്ഥിതി മനസിലാക്കാനാകൂ. പക്ഷേ, പോലീസ് ഒരു കാര്യം ഉറപ്പാക്കി- ഇത്രയും മാരകശേഷിയുള്ള ആയുധം ഉപയോഗിച്ചു കേരളത്തില്‍ ഒരു കൊലപാതകം ഇതാദ്യം.

ഇന്ത്യയിലെന്നല്ല ലോകത്തു തന്നെ അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കൊലപാതക പരമ്പരകളാണു കേരളത്തിലിപ്പോള്‍ അരങ്ങേറുന്നത്. ഒരു വര്‍ഷം മുന്‍പ് അടൂര്‍ പറക്കോട്ട് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെന്ന യുവതിയെ കൊലപ്പെടുത്തിയതാണ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ ഒരു കൊലപാതകം. രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ കലാശിച്ച കൊല്ലം ചാത്തന്നൂര്‍വ്യാജ കാമുക കേസ് മറ്റൊരു സമസ്യ. എന്നാല്‍, പ്രണയപ്പക തീര്‍ക്കാന്‍ പട്ടാളക്കാരന്‍റെ തോക്ക് തന്നെ ഉപയോഗിച്ച രാഖിലെന്ന കൊടുംക്രൂരന്‍റെ പൈശാചികത സമാനതകളില്ലാത്തതും.

7.62 എംഎം പിസ്റ്റള്‍

ഉയര്‍ന്ന റാങ്കിലുള്ള സൈനികോദ്യോഗസ്ഥര്‍ക്ക് സ്വയം രക്ഷയ്ക്കും അ പ്രതീക്ഷിതമായി മുന്നിലെത്തുന്ന ശത്രുവിനെ കീഴ്പ്പെടുത്താനും ഉപയോഗിക്കുന്നതാണിത്. വിരമിക്കുന്ന സൈനികര്‍ക്ക് ഇതു സ്വന്തം ആവശ്യങ്ങള്‍ക്കായി ലൈസന്‍സിന് വിധേയമായി വിട്ടുകൊടുക്കാറുണ്ട്. പിന്നീടെപ്പോഴെങ്കിലും ഇവര്‍ക്കത് വില്‍ക്കാനും സ്വാതന്ത്ര്യമുണ്ട്. എല്ലാത്തിനും ജില്ലാ മജിസ്ട്രേട്ടിന്‍റെ അനുമതിയും വേണം. ഈ തോക്ക് ആര്‍ച്ചറികള്‍ മുഖേന മറ്റാര്‍ക്കെങ്കിലും വാങ്ങാനും കഴിയും. അടുത്ത കാലത്തായി മുംബൈ കേന്ദ്രീകരിച്ചുള്ള ചില ആയുധക്കച്ചവടക്കാര്‍ക്ക് ഇത്തരം തോക്കുകള്‍ യഥേഷ്ടം ലഭ്യമാണെന്ന വിവരവും ലഭിച്ചു. ഈ തോക്ക് ഓണ്‍ ലൈനായി ഇന്ത്യയിലെവിടെയും വാങ്ങാന്‍ കിട്ടുമെന്നാണ് പോലീസ് പറയുന്നത്. ഈ സാധ്യത രാഖില്‍ ഉപയോഗപ്പെടുത്തിയോ എന്നാണു പോലീസ് പരിശോധിക്കുന്നത്.

പ്രണയം തുടങ്ങിയതു ബംഗളൂരുവില്‍

രാഖില്‍ മാനസയെ പരിചയപ്പെട്ടത് സമൂഹമാധ്യമത്തിലൂടെയാണെന്നു പോലീസ് സ്ഥിരീകരിക്കുന്നു. രാഖില്‍ ബംഗളൂരുവില്‍ എംബിഎയ്ക്കു പഠിക്കുമ്പോഴാണ് ഇന്സ്റ്റാഗ്രാം വഴി ഇരുവരും പരിചയപ്പെട്ടത്. മികച്ച സൗഹൃദത്തിലൂടെ തുടങ്ങിയ പരിചയം രാഖില്‍ പ്രണയത്തിലേക്കു വഴിതിരിച്ചുവിട്ടു. എന്നാല്‍, മാനസ ഇതിനോടു യോജിച്ചില്ല. ശല്യം കൂടിയപ്പോള്‍ വീട്ടില്‍ പരാതിപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥനായ അച്ഛന്‍റെ സഹായത്തോടെ, പോലീസില്‍ പരാതിയും നല്‍കി. ഇനി മേലില്‍ മാനസയെ ശല്യപ്പെടത്തില്ലെന്ന് പോലീസിന് ഉറപ്പു നല്‍കി പിരിയുമ്പോഴേക്കും രാഖിലിന്‍റെ മനസില്‍ പ്രണയപ്പക തലപൊക്കി എന്നു വേണം കരുതാന്‍. അന്നുമുതല്‍ ആയാള്‍ മാനസയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.

കണ്ണൂര്‍ സ്വദേശിയായ മാനസ പഠുക്കുന്ന കോതമംഗലത്തെ ഡന്‍റല്‍ കോളെജ് കണ്ടുപിടിച്ച അയാള്‍, ഏതാനും മാസം മുന്‍പ് ഇവിടെ എത്തിപ്പെട്ടു. ഇന്‍റീരിയര്‍ ഡിസൈനര്‍ എന്ന പേരില്‍ സ്വദേശമായ തലശേരിയില്‍ പല ജോലികളിലും ഏര്‍പ്പെട്ടിരുന്നത്രേ. എന്നാല്‍ ഇത് നുണയായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നു. കൊച്ചിയില്‍ ഇന്‍റീരിയര്‍ ജോലിയുണ്ടെന്നു പറഞ്ഞാണ് ഇയാള്‍ തലശേരിയിലെ വീട്ടില്‍ നിന്നു കോതമംഗലത്തേക്ക് എത്തിയത്. മാനസ താമസിക്കുന്നതിനു ഏതാനും മീറ്റര്‍ അകലെ ഇയാള്‍ മുറി വാടകയ്ക്കെടുത്തു താമസം തുടങ്ങി. എന്നാല്‍ മാനസയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചിരുന്നോ എന്നുറപ്പില്ല. അങ്ങനെയൊരു പരാതി മാനസ ആരോടും ഉന്നയിച്ചതുമില്ല.

തോക്ക് തരപ്പെടുത്തിയത് തലശേരിയില്‍ നിന്ന്

കോതമംഗലത്തെത്തിയ ശേഷമായിരിക്കാം രാഖില്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കോതമംഗലത്ത് എത്തിയ ശേഷവും ഇയാള്‍ മാനസയെ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, മാനസ അതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞതായി സുഹൃത്തുക്കള്‍ക്കറിയില്ല. ഏതാനും ദിവസം മുന്‍പ് ഇയാള്‍ തലശേരിയിലേക്ക് പോയതായി പോലീസിനു വിവരം ലഭിച്ചു. ഇതു തോക്ക് എടുക്കാനായിരിക്കുമെന്നാണു നിഗമനം. തലശേരിയില്‍ സൈന്യത്തില്‍ നിന്നു വിരമിച്ച നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ പക്കല്‍ നിന്നാണോ തോക്ക് കൈക്കലാക്കിയതെന്നാണ് ആദ്യം പരിശോധിക്കുക. തലശേരിയില്‍ നിന്ന് തോക്ക് കളവ് പോവുകയോ നഷ്ടപ്പെടുകയോ ചെയിതിട്ടുണ്ടോ എന്നാണു പോലീസ് അന്വേഷിക്കുന്നത്. തോക്കിനു ലൈസന്‍സുള്ള എല്ലാവരുടെയും മൊഴിയെടുത്തും.

തലശേരി, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ആര്‍ച്ചറികളെയും സമീപിക്കും. രാഖിലിന്‍റെ സുഹൃത്തുക്കളെയും വീട്ടുകാരെയും ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക സംഘം ഇന്നു രാവിലെ കണ്ണൂരിലെത്തി.

പോലീസ് പറയുന്നു, പ്രണയമെന്ന മാരക ദുരന്തം

കേരളത്തില്‍ പ്രണയത്തിനു സുഗന്ധമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. വിശുദ്ധിയുടെ അതിര്‍വരമ്പിനുള്ളില്‍ സൂക്ഷിക്കപ്പെട്ട ഹൃദയാര്‍ദ്രതയുടെ കൗമാരഭ്രമം. പിന്നീടത് പരാജയപ്പെട്ടാല്‍ ഹൃദയസ്പര്‍ശിയായ കഥയോ കവിതയോ ആയി നൊമ്പരപ്പെടുത്തുമായിരുന്ന അവസ്ഥ. ഒടുവില്‍ പരസ്പരം മറന്ന് സ്വന്തം ഇടങ്ങളിലേക്കു വഴിപിരിയുന്ന മൗ നനൊമ്പരങ്ങള്‍ക്കപ്പുറത്തേക്കു സാധാരണ പ്രണയങ്ങളൊന്നും വഴിമാറിയിരുന്നില്ല. ചിലപ്പോള്‍ ആത്മഹത്യ, അപൂര്‍മായി മാത്രം കൊലപാതകം. എന്നാല്‍, മൊബൈല്‍ ഫോണുകളും സമൂഹമാധ്യമങ്ങളും വിസ്ഫോടനം തീര്‍ത്ത ഇന്ന് പ്രണയം വലിയ. ലാഭമുണ്ടാക്കുന്ന കൊടുംചതിയുടെ ലോകമായി മാറി. ഒരിക്കല്‍ പെട്ടു പോയാല്‍ ഒരിക്കലും മടങ്ങാനാവാത്ത, മടങ്ങിയാലും മരണത്തിലേക്കു വഴിതിരിഞ്ഞു പോകുന്ന കാട്ടാളന്മാരുടെ ലോകമായിരിക്കുന്നു പ്രണയം.

കൊലപാതതകത്തി ന്‍റെ പുതിയ പുതിയ ആശങ്ങളും ആയുധങ്ങളുമായി പ്രണയം അധോലോക തേര്‍വാഴ്ച നടത്തുമ്പോള്‍, ഇരയാകാതിരിക്കാന്‍ കരുതിയിരിക്കുക, ഓരോ ആണും പെണ്ണം.- ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വീക്ഷണം ഓണ്‍ ലൈനിനോടു പറഞ്ഞു. എല്ലാം കഴിഞ്ഞിട്ട് എന്തന്വേഷണം, എന്തു ശിക്ഷ? അദ്ദേഹം ചോദിച്ചു.

Related posts

Leave a Comment