കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മിൽ കവർച്ചാ ശ്രമം. ഏറ്റുമാനൂർ പള്ളിക്കവലയിലെ കൗണ്ടറിലെ മെഷീനാണ് അക്രമി തകർത്തത്. എന്നാൽ പണം നഷ്ടപ്പെട്ടതായി സ്ഥിരീകരണമില്ല. ഇന്നു രാവിലെയാണ് കവർച്ചാ ശ്രമം ശ്രദ്ധയിൽ പെട്ടത്. നല്ല തിരക്കുള്ള സ്ഥലമാണിത്. ഇന്നു പുലർച്ചെയാണ് അക്രമി എടിഎമ്മിൽ കൗണ്ടറിലെത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പാൻ്റ്സും ടീ ഷർച്ചും ധരിച്ചിരുന്ന മുപ്പതു വയസിനോടടുത്ത് പ്രായമുള്ള ആൾ കമ്പിപ്പാര പോലുള്ള ആയുധങ്ങളുപയോഗിച്ച് എടിഎം മെഷീൻ തല്ലിപ്പൊളിക്കുന്ന ദൃശ്യങ്ങൾ സിസി ടിവിയിൽ തെളിഞ്ഞിട്ടുണ്ട്. ആളുടെ മുഖ്യം വ്യക്തമായ സാഹചര്യത്തിൽ വൈകാതെ പിടിയിലാവുമെന്ന് പൊലീസ്.
രാവിലെ ഇതു വഴി നടക്കാനിറങ്ങിയ നാട്ടുകാരാണ് എടിഎം തകർന്ന നിലയിൽ കണ്ടത്. അവർ വിവരം ബാങ്ക് അധികൃതരെയും പൊലീസിനെയും അറിയിച്ചു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് മാനേജരെത്തി പരിശോധിച്ചപ്പോൾ പണം നഷ്ടപ്പെട്ടില്ലെന്നു ബോധ്യമായി. കൗണ്ടർ പൊലീസ് സീൽ ചെയ്തു. ഫൊറൻസിക് അധികൃതരടക്കമെത്തി പരിശോധിക്കും.
കോട്ടയത്ത് എടിഎമ്മിൽ കവർച്ച ശ്രമം, അന്വേഷണം തുടങ്ങി
