നിയമത്തിന്റെ പഴുതുകൾ കുറ്റവാളിക്ക് അനുകൂലം: ഉത്രയുടെ അമ്മ

പുനലൂർ: നിയമത്തിന്റെ പഴുതുകളാണ് മിക്കപ്പോഴും കുറ്റവാളികൾക്ക് തുണയാവുന്നത്. അത് ഇവിടെയും ആവർത്തിച്ചുൃ ഉത്രവധക്കേസ് വിധിയെക്കുറിച്ച് ഇരയുടെ അമ്മ മണിമേഖലയുടെ പ്രതികരണമാണിത്. ഇത്തരം പഴുതുക​ൾ സമൂഹത്തിനു തെറ്റായ സന്ദേശമാണു നൽകുന്നത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയാണ് പ്രതിക്ക് കിട്ടേണ്ടിയിരുന്നത്. ഈ വിധിയിൽ താൻ തൃപ്തയല്ല. ഇനിയെന്തു ചെയ്യണമെന്ന് ആലോചിക്കും. ഏറത്തെ വീട്ടിലിരുന്ന അവർ മാധ്യമങ്ങളോടു പറഞ്ഞു.
ഉത്രയുടെ അച്ഛൻ വിജയസേനനും സഹോദരൻ വിഷ്ണുവും വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. വിധിയെക്കുറിച്ച് പ്രതികരിക്കാൻ അവർ ആദ്യം തയാറായില്ല. വിധിയിൽ തൃപ്തരല്ലെന്ന് ഇരുവരും പിന്നീട് പറഞ്ഞു.

  • പൈശാചികത തെളിഞ്ഞു, പ്രായം അനുകൂലിച്ചു

ഉത്രവധക്കേസിൽ പ്രതി സൂരജിന്റെ ക്രൂരതയും കുറ്റകൃത്യങ്ങളുമൊക്കെ തെളിയിക്കാനായെന്ന് സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്. എന്നാൽ പ്രതിയുടെ പ്രായമാണ് അയാളെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇരുപത്തേഴ് വയസ് മാത്രം പ്രായമുള്ള സൂരജിനു മറ്റ് ക്രിമനിൽ പശ്ചാത്തലങ്ങളുമില്ല. ഈ സാഹചര്യമായിരിക്കാം കോടതിയെ പരമാവധി ‌ശിക്ഷയിൽ നിന്നു പുറകോട്ടടിച്ചത്. എന്നാൽ ഇപ്പോൾ വിധിച്ചിരിക്കുന്ന ഉത്തരവ് പ്രകാരം സൂരജിന് ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവരും.

  • ആദ്യം കുറഞ്ഞ ശിക്ഷ, പിന്നീട് ജീവപര്യന്തം

നാലു വകുപ്പുകൾ പ്രകാരമാണ് സൂരജിനു ശിക്ഷ വിധിച്ചിരിക്കുന്നത്. മിക്കപ്പോഴും ശിക്ഷ ഒരുമിച്ച് അനുഭവിക്കാനാവും കോടതി വിധിക്കുക. എന്നാൽ സൂരജിന്റെ കാര്യത്തിൽ അങ്ങനെയല്ല. ആദ്യം ഏഴു വർഷം, പിന്നീട് പത്തു വർഷം, അതു കഴിഞ്ഞ് ആദ്യ ജീവപര്യന്തം, എല്ലാം കഴിഞ്ഞ് രണ്ടാമത്തെ ജീവപര്യന്തം. സർക്കാർ തലത്തിലുള്ള ഇടപെടലുകളുണ്ടാകുന്നില്ലെങ്കിൽ സൂരജ് ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും.
എപിസി 302 പ്രകാരം കൊലക്കുറ്റത്തിനാണ് ആദ്യ ജീവപര്യന്തം. വിഷപ്പാമ്പിനെ ഉപയോ​ഗിച്ചു മനഃപ്പൂർവം കൊല നടത്തിയെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞെന്നു കോടതി. പ്രതി തനിച്ചാണ് ഈ കൃത്യം നിർവഹിച്ചതെന്നും കോടതി കണ്ടെത്തി. ഐപിസി 307 പ്രകാരമുള്ള ​ഗൂഢാലോചനകൾക്കും തെളിവുണ്ട്. ഈ വകുപ്പ് പ്രകാരമാണ് രണ്ടാമത്തെ ജീവപര്യന്തം. ​ഗൂഢാലോചനയ്ക്കുള്ള ശിക്ഷ കഴിഞ്ഞിട്ടു മതി കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം. അതിനു മുൻപാണ് മറ്റ് രണ്ട് കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ.
ഐപിസി 328 പ്രകാരം വിഷപ്പാമ്പിനെ ഉപയോ​ഗിച്ചു കടിപ്പിച്ചതിന് പത്തു വർഷവും തെളിവുകൾ നശിപ്പിച്ചതിന് 201 വകുപ്പ് പ്രകാരം ഏഴു വർഷവും കഠിന തടവ് അനുഭവിക്കണം.

  • സമാനമായ കേസുകളിൽ ആദ്യത്തെ ശിക്ഷ

വിഷപ്പാമ്പുകളെ ഉപയോ​ഗിച്ച് മനഃപ്പൂർവം നരഹത്യ ചെയ്യുന്ന സംഭവം രാജ്യത്ത് ആദ്യമല്ല. മഹാരാഷ്‌ട്രയിൽ രണ്ടും രാജസ്ഥാനി‌ൽ ഒന്നും കേസുകൾ സമാനമായ രീതിയിലുണ്ടായിട്ടുണ്ട്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഈ കേസുകളെല്ലാം വിചാരണക്കോടതിയിൽ വച്ചുതന്നെ തള്ളിപ്പോയി. ഇത്തരം കേസിൽ ആദ്യമായാണ് പ്രതി ശിക്ഷിക്കപ്പെടുന്നത്. അതിന് അന്വേഷണ ഉദ്യോ​ഗസ്ഥരെ കോടതി അഭിനന്ദിച്ചു. ലോക്കൽ പോലീസ് അന്വേഷിച്ചു തെളിവില്ലെന്ന് കണ്ടെത്തിയ കേസാണിത്. അന്നത്തെ അന്വേഷണ ഉദ്യോ​ഗസ്ഥനെ സ്ഥലം മാറ്റിയ ശേഷം കൊട്ടാരക്കര റൂറൽ എസ്പി ഹരിശങ്കർ മുൻകൈ എടുത്ത് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ഡിവൈഎസ്‌പി എ. അശോകനായിരുന്നു അന്വേഷണത്തിനു മേൽനോട്ടം. നേരിട്ടുള്ള സാക്ഷികളും തെളിവുകളുമില്ലാതാരുന്ന കേസിൽ സാഹചര്യങ്ങളും പ്രതിയുടെ പെരുമാറ്റവും പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് കൂടുതൽ തെളിവുകളിലേക്കും അറസ്റ്റിലേക്കും നയിച്ചത്. 83 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകാനായി. അറസ്റ്റിലായ ശേഷം ഇതുവരെ സൂരജിനു ജാമ്യം അനുവദിച്ചിരുന്നല്ല. കോവിഡ് പ്രതിസന്ധി ഉണ്ടായിട്ടും വിചാരണയും വേ​ഗത്തിൽ പൂർ ത്തിയായി.

Related posts

Leave a Comment