‘പ്രതിപക്ഷത്തേക്കു നോക്കുക,അവിടെയവർ നിങ്ങളെടുക്കേണ്ട പണിയാണു വൃത്തിയായെടുക്കുന്നത്’ ; മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി : നാർക്കോട്ടിക് ജിഹാദി പരാമർശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിവാദങ്ങൾ ജനങ്ങളിലേക്ക് ആളിപ്പടരാതെ നോക്കേണ്ട ഭരണകൂടം അതിന് ശ്രമിച്ചില്ലെന്നും എന്നാൽ ഗുരുതരമായ സാഹചര്യത്തിൽ പ്രതിപക്ഷം സർക്കാരിനെ പോലെ പ്രവർത്തിച്ചുവെന്നും മാധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. ഹരിമോഹന്റെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള കുറിപ്പ് ഒട്ടേറെ പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

“ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍, എല്ലാ വിവാദങ്ങളും സമാപിപ്പിച്ചു പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലും മുന്നേറാന്‍ നമുക്കു പരിശ്രമിക്കാം. ഇതിനായി മതാചാര്യന്മാരും രാഷ്ട്രീയനേതാക്കളും സമുദായശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോടു നമുക്കു സര്‍വ്വാത്മനാ സഹകരിക്കാം.”

  • കർദിനാൾ ജോർജ് ആലഞ്ചേരി

ഇതിലുമെത്രയോ അധികം ആളിക്കത്തേണ്ടിയിരുന്ന, അതിനു പലരും ഇപ്പോഴും ശ്രമിക്കുന്ന ഒരു വിഷയത്തോടാണ് ഇപ്പോൾ ഓരോ മതനേതാക്കളും മൗനം വെടിഞ്ഞു പോസിറ്റീവ് ആയി സമീപിക്കുന്നത്. ഇതിലെ സത്യസന്ധതയും ആത്മാർഥതയും നമുക്കു പിന്നീട് ചർച്ച ചെയ്യാം. തത്കാലം, ഇതൊക്കെയും പ്രത്യക്ഷത്തിൽ ഉരുക്കുന്ന മഞ്ഞിന്റെ അളവുകണ്ടു നമുക്കാശ്വസിക്കാം, സന്തോഷിക്കാം.

ഇതൊക്കെയും യാദൃശ്ചികമായി സംഭവിക്കുന്നതല്ല എന്നു കൂടി അറിയേണ്ടതുണ്ട്. ജനാധിപത്യത്തിൽ അധികമൊന്നും കാണാൻ സാധിക്കാത്ത അപൂർവ ദൃശ്യങ്ങൾക്കു നമ്മൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ദേ ഇന്നുപോലും സാക്ഷ്യം വഹിച്ചില്ലേ. അതുതന്നെയാണ് ഉദ്ദേശിച്ചത്. ഒരു പ്രതിപക്ഷം ഇവിടെ സർക്കാരായി പ്രവർത്തിക്കുകയാണ് ഈ ദിവസങ്ങളിൽ. യഥാർഥ സർക്കാർ തീയിൽ എണ്ണ കോരിയൊഴിക്കുമ്പോൾ, ഇവിടെ രണ്ടു മനുഷ്യർ ഒരു നാടിന്റെ സമാധാനത്തിനും സമുദായ ഐക്യത്തിനും വേണ്ടി ഓടിനടക്കുകയാണ്.

സർക്കാരിന്റെ കണ്ണിൽ ബിഷപ്പ് പണ്ഡിതനാവുകയും മുഖ്യഭരണകക്ഷിക്ക് തീവ്രവാദം ഇപ്പോൾ യാഥാർഥ്യമാവുകയും ചെയ്തപ്പോൾ പ്രതിപക്ഷം ആ പണി ചെയ്തില്ല. 24 മണിക്കൂർ തികയും മുൻപ് അവർ പ്രതികരിച്ചു. സംഘപരിവാറിന്റെ ലക്ഷ്യത്തിലേക്കു നമ്മൾ നടന്നടുക്കരുത് എന്നവർ ഓർമ്മിപ്പിച്ചു. പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കണമെന്നു സർക്കാരിനോടാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എത്രതവണ മുഖ്യമന്ത്രിക്കു കത്തെഴുതി. കാര്യമുണ്ടായില്ല. ശേഷം, സർക്കാരിന്റെ നിസ്സംഗതയിൽ കുറ്റം പറഞ്ഞിരിക്കാൻ മാത്രം തയ്യാറാകുന്ന പ്രതിപക്ഷമല്ല വേണ്ടത് എന്നു പ്രഖ്യാപിച്ചുകൊണ്ട്, സർക്കാർ ചെയ്യേണ്ട ജോലി ഏറ്റെടുത്തു പ്രതിപക്ഷ നേതാവും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ സംസ്ഥാനാധ്യക്ഷൻ കെ സുധാകരനും ഇറങ്ങിത്തിരിച്ചു. ഓരോ മതനേതാക്കളെയും നേരിൽക്കാണാൻ അവർ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെയും ഇന്നുമൊക്കെ അതുതന്നെയായിരുന്നു അവർ ചെയ്തത്.

പ്രസ്താവന നടത്തിയ പാലാ ബിഷപ്പ്, ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പ്, കോട്ടയം താഴത്തങ്ങാടി ഇമാം, വാരാപ്പുഴ ആർച്ച് ബിഷപ്പ്, സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ നേതാക്കൾ, താമരശ്ശേരി ബിഷപ്പ്, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.. അങ്ങനെ എത്രയോ പേരെ അവർ കണ്ടു. എല്ലാ കൂടിക്കാഴ്ചകളും വിജയകരമായിരിക്കട്ടെ എന്നു മാത്രമാണു ആഗ്രഹിക്കാനും പ്രതീക്ഷിക്കാനുമുള്ളത്.

ഇന്ന് ആലഞ്ചേരിയുടെ പത്രക്കുറിപ്പ് പോലെ തന്നെ ചിലതൊക്കെ ആശാവഹമാണ്. അതിലൊന്ന്, താമരശ്ശേരി രൂപതയ്ക്കു കീഴില്‍ പുറത്തിറക്കിയ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമെടുത്തതാണ്. വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീം സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയാണ് ഇതിൽ വിജയകരമായത്. ആ ചർച്ചയ്ക്കു നേതൃത്വം കൊടുത്തതു പ്രതിപക്ഷത്തുള്ള ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിലെ എം.കെ മുനീറാണ്. പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയേല്‍ ഖേദം പ്രകടിപ്പിച്ചതും ശ്രദ്ധിക്കേണ്ടതുണ്ട്.

അടുത്തത് ഇതിലെ സംഘപരിവാർ ഇടപെടലാണ്. ക്രിസ്ത്യൻ-മുസ്ലീം സംഘർഷമാണു സംഘപരിവാർ ആഗ്രഹിക്കുന്നത് എന്നു മടിക്കാതെ പറഞ്ഞ പ്രതിപക്ഷ നേതാവ് ഇന്ന് ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ വർഗീയ വിഷ പ്രചാരണം. എത്രവട്ടം മുഖ്യമന്ത്രിയും പോലീസും ആവർത്തിച്ചു നടപടിയെടുക്കുമെന്നു പറഞ്ഞിട്ടും നടപടിയുണ്ടാവാത്ത അതേ കാര്യങ്ങൾ തന്നെ. ഈയിടെ നമോ ടിവി എന്ന അശ്ലീല സംഘപരിവാർ ചാനൽ പടച്ചുവിട്ട വീഡിയോ സൈബർ ഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ്‌ എബ്രഹാമിനു പ്രതിപക്ഷ നേതാവ് അയച്ചു കൊടുക്കുക വരെ ചെയ്തിട്ടുണ്ട്. 24×7 സോഷ്യൽ മീഡിയാ നിരീക്ഷണം നടത്തുന്ന കേരളത്തിന്റെ സൈബർ പോലീസാണ് ഇപ്പോഴും നിഷ്‌ക്രിയരായി ഇരിക്കുന്നത്. കമ്മ്യൂണിസ്റ്റ്‌ നേതാവായ ആനി രാജയ്ക്കു പോലും സംഘപരിവാറാണോ പോലീസാണോ എന്നു സംശയം തോന്നിയ വിഭാഗമാണ്. കൂടുതൽ നടപടികൾക്കു സാധ്യതയില്ല.

സർക്കാരിൽ നിന്നൊന്നും പ്രതീക്ഷിക്കാതെ തന്നെയാണു പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ഇതൊക്കെയും ചെയ്യുന്നത്. ഇനി അടുത്തത്, സമുദായ നേതാക്കളുടെ സംയുക്ത യോഗമാണ്. മുൻപ്, സർക്കാരിനോടു പലവട്ടം ആവശ്യപ്പെട്ടിട്ടും നടക്കാതെ പോയത്. ഇനിയതു പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുമെന്ന് സുധാകരൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതു നടക്കട്ടെ.

മുഖ്യമന്ത്രിയോടാണ്.. സമയവും സൗകര്യവുമുണ്ടെങ്കിൽ പ്രതിപക്ഷത്തേക്കു നോക്കുക. അവിടെയവർ നിങ്ങളെടുക്കേണ്ട പണിയാണു വൃത്തിയായെടുക്കുന്നത്.

പ്രതിപക്ഷ നേതാവിനോടും കെ.പി.സി.സി പ്രസിഡന്റിനോടുമാണ്. ഇതുവരെ ചെയ്തതിനൊക്കെയും നന്ദി, അഭിവാദ്യങ്ങൾ. ഇനിയുള്ള പ്രവർത്തനങ്ങൾക്കൊക്കെയും ആശംസകൾ 💙

Related posts

Leave a Comment