പുരാവസ്തു തട്ടിപ്പ് കേസ് ; ലോക്നാഥ് ബെഹറയോട് കുട്ട നിറയെ ചോദ്യങ്ങളുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് സംഘം മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി. മോൻസന്റെ വീട്ടിൽ പൊലീസ് ബീറ്റ് ബോക്സ് വച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ് വിശദീകരണം തേടിയത്. മോൻസണുമായി അടുപ്പമുള്ള ട്രാഫിക് ഐ ജി ലക്ഷ്മണയെയും കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് നാളെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ഈ സാഹചര്യത്തിലാണ് ബെഹ്‌റയിൽ നിന്ന് വിശദീകരണം തേടിയത്. ഏത് സാഹചര്യത്തിലാണ് മോൻസൻ മാവുങ്കലിന് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തിൽ ഉത്തരം വേണം എന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്.ബെഹ്‌റ, കലൂരിലെ മ്യൂസിയം സന്ദർശിച്ചതിന് ശേഷമാണ് വീടിന് മുമ്പിൽ ബീറ്റ്ബോക്സ് സ്ഥാപിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസന്റെ കലൂരിലെ വാടക വീട്ടിലും ചേർത്തലയിലെ കുടുംബ വീട്ടിലും ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകളും പുറത്തു വന്നിരുന്നു. ഇത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.ഐജി ലക്ഷ്മണനെയും ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തു.ഐജിയ്ക്ക് മോൻസണുമായി നല്ല അടുപ്പമുണ്ട് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐജിയെ ചോദ്യം ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പ്രമുഖരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇയാളുടെ മേക്കപ്പ്മാനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. സുഹൃത്തിന്റെ വീട്ടിൽ മോൻസൺ സൂക്ഷിച്ചിരുന്ന തിമിംഗിലത്തിന്റെ അസ്ഥിയെന്ന് സംശയിക്കുന്ന വസ്തു വനംവകുപ്പ് പിടിച്ചെടുക്കുകയും ചെയ്തു.മോൻസണിന്റെ മേക്കപ്പ്മാൻ ജോഷിയെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോൻസൺ പീഡിപ്പിച്ചെന്ന് പരാതി നൽകിയ പെൺകുട്ടി ജോഷിയും പീഡിപ്പിച്ചതായി മൊഴി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ജോഷിയെ റിമാൻഡ് ചെയ്തു.മോൻസൺ അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുമ്പ് സുഹൃത്തിന്റെ കാക്കനാട് വാഴക്കാലയിലെ വീട്ടിലേക്ക് മാറ്റിയ തിമിംഗിലത്തിന്റെ അസ്ഥിയെന്ന് സംശയിക്കുന്ന വസ്തു വനം വകുപ്പാണ് ഇന്നലെ പിടികൂടിയത്. മൂന്നു മീറ്റർ വീതം നീളമുള്ള ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി തിമിംഗില അസ്ഥിയാണോയെന്ന് ഉറപ്പാക്കുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ പറഞ്ഞു.

Related posts

Leave a Comment