ലോകായുക്ത: ഇനി കൂട്ടിലടച്ച തത്ത ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം


ലോകായുക്തയുടെ പ്രസക്തിയും പ്രാധാന്യവും നശിപ്പിക്കുന്ന ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത് ഭരണകൂടത്തിന്റെ അഴിമതിക്കുള്ള അംഗീകാരമാണ്. വ്യക്തിപരമായ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള വിലപേശല്‍ തന്ത്രമാണോ ഗവര്‍ണര്‍ പയറ്റുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡോക്ടറേറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ഗവര്‍ണര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടി നാണക്കേടിലായതാണ്. ഗവര്‍ണറുടെ ആവശ്യം സര്‍ക്കാരും സര്‍വകലാശാലയും ചെവിക്കൊള്ളാതിരുന്നപ്പോള്‍ അദ്ദേഹം വലിയ വിവാദത്തിലായി. നേരത്തെ സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത് ചാന്‍സലര്‍ പദവി ഉപേക്ഷിച്ചതും വിലപേശല്‍ തന്ത്രമായിരുന്നു. 22 ദിവസത്തെ അമേരിക്കന്‍-യു എ ഇ സന്ദര്‍ശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ദീര്‍ഘമായ കൂടിക്കാഴ്ച നടത്തിയശേഷമാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായത്. രോഗചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രിയെത്തുമ്പോള്‍ കേരളം വലിയ വിവാദത്തിലായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ മുഖ്യമന്ത്രിയടക്കമുള്ളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണറുമായി പിണങ്ങി നില്‍ക്കുന്നത് നന്നായിരിക്കില്ല എന്ന രാഷ്ട്രീയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി, ആരിഫ്ഖാനെ കണ്ട് ചര്‍ച്ച നടത്തിയത്. ഗവര്‍ണറുടെ നടപടി അഴിമതിക്കാര്‍ക്ക് കുടചൂടുന്നതിന് തുല്യമാണ്. പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ചയും അവര്‍ നല്‍കിയ കത്തും തള്ളിക്കൊണ്ടാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. പ്രതിപക്ഷത്തിന് മാത്രമല്ല, പൊതുസമൂഹത്തിന് മൊത്തത്തില്‍ ഓര്‍ഡിനന്‍സില്‍ എതിര്‍പ്പുണ്ട്. മുന്നണിയിലെ ഘടകകക്ഷിയായ സി പി ഐക്കുപോലും സ്വീകാര്യമല്ലാത്ത ഓര്‍ഡിനന്‍സ് ആര്, എന്ത് നിയമോപദേശം നല്‍കിയതിന്റെ പേരിലാണ് ഗവര്‍ണര്‍ക്ക് സ്വീകാര്യമായത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും പേരിലുള്ള രണ്ട് കേസുകളിലും പ്രതികൂല പരാമര്‍ശം ഇല്ലാതാക്കാനായിരുന്നു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ലോകായുക്തയെപ്പോലുള്ള അഴിമതിവിരുദ്ധ ഏജന്‍സിയുടെ ഏതെങ്കിലും വിധി ഭരണത്തിന് തടസ്സമാകുമോ എന്ന ഭീതിയും പ്രതിപക്ഷത്തിന്റെ പ്രതിഷേധവുമാണ് തിരക്കിട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ലോകായുക്ത നിയമം 1999, വകുപ്പ് 14 ന്റെ ഉപവകുപ്പ് മാറ്റിസ്ഥാപിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ ലോകായുക്തയുടെ പ്രസക്തിതന്നെ നഷ്ടമാവുകയാണ്. ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സാഹചര്യം ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടോ എന്നൊന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. അദ്ദേഹം സര്‍ക്കാര്‍ നിയമിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറായതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പരിഹാസ്യമാണ്. ഇത് ഭരണഘടനാപരവും നിയമാനുസൃതവുമല്ല. പ്രതിപക്ഷം നല്‍കിയ നിവേദനവും അതിന് സര്‍ക്കാര്‍ നല്‍കിയ മറുപടിയും വായിച്ചാല്‍ ഓര്‍ഡിനന്‍സിന്റെ അധാര്‍മികതയും നിയമവിരുദ്ധതയും വ്യക്തമാകും. തങ്ങളുയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ച് ഓര്‍ഡിനന്‍സ് കാര്യത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയതും പിറ്റേദിവസം ഗവര്‍ണര്‍ ഒപ്പുവെച്ചതും സി പി ഐക്ക് രസിക്കുന്നില്ലെങ്കിലും അവരുടെ എതിര്‍പ്പ് മാധ്യമങ്ങളുടെ മുമ്പില്‍ മാത്രമാണെന്ന പരിഹാസമാണ് സി പി എം നേതാക്കളുയര്‍ത്തുന്നത്. ലോകായുക്ത നിയമഭേദഗതി ഇടതുമുന്നണിയുടെ പൊതുബോധത്തിന് എതിരാണെന്ന സി പി ഐയുടെ പ്രഖ്യാപനത്തിന് സി പി എം ഒരുവിലയും കല്‍പ്പിക്കുന്നില്ല. ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചതോടെ പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കെതിരെയുള്ള ശക്തമായ നിയമമാണ് ഇല്ലാതായത്. ഭരണഘടനാവിരുദ്ധമായ ചില അധികാരങ്ങള്‍ ലോകായുക്തക്ക് ഉണ്ടെന്നുള്ള രാഷ്ട്രീയലക്ഷ്യംവെച്ചുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണ്. ലോകായുക്തയുടെ വിധി തള്ളാനോ കൊള്ളാനോ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭേദഗതിയോടെ, ലോകായുക്ത നിയമം വരിയുടച്ച കാളയായി മാറിയിരിക്കയാണ്. അഴിമതിക്കേസില്‍ മന്ത്രിമാര്‍ മാറിനില്‍ക്കണമെന്ന പരാമര്‍ശമുണ്ടായാല്‍ അത് തള്ളാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നതാണ്. രാജ്ഭവനും ക്ലിഫ്ഹൗസും എ കെ ജി സെന്ററും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ സന്തതിയാണ് നിയമവിരുദ്ധമായ ഈ ഓര്‍ഡിനന്‍സ്.

Related posts

Leave a Comment