പ്രവാസികളുടെ പ്രശ്നങ്ങളിൽ പരിഹാരമില്ല; ധൂർത്തടിക്കാൻ വീണ്ടുമൊരു ലോക കേരളസഭ; തീയതി പ്രഖ്യാപിക്കും മുമ്പേ പാഴ്ചെലവിന് അനുമതി

നിസാർ മുഹമ്മദ്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖം തിരിച്ചു നിൽക്കുന്ന സംസ്ഥാന സർക്കാർ, മൂന്നാം ലോക കേരളസഭ നടത്തി ധൂർത്തിനും ആഢംബരത്തിനും വേദിയൊരുക്കുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഈ സാമ്പത്തിക വർഷം തന്നെ ലോക കേരളസഭയുടെ മൂന്നാം എഡിഷൻ നടത്താനാണ് തീരുമാനം. പരിപാടിയുടെ തീയതി പ്രഖ്യാപിക്കും മുമ്പേ പ്രചരണത്തിന്റെ ഭാഗമായി ആഗോള സാംസ്കാരികോത്സവം നടത്താൻ ഉത്തരവിറക്കി. ഇതിനായി നാൽപ്പത് ലക്ഷം രൂപയും അനുവദിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് രണ്ട് എഡിഷനുകളിലായി നടത്തിയ ലോക കേരളസഭകളിൽ പ്രവാസികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അതിൽ ഭൂരിഭാഗവും കടലാസിൽ ഒതുങ്ങുകയാണെന്നതാണ് ശ്രദ്ധേയം. ഒന്നാം ലോക കേരളസഭ പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ധൂർത്തിന്റെ വേദിയാക്കി മാറ്റിയതിൽ പ്രതിഷേധിച്ച് രണ്ടാം എഡിഷനിൽ പ്രതിപക്ഷം വിട്ടുനിൽക്കുകയും ചെയ്തു.
ഒന്നാം ലോക കേരളസഭ നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ രാജ്യങ്ങളിലെത്തി അവിടുത്തെ മലയാളികൾക്ക് നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. എന്നാൽ, വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറി. 2017 ഫെബ്രുവരിയില്‍ ബഹ്റിനിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി, എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കേരള പബ്ലിക് സ്‌കൂളുകളും സാങ്കേതിക ആര്‍ട്‌സ് കോളജുകളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നടപടി ക്രമങ്ങൾ ഒരിഞ്ചു പോലും മുന്നോട്ടുപോയില്ല. ഗള്‍ഫ് തൊഴില്‍ അന്വേഷകര്‍ക്കായി ജോബ് പോര്‍ട്ടല്‍, പ്രവാസികള്‍ക്ക് സുരക്ഷിത നിക്ഷേപക സംരംഭത്തിന് നിക്ഷേപ ബോര്‍ഡ് എന്നിവയും പ്രഖ്യാപിച്ചിരുന്നു. പ്രവാസികളുടെ മൃതദേഹം കൊണ്ടുപോകാനും അവശ നിലയിലായവരെ നാട്ടിലെത്തിക്കാനും മുന്‍കൈ എടുക്കുന്ന സംഘടനകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ധനസഹായം പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും അതും പ്രഖ്യാപനത്തിലൊതുങ്ങി. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറുമാസമെങ്കിലും ധനസഹായം നല്‍കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി കുടംബങ്ങളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നതും വ്യാജവാഗ്ദാനമായി തുടരുകയാണ്. നോര്‍ക്കയുടെ കാലോചിതമായ പരിഷ്‌കാരമായിരുന്നു മറ്റൊന്ന്. തിരുവനന്തപുരത്ത് നോര്‍ക്ക ഓഫീസ് കോടികള്‍ മുടക്കി നവീകരിച്ചുവെന്നതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. സംരംഭങ്ങള്‍ തുടങ്ങാനും വീടുവയ്ക്കാനും ബാങ്കുകളുമായി യോജിച്ച് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും പ്രവാസികളുടെ കണ്ണിൽ പൊടിയിടാനായിരുന്നു.

ഗള്‍ഫില്‍ മലയാളി നിയമ ബിരുദ ധാരികളുടെ പാനല്‍ ഉണ്ടാക്കി ലീഗല്‍ എയ്ഡഡ് സെല്‍ വഴി നിയമസഹായം ലഭ്യമാക്കുമെന്നും ഭാരിച്ച ചികത്സാ ചിലവ് പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കേരള ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും സർക്കാർ ഒരടി മുന്നോട്ടുപോയിട്ടില്ല. ‌2016 ഡിസംബര്‍ 23ന് മുഖ്യമന്ത്രി ദുബായില്‍ സന്ദര്‍ശനം നടത്തിയപ്പോഴും വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കി. പക്ഷെ അതിലൊന്നുപോലും നടന്നില്ല. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് അ ആറുമാസത്തെ വേതനം താത്കാലിക ആശ്വാസമായി ആയി നല്‍കുമെന്നായിരുന്നു ആദ്യത്തെ പ്രഖ്യാപനം. പ്രവാസികള്‍ക്ക് താമസ ചിലവ് കുറയ്ക്കുന്നതിനായി മിതമായ നിരക്കിലുള്ള ഉള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച് നല്‍കുമെന്ന് മറ്റൊരു വ്യാജവാഗ്ദാനം. മിതമായ നിരക്കില്‍ പ്രവാസികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ആയി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിദേശത്തു സ്‌കൂളുകള്‍ ആരംഭിക്കുമെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒറ്റക്ക് കഴിയുന്ന സ്ത്രീകള്‍ക്ക് താമസിക്കുവാനായി പ്രത്യേക പാര്‍പ്പിടം പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനവും കടലാസിലൊതുങ്ങി.

2019 മെയ് മാസത്തില്‍ നെതര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും 2019 നവംബറില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ സന്ദര്‍ശനത്തിലും മറ്റു ചില വാഗ്ദാനങ്ങള്‍ കൂടി പിണറായി വിജയൻ നടത്തി. നെതര്‍ലാന്റ്‌സ് സന്ദര്‍ശിച്ചപ്പോള്‍ മുപ്പതിനായിരം മലയാളി നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ധാരണയായെന്ന് പറഞ്ഞിരുന്നു. പക്ഷെ ഒറ്റ മലയാളിയെയും കൊണ്ടുപോയില്ല. പുഷ്പ കൃഷി വികസിപ്പിക്കുക, സമുദ്ര നിരപ്പിന് താഴെയുള്ള കൃഷി വര്‍ധിപ്പിക്കുക, വാഴപ്പഴത്തിന്റെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കുക തുടങ്ങിയവയില്‍ ഡച്ച് സര്‍ക്കാരുമായി ധാരണപത്രം ഒപ്പിടുമെന്ന് പറഞ്ഞെങ്കിലും നടപടി എവിടെയും എത്തിയിട്ടില്ല.
സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരുമായി ചേര്‍ന്ന് ഖരമാലിന്യ സംസ്‌കരണത്തിന് പദ്ധതി തയ്യാറാക്കിയതായി പ്രഖ്യാപിച്ചു.അതും ഒരിഞ്ചു പോലും മുന്നോട്ടുപോയിട്ടില്ല. കൊറിയയില്‍ നിന്ന് ഭക്ഷ്യ സംസ്‌കരണ രംഗത്തും ഐ ടി ഓട്ടോമൊബൈല്‍ രംഗത്തും നിക്ഷേപത്തിനും സഹകരണത്തിനും വിവിധ ധാരണാപത്രങ്ങള്‍ ഒപ്പിടാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ കാര്യമായൊന്നും നടന്നില്ലെന്ന് മാത്രം.

Related posts

Leave a Comment