വാരാന്ത്യ ലോക്ഡൗൺ: വിദഗ്ധ സമിതിയിൽ ഭിന്നത രൂക്ഷം

തിരുവനന്തപുരം: കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് കുറയ്ക്കാനെന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗണിലെ അശാസ്ത്രീയതയെ ചൊല്ലി വിദഗ്ധ സമിതിയിൽ അഭിപ്രായ ഭിന്നത രൂക്ഷം. ശനി, ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ അടച്ചിടുന്നതും ഉൾപ്പെടെയുള്ള വികലമായ പരിഷ്കാരങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടും സർക്കാർ അത് മുഖവിലയ്ക്ക് എടുക്കാതെ മുന്നോട്ടുപോയതോടെയാണ് വിദഗ്ധ സമിതിയിലെ ഭിന്നത മറനീക്കി പുറത്തുവരുന്നത്. അതേസമയം, ലോക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചതോടെ വാരാന്ത്യ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ആലോചനകൾ ആരംഭിച്ചുവെന്നാണ് സൂചന. ദൽഹിയിൽ നിന്നും മുഖ്യമന്ത്രി മടങ്ങി വന്ന ശേഷം ഈയാഴ്ച ചേരുന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ അടച്ചിടുന്നതിനാൽ തുറക്കുന്ന ദിവസങ്ങളിൽ അനിയന്ത്രിതമായ തിരക്കാണ് ഉണ്ടാകുന്നത്. കോവിഡ് വ്യാപനം പിടിച്ചു നിർത്തുന്നതിന് പകരം രോഗം പടരാനുള്ള സാഹചര്യത്തിലേക്കാണ് സർക്കാർ ഇത്തരം അശാസ്ത്രീയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് വിദഗ്ധ സമിതിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ, കടകൾ അടച്ചിടുന്നതിനെതിരെ വ്യാപാരികൾ തെരുവിലിറങ്ങിയതും സർക്കാരിന് തിരിച്ചടിയായി.  ഇപ്പോഴത്തെ നിയന്ത്രണങ്ങളാണ് ടിപിആർ നിരക്ക് കുറയാൻ സഹായിക്കുകയെന്ന നിലപാടാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്വീകരിച്ചിരുന്നത്. എന്നാൽ, 74 ദിവസമായി ഈ നിയന്ത്രണങ്ങൾ പാലിച്ചിട്ടും ടിപിആർ നിരക്ക് കുറയാത്തതിന്റെ കാരണമായി ഈ അശാസ്ത്രീയതയാണ് വിദഗ്ധ സമിതിയിലെ ചിലർ ചൂണ്ടിക്കാട്ടുന്നത്.
അടച്ചുപൂട്ടിയുള്ള പ്രതിരോധത്തിലെ ശാസ്ത്രീയതയിൽ നേരത്തെ തന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. മൂന്നാഴ്ച മുമ്പ് വിദഗ്ധസമിതിയിലെ ഒരു വിഭാഗം ഡോക്ടർമാരും ഈ പ്രശ്നം ഉന്നയിച്ചു. വാരാന്ത്യ ലോക്ഡൗൺ പ്രയോജനം ചെയ്യുന്നുണ്ടോ എന്നതിലാണ് ഡോക്ടർമാർ സംശയം പ്രകടിപ്പിക്കുന്നത്.
 വാരാന്ത്യ ലോക്ഡൗണിന് മുമ്പ് വെള്ളിയാഴ്ചയും ശേഷം തിങ്കളാഴ്ചയും റോഡുകളിലും കടകളിലും അനുഭവപ്പെടുന്ന വൻതിര ക്കാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലെ തുറക്കലിന്റെ ശാസ്ത്രീയപ്രശ്നമാണ് മറ്റൊന്ന്. കടകളും ബാങ്കുകളും തുറക്കുന്നദിവസം ജനം ഒഴുകിയെത്തുന്നതിനാൽ ഇത് രീതി മാാറ്റണമെന്നാണ് അഭിപ്രായം. കടകളുടെ പ്രവർത്തന സമയം നിലവിൽ വൈകുന്നേരം ഏഴുവരെയാണ്. കടകൾ  അടയ്ക്കുന്ന സമയത്ത് തിരക്കുണ്ടാകുക സ്വാഭാവികമാണ്. അതിനാൽ കുറച്ചുകൂടി സമയം ദീർഘിപ്പിക്കുന്നതാണ് ഉചിതം.
അതേസമയം, ടിപിആർ നിരക്ക് എങ്ങനെയെങ്കിലും പിടിച്ചു നിർത്തണമെങ്കിൽ ഇത്തരം നിയന്ത്രണം കൂടിയേ തീരൂവെന്നാണ് വിദഗ്ധ സമതിയിലെ ചീഫ് സെക്രട്ടറിയുടെയും മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരുടെയും വാദം. മൂന്നാം തരംഗം ഉടനുണ്ടെന്ന് ആരോഗ്യ രംഗത്ത് നിന്നുതന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാൽ ഉടൻ നിയന്ത്രണങ്ങൾ പിൻവലിക്കേണ്ടതില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഏറെ മുന്നിലാണ്. ടിപിആർ നിരക്കിലും കാര്യമായ മാറ്റം ഉണ്ടാകുന്നില്ല. ഈ ഘട്ടത്തിൽ‍ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം രോഗവ്യാപനമുണ്ടായാൽ അത് സർക്കാരിന്റെ വീഴ്ചയായി വിലയിരുത്തപ്പെടുമെന്നും ചീഫ് സെക്രട്ടറി അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment