വീണ്ടും വാരാന്ത്യ ലോക്ഡൗൺ; കടകൾ പൂർണമായി അടച്ചിടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിലും ടിപിആർ നിരക്കിലും വലിയ വർധനവുണ്ടായതോടെ, കഴിഞ്ഞ രണ്ടാഴ്ചയായി പിൻവലിച്ചിരുന്ന ഞായറാഴ്ച ലോക്ഡൗൺ ഉൾപ്പെടെ തുടരാൻ തീരുമാനം. അതേസമയം, കടകൾ പൂർണമായി അടച്ചിടില്ല. രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഡബ്ല്യുഐപിആർ എട്ടിന് മുകളിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം എന്ന മാനദണ്ഡത്തിൽ മാറ്റം വരുത്തിയിട്ടില്ല. പുതുതായി നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടുമില്ല. രോഗം കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രമാകും കർശന നിയന്ത്രണങ്ങൾ. കടകളുടെ പ്രവർത്തനത്തിനു നിലവിലെ ഇളവുകൾ തുടരും. പ്രാദേശിക അടിസ്ഥാനത്തിൽ നിയന്ത്രണം ശക്തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. തെരുവുകൾ, മാർക്കറ്റ്, ഹാർബർ, ഫിഷിങ് വില്ലേജ്, മാൾ, റസിഡൻഷ്യൽ ഏരിയ, ഫാക്ടറി, എംഎസ്എംഇ യൂണിറ്റ്, ഓഫിസ്, ഐടി കമ്പനി, ഫ്ലാറ്റ്, വെയർഹൗസ്, വർക്‌ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവ ഉൾപ്പെടെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിന്റെ നിർവചനത്തിൽ വരുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം. 100 മീറ്റർ പരിധിയിൽ അഞ്ചിലധികം കേസുകൾ ഒരു ദിവസം റിപ്പോർട്ടു ചെയ്താൽ അതിലുൾപ്പെടുന്ന സ്ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയ്ൻമെന്റ് സോണിലാകും. അഞ്ചിൽ താഴെ കേസുകളാണെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാം. 7 ദിവസത്തേക്കായിരിക്കും നിയന്ത്രണം. ട്രിപ്പിൾ ലോക്ഡൗണായിരിക്കും ഏർപ്പെടുത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റർ പരിധിയായിരിക്കും നിയന്ത്രണത്തിനായി കണക്കാക്കുക. 100 മീറ്റർ പരിധി കണക്കാക്കുമ്പോൾ റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടുത്തും. ഒരു ഭാഗം മാത്രം അടച്ചിടുന്നത് ഗുണകരമാകില്ല എന്നതിനാലാണിത്.
അതേസമയം, വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു ജില്ലകളിൽ വ്യാപകമായ ടെസ്റ്റിംഗ് നടത്തും. ആദ്യ ഡോസ് വാക്‌സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. നിലവിൽ സംസ്‌ഥാനത്തിന്റെ പക്കൽ പതിനാറ് ലക്ഷം സിറിഞ്ചുകൾ ലഭ്യമാണ്. കൂടുതൽ സിറിഞ്ചുകൾ ലഭ്യമാക്കാനും  സമാഹരിക്കാനും നടപടിയെടുക്കും. പത്ത് ലക്ഷം വാക്‌സിൻ ഡോസുകൾ കെ.എം.എസ്.സി.എൽ  നേരിട്ട് വാക്‌സിൻ ഉത്പ്പാദകരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്‌ഥാപനങ്ങളും വഴി ഇത് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകൾ അഞ്ച്  ശതമാനത്തിൽ കൂടുതലാണ്. ഈ  ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിനോട്  മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഓരോ തദ്ദേശ സ്‌ഥാപന അതിർത്തിയിലും എത്ര വാക്‌സിനേഷനുകൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Related posts

Leave a Comment