ലോക്ഡൗൺ ഇളവ്; ഇന്നത്തെ യോഗം നിർണായകം

തിരുവനന്തപുരം: സർക്കാരിന്റെ അശാസ്ത്രീയ ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികളും പൊതുസമൂഹവും രംഗത്തുവന്നതോടെ പുനരാലോചനയ്ക്കായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇളവുകൾ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്തില്ല. പകരം ഇന്ന് കോവിഡ് അവലോകന യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ബലിപ്പെരുന്നാൾ ദിവസം വരെയെങ്കിലും കടകൾ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ കട തുറക്കൽ സമരം നടത്തുമെന്ന് വ്യാപാരികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്കാര്യം ഇന്നത്തെ യോഗത്തിൽ പരിഗണിച്ചേക്കും. മദ്യശാലകളിലും ബസുകളിലും ഓഫീസുകളിലും ഒരു നിയന്ത്രണവും പാലിക്കാതെ ആളുകൾ തിക്കിത്തിരക്കുമ്പോൾ വിശ്വാസികൾക്ക് പള്ളികളിലെത്തി ആരാധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കണമെന്നാണ് വിവിധ മത വിഭാഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. 21-ന് ബലിപ്പെരുന്നാൾ നമസ്കാരത്തിന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമങ്ങൾ നടന്ന പശ്ചാത്തലം സർക്കാർ ഗൗരവമായാണ് നിരീക്ഷിക്കുന്നത്. പിണറായി വിജയൻ സർക്കാരിന്റെ തുടർഭരണത്തിന് ഏറെ അനുകൂലഘടകമായിരുന്ന സമസ്ത വിഭാഗങ്ങളെ തുടർ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടരുതെന്നാണ് സിപിഎം സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ പള്ളികളിൽ നിസ്കാരത്തിനുള്ള അനുമതി നൽകുമോയെന്നത് നിർണായകമാണ്.  
ഇതിനിടെ, ഇന്ന് രാവിലെ വ്യാപാരികളുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നുണ്ട്. കടകള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയ വ്യാപാരികള്‍ ഇന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ ഇളവുകൾ എത്രത്തോളം പ്രായോഗികമാണെന്ന നിലപാടാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. 

Related posts

Leave a Comment