ലോക്‌ഡൗണ്‍ ഇളവുകള്‍, പ്ലസ് വണ്‍ പരീക്ഷ ഇന്നത്തെ മന്ത്രിസഭയില്‍

തിരുവനന്തപുരം: സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ഇന്ന്. ലോക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുക, പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച തീരുമാനം, സ്കൂള്‍ തുറക്കല്‍, സര്‍വകക്ഷിയോഗം തുടങ്ങിയ വിഷയങ്ങളാണ് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുന്നത്. ലോക് ഡൗണില്‍ അനുവദിക്കാവുന്ന കുടുതല്‍ ഇളവുകളാണ് പ്രധാനമായും ചര്‍ച്ചയ്ക്കു വരിക. സ്കൂള്‍ തുറക്കല്‍, ഹോട്ടല്‍, റസ്റ്ററന്‍റുകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കല്‍, തീയെറ്ററുകള്‍, ബാര്‍ ഹോട്ടലുകള്‍, തുടങ്ങിയവ തുറക്കുന്നത് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.

സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി പ്ലസ് വണ്‍ പരീക്ഷയ്ക്കു സുപ്രീം കോടതിയുടെ അനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ തിങ്കളാഴ്ച ഇതു സംബന്ധിച്ചു വിധി വരുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. കേസ് ഇന്നു പരിഗണിക്കുമെന്ന് പിന്നീട് അറിയിപ്പ് വന്നെങ്കിലും അതും മാറ്റി. മിക്കവാറും വെള്ളിയാഴ്ച കേസ് സുപ്രീം കോടതി വാദം കേള്‍ക്കുമെന്നാണ് ഒടുവുല്‍ ലഭിക്കുന്ന വിവരം. പരീക്ഷ നടത്തണമെന്ന് നിലപാട് കേരളം നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച വിധി വന്നശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.

കോവിഡ് വ്യാപനം കുറയുകയും ടിപിആര്‍ പ്രതീക്ഷിത നിരക്കില്‍ കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് വിദഗ്ധ സമിതി സര്‍ക്കാരിനു നല്‍കിയ നിര്‍ദേശം. തമിഴ്നാട്ടിലടക്കം സ്കൂളുകള്‍ തുറക്കുകയും അധ്യയനം സാധാരണ നിലയിലാകുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ പഠന സാഹചര്യം അനിശ്ചിതമായി നീളുന്നത് വരുംതലമുറയുടെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന അഭിപ്രായം ശക്തമാണ്. സര്‍ക്കാരിന്‍റെ തെറ്റായ കോവിഡ് മാനേജ്മെന്‍റ് ആണ് വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ കാരണമെന്നാണ് പ്രതിപക്ഷം പറയുന്നത്. കോവിഡ് നിയന്ത്രണത്തില്‍ പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കിയിട്ടും സര്‍ക്കാര്‍ മെല്ലെപ്പോക്കും പിടിപ്പുകേടും തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. ഇതും മന്ത്രിസഭ ചര്‍ച്ച ചെയ്യും.

ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള അനുമതി കാത്തിരിക്കുകയാണ് ഹോട്ടലുടമകള്‍. ബാര്‍ ഹോട്ടലുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി കിട്ടണം. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കുന്ന തരത്തിലുള്ള സമുദായ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യവും മന്ത്രിസഭ പരിഗണിച്ചേക്കും.

പെട്രോളിയം ഉത്പന്നങ്ങളുടെ അനിയിന്ത്രിതമായ വിലവര്‍ധന കേന്ദ്ര സര്‍ക്കാരിനു മേല്‍ വലിയ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. വില കുറയ്ക്കുന്നതിന് ഇന്ധനങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാന്‍ ആലോചിക്കുന്നുണ്ട്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഭൂരിഭാഗം സംസ്ഥാനങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ചാവും തീരുമാനം. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടു വന്നാല്‍ വില കുറയും. അതുകൊണ്ടു തന്നെ മിക്ക സംസ്ഥാനങ്ങളും ഇതിനെ അനുകൂലിക്കുന്നു. എന്നാല്‍ കേരളം ശക്തമായ എതിര്‍പ്പാണ് ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കപ്പുറം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എന്തു നിലപാട് സ്വീകരിക്കണണെന്ന കാര്യവും ഇന്നത്തെ മന്ത്രിസഭ ചര്‍ച്ച ചെയ്യും.

Related posts

Leave a Comment