എൽ.ജെ.ഡി പിളർപ്പ് ഒഴിവാക്കാൻ ദേശീയ നേതൃത്വം ; വഴങ്ങാതെ വിമതർ ; തീരുമാനിക്കേണ്ടത് ജെ.ഡി.എസിന്റെ സംസ്ഥാന നേതൃത്വമാണെന്ന് ദേവഗൗഡ

തിരുവനന്തപുരം:ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ഘടകത്തിലെ പിളർപ്പ് ഒഴിവാക്കാൻ അഖിലേന്ത്യാ നേതൃത്വത്തിന്റെ ശ്രമം. എന്നാൽ 20ന് മുമ്പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം എം.വി. ശ്രേയാംസ് കുമാർ ഒഴിയണമെന്ന് അന്ത്യശാസനം നൽകിയിരിക്കുന്ന വിമതവിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് സൂചന. കോഴിക്കോട്ട് ചേരുന്ന സംസ്ഥാന ഭാരവാഹിയോഗത്തിൽ, വിമതരെ കൂടി ചേർത്ത് മുന്നോട്ട് പോകാനാണ് ദേശീയേ നേതൃത്വത്തിന്റെ നിർദേശം.ഇതിനായി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വറുഗീസ് ജോർജിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യണമെന്നാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ അഭ്യർത്ഥന. അതിനിടയിൽ വിമത വിഭാഗം ഇന്ന് തിരുവനന്തപുരത്ത് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെയും കണ്ട് തങ്ങളാണ് യഥാർത്ഥ ഔദ്യോഗികപക്ഷമെന്ന് അറിയിക്കും.അഖിലേന്ത്യാ ജനറൽസെക്രട്ടറിയായ വറുഗീസ് ജോർജിന്റെയും പാർട്ടിയുടെ ഏക എം.എൽ.എയായ കെ.പി. മോഹനന്റെയും പിന്തുണ വിമതനേതാക്കൾ അവകാശപ്പെട്ടെങ്കിലും പാർട്ടിയിലുറച്ച് നിൽക്കുമെന്നാണ് വറുഗീസ് ജോർജിന്റെ നിലപാട്. അദ്ദേഹം മുൻകൈയെടുത്താണ് കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം വിളിച്ചതെന്ന് വിമതവിഭാഗം അവകാശപ്പെട്ടിരുന്നു. എന്നാൽ, നേതൃത്വത്തെ വെല്ലുവിളിച്ച് അത്തരമൊരു യോഗം വിളിച്ചുചേർത്തതിനോട് വറുഗീസ് ജോർജിന് വിയോജിപ്പാണെന്നാണ് അറിയുന്നത്. കെ.പി മോഹനൻ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.ഇടഞ്ഞുനിൽക്കുന്ന ഷേക് പി.ഹാരിസും സുരേന്ദ്രൻ പിള്ളയും അടക്കമുള്ള നേതാക്കളെ വിളിച്ചുചേർത്ത് പാർട്ടിയിൽ അഭിപ്രായസമവായം ഉണ്ടാക്കണമെന്ന ആവശ്യവുമായി വറുഗീസ് ജോർജ്, മുൻ എം.എൽ.എ എം.കെ. പ്രേംനാഥ് തുടങ്ങിയവർ സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിനെ കോഴിക്കോട്ടെ വസതിയിൽ പോയി കണ്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് അനുനയത്തിന് ശ്രമിച്ചെങ്കിലും വിമതനേതാക്കൾ വഴങ്ങിയില്ലെന്ന വാദവും ഔദ്യോഗികപക്ഷം ഉയർത്തുന്നു.പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ജെ.ഡി.എസും എൽ.ജെ.ഡിയും ലയിക്കണമെന്നാവശ്യം ശക്തമാക്കി സി.പി.എം രണ്ട് പാർട്ടികളും ലയിച്ച് ഒറ്റ പാർട്ടിയാകണമെന്ന് നേരത്തേ മുതൽ സി.പി.എം ആവശ്യപ്പെടുന്നുണ്ട്. ബോർഡ്, കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ നടന്ന ഉഭയകക്ഷി ചർച്ചയിലും സി.പി.എം ഈ ആവശ്യമുയർത്തിയിരുന്നു.ലയനം നടന്നാലും ഇല്ലെങ്കിലും വിമതവിഭാഗം ജെ.ഡി.എസിൽ ചേർന്നേക്കുമെന്നും സൂചനകളുണ്ട്.

എൽ.ജെ.ഡി – ജെ.ഡി.എസ് ലയനകാര്യം തീരുമാനിക്കേണ്ടത് ജെ.ഡി.എസിന്റെ സംസ്ഥാന നേതൃത്വമാണെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു.സംസ്ഥാന നേതൃത്വത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യത്തിൽ താൻ അഭിപ്രായം പറയില്ല.ജനതാപാർട്ടികൾ ഒന്നാകണമെന്ന്പാർട്ടി സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്ന ജെ.ഡി.എസ് അഖിലേന്ത്യാ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെ എൽ.ജെ.ഡി വിമതർ കാണുമെന്ന് അഭ്യൂഹമുയർന്നിരുന്നു.എന്നാൽ കൂടിക്കാഴ്ചയുണ്ടായില്ല.

Related posts

Leave a Comment