എൽജെഡി പിളർപ്പിലേക്ക്, മൂന്ന് സെക്രട്ടറിമാർ രാജിവച്ചു, സുരേന്ദ്രൻ പിള്ളയും രാജിക്ക്

തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഘടക കക്ഷിയായ എൽജെഡിയിൽ കൂട്ടരാജി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മൂന്ന് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നിരവധി പേരാണ് പാർട്ടിയിൽ നിന്നു രാജിവച്ചത്. എൽജെഡി സംസ്ഥാന സെക്രട്ടറിമാരായ ഷേയ്ക്ക് പി ഹാരിസ് അംഗത്തിൽ അജയകുമാർ, രാജേഷ് പ്രേം എന്നിവരാണ് രാജിവച്ചത്. ഇനിയും കൂടുതൽ രാജിയുണ്ടാവുമെന്ന് പാർട്ടി വിട്ടവർ പറയുന്നു. ഷേയ്ക്ക് പി ഹാരിസിനൊപ്പം നിലപാട് എടുത്തിരുന്ന വി. സുരേന്ദ്രൻപ്പിള്ളയും കൂട്ടരും ഉടൻ രാജിവയ്ക്കും. എൽഡിഎഫ് യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നത് ശ്രേയാംസ് കുമാറും ഷേയ്ക്ക് പി ഹാരിസുമാണ്. മുതിർന്ന നേതാവ് സംഘടന വിട്ടത് എൽജെഡിക്കു മാത്രമല്ല, എൽഡിഎഫിനും കനത്ത തിരിച്ചടിയായി.
കഴിഞ്ഞ മാസം എൽജെഡിയിൽ ഷേയ്ക്ക് പി ഹാരിസും വി.സുരേന്ദ്രൻപിള്ളയുടേയും നേതൃത്വത്തിൽ വിമത നീക്കങ്ങൾ നടന്നിരുന്നു. പിന്നാലെ ഇവർക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറും തുടക്കമിട്ടു. എൽഡിഎഫ് ഘടകക്ഷിയായ എൽജെഡിയിൽ പിളർപ്പ് ഉറപ്പായ സാഹചര്യത്തിൽ സിപിഎം വിഷയത്തിൽ ഇടപെടുകയും സമവായചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തതാണ്. പക്ഷേ, സിപിഎമ്മിന്റെ സമവായ പരിശ്രമം ഫലം കണ്ടില്ല.
പാർട്ടയിലെ പ്രമുഖ നേതാക്കളായ കെ.പി. മോഹനൻ എംഎൽഎയും ദേശീയസെക്രട്ടറി വർഗ്ഗീസ് ജോർജ്ജും ആദ്യഘട്ടത്തിൽ ഷേയ്ക്ക് പി ഹാരിസ് അടക്കമുള്ള വിമതവിഭാഗത്തോട് അനുഭാവം കാണിച്ചെങ്കിലും പിന്നീട് ശ്രേയാംസ്കുമാർ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ ഒപ്പം നിൽക്കുകയാണ് ചെയ്തത്. പാർട്ടിയിൽ ശ്രേയാംസ് കുമാറിൻ്റെ ഏകാധിപത്യഭരണമാണ് നടക്കുന്നതെന്നാണ് വിമതവിഭാഗത്തിൻ്റെ പ്രധാന പരാതി. പാർട്ടിയുടെ ഏക എംഎൽഎയായ കെ.പി.മോഹനന് മന്ത്രിസ്ഥാനം ഉറപ്പാക്കാതെ ശ്രേയാംസ് കുമാർ രാജ്യസഭാ എംപി സ്ഥാനം നിലനിർത്താൻ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പുകളിൽ ശ്രേയാംസ് മാത്രം മത്സരിക്കുന്ന നിലയാണെന്നും നേതാക്കൾ ആരോപിക്കുന്നു. എൽജെഡിയെ ജെഡിഎസിൽ ലയിപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയാണെന്നും വിമതവിഭാഗം ആരോപിക്കുന്നു.

Related posts

Leave a Comment