എല്‍.ജെ.ഡി പിളപ്പിലേക്ക് ; ശ്രേയാംസിന് പ്രതികാരമെന്ന് വിമത വിഭാഗം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: എം.വി.ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തെ ചൊല്ലി എല്‍.ജെ.ഡി പിളര്‍പ്പിലേക്ക്. ശ്രേയാംസ് കുമാര്‍ രാജിവയ്ക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ്, സുരേന്ദ്രന്‍ പിള്ള എന്നിവര്‍ ഉള്‍പ്പെട്ട എല്‍.ജെ.ഡി വിമത വിഭാഗം അന്ത്യശാസനം നല്‍കി. എന്നാല്‍ ശ്രേയാംസ് കുമാര്‍ ഇത് തള്ളിയതോടെ ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാനഘടകത്തില്‍ പിളര്‍പ്പ് ഉറപ്പായി. തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് പിന്നാലെയാണ് വിമത നീക്കം. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയര്‍ത്തുന്നത്. സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്തിട്ട് ഒമ്പതു മാസമായിയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 20 നകം ശ്രേയാംസ് കുമാര്‍ രാജിവയ്ക്കണമെന്നാണ് വിമത വിഭാഗത്തിന്റെ അന്ത്യശാസനം. ശ്രേയാംസ് അനുകൂലികള്‍ സമവായത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും വിമതര്‍ വഴങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.ഡി.എഫില്‍ പാര്‍ട്ടിയ്ക്ക് ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന ആക്ഷേപവും നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് കുറച്ച് സീറ്റുകള്‍ മാത്രമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് ഇടതു മുന്നണി നല്‍കിയില്ല. യു.ഡി.എഫ് വിടുന്നതിന് മുമ്പ് മുന്നണി മാറ്റത്തിന് വ്യവസ്ഥകള്‍ വേണമെന്ന നേരത്തെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ എല്‍.ഡി.എഫില്‍ എത്തുന്നതിന് മുമ്പ് പ്രാതിനിധ്യം ഉറപ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമത നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. കല്‍പ്പറ്റയ്ക്ക് വേണ്ടി പാര്‍ട്ടി പ്രസിഡന്റ് നിര്‍ബന്ധം പിടിച്ചു. കല്‍പ്പറ്റയില്‍ പാര്‍ട്ടി സീറ്റ് ആവശ്യപ്പെട്ടതുകൊണ്ടാണ് തെക്കന്‍ കേരളത്തില്‍ സീറ്റ് നഷ്ടമായത്. ജയപരാജയങ്ങളെ സംബന്ധിച്ച് പാര്‍ട്ടിയില്‍ ജനാധിപത്യ ചര്‍ച്ച നടന്നില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റിനെതിരെ സംസാരിച്ചവര്‍ക്കെതിരെ പാര്‍ട്ടിയില്‍ പ്രതികാര നടപടി സ്വീകരിക്കുന്ന നിലയാണ്. ജനാധിപത്യം ഇല്ലാത്ത രീതിയിലാണ് പ്രവര്‍ത്തനം. സംസ്ഥാന പ്രസിഡന്റ് തന്നെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും വൈരാഗ്യത്തോടെയാണ് പെരുമാറുന്നതെന്നും വിമത നേതാക്കള്‍ പറയുന്നു. ശ്രേയാംസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്ത് പുതിയ ഔദ്യോഗിക നേതൃത്വത്തെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഷേക് പി. ഹാരിസും വി. സുരേന്ദ്രന്‍ പിള്ളയും സംസ്ഥാന സെക്രട്ടറി രാജേഷ് പ്രേമും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍കാര്യങ്ങള്‍ നീക്കാനായി സുരേന്ദ്രന്‍ പിള്ള കണ്‍വീനറും ഷേക് പി.ഹാരിസ് ജനറല്‍ കണ്‍വീനറുമായി 16 അംഗ സമിതിയെ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗം നിശ്ചയിച്ചു. ഈ മാസം 26, 27, 28 തീയതികളിലായി കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം മേഖലാ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. തുടര്‍ന്ന് ജില്ലാ കമ്മിറ്റികളും സംസ്ഥാന കൗണ്‍സിലും വിളിച്ചുചേര്‍ത്ത് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കും. ഇന്നലത്തെ യോഗത്തില്‍ 37 സംസ്ഥാന കമ്മിറ്റി അംഗങ്ങളും നാല് ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തതായി നേതാക്കള്‍ അവകാശപ്പെട്ടു. ദേശീയ ജനറല്‍ സെക്രട്ടറി ഡോ.വറുഗീസ് ജോര്‍ജിന്റെ മുന്‍കൈയിലാണ് യോഗം ചേര്‍ന്നതെന്നും അദ്ദേഹം ദേശീയ നേതൃത്വത്തിന്റെ ഭാഗമായതിനാല്‍ യോഗത്തില്‍ പങ്കെടുക്കാത്തതാണെന്നും പാര്‍ട്ടിയുടെ ഏക എം.എല്‍.എയും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ കെ.പി. മോഹനന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ഷേക് പി.ഹാരിസും സുരേന്ദ്രന്‍ പിള്ളയും പറഞ്ഞു.

Related posts

Leave a Comment