എൽജെഡിയിൽ പൊട്ടിത്തെറി: രാജിവെയ്ക്കില്ലെന്ന് ശ്രേയാംസ്കുമാർ;ആവശ്യത്തിൽ നിന്ന് പിൻമാറില്ലെന്ന് വിമതർ

തിരുവനന്തപുരം: എൽജെഡി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന വിമത വിഭാഗത്തിന്റെ ആവശ്യം തള്ളി എം.വി ശ്രേയാംസ് കുമാർ. വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയില്‍ തുടരാമെന്നും എം.വി ശ്രേയാംസ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ശ്രേയാംസ്കുമാറിന്റെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുയാണെന്ന് വിമതവിഭാഗം നേതാക്കൾ ആവർത്തിച്ചു. എൽജെഡിയിൽ സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടന്നുവെന്നും അത്തരം നീക്കങ്ങളെ പാർട്ടി അപലപിക്കുന്നുവെന്നും എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. ദേശീയ സെക്രട്ടറി വർഗീസ് ജോർജും എംഎൽഎ കെ.പി. മോഹനനും എം.വി.ശ്രേയാംസ് കുമാറിനൊപ്പം ഉണ്ടായിരുന്നു. 11 ജില്ലാ അധ്യക്ഷന്‍മാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൽജെഡിയിലെ വലിയ വിഭാഗം നേതാക്കളും പ്രവർത്തകരും തങ്ങൾക്കൊപ്പമാണെന്ന അവകാശവാദവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഷെയ്ഖ് പി. ഹാരിസിന്‍റെയും വി. സുരേന്ദ്രന്‍പിള്ളയുടെയും നേതൃത്വത്തിലുള്ള വിമത വിഭാഗം സിപിഎം, സിപിഐ നേതൃത്വത്തെ കണ്ടിരുന്നു. യഥാര്‍ഥ എല്‍ജെഡിയായി അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് വിമത വിഭാഗം കഴിഞ്ഞ ദിവസം എൽഡിഎഫ് നേതാക്കളെ കണ്ടത്.
എൽഡിഎഫ് കൺവീനർ എ. വിജയരാഘവന് നിലപാടു വ്യക്തമാക്കി വിമതർ കത്തു നൽകിയിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കണ്ടു. എം.വി ശ്രേയാംസ് കുമാർ എൽജെഡി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് വിമത വിഭാഗം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, എം.വി ശ്രേയാംസ് കുമാറിന്റെ ആവശ്യം വിമതര്‍ തള്ളി. തിരുത്താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ശ്രേയാംസ് പറഞ്ഞത് വാസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്ന് ഷെയ്ഖ് പി. ഹാരിസ് പ്രതികരിച്ചു. തീരുമാനമെടുക്കേണ്ടത് സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവും ആണെന്നും വിശദീകരണം തേടാനുള്ള സെക്രട്ടേറിയറ്റ് തീരുമാനം തള്ളുന്നുവെന്നും വിമതവിഭാഗം പറഞ്ഞു.

Related posts

Leave a Comment