നിയന്ത്രണങ്ങളിൽ മദ്യഷോപ്പുകളും അടച്ചിട്ടു; സാമ്പത്തിക പ്രതിസന്ധിയെന്ന് ബിവറേജസ്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിരവധി മദ്യഷോപ്പുകൾ അടച്ചിട്ടത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ബിവറേജസ് കോർപ്പറേഷൻ രംഗത്ത്.  സംസ്ഥാനത്തെ 265 ബെവ്കോ ഔട്ലെറ്റുകളിൽ 147 എണ്ണമാണ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിടേണ്ടി വന്നത്. ഔട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കുന്നത് ജീവനക്കാര്‍ക്കുള്ള ശമ്പളം, കട വാടക എന്നിവയെ ബാധിച്ചേക്കാമെന്നാണ് ബിവറേജസ് കോര്‍പറേഷന്‍റെ ആശങ്ക.
രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്നതോടെയാണ് സംസ്ഥാനത്ത് ഔട്‌ലെറ്റുകള്‍ അടയ്ക്കേണ്ടി വന്നത്. ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ എ, ബി മാനദണ്ഡങ്ങളുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള മദ്യവില്‍പനശാലകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.
തൃശൂരും കോഴിക്കോടും മുഴുവന്‍ ബിവറേജസ് ഔട്‌ലെറ്റുകളും അടഞ്ഞുകിടക്കുന്നു. ഇതോടെ സമീപ ജില്ലകളിലെ മദ്യവില്‍പനശാലകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. നിയന്ത്രണം ഇതുപോലെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഔട്‌ലെറ്റുകൾ അടയ്ക്കേണ്ടിവരുമെന്നാണ് ബെവ്കോ അധികൃതർ പറയുന്നത്. സമ്പൂര്‍ണ ലോക്ഡൗണിനെത്തുടര്‍ന്ന് ഔട്‌ലെറ്റുകൾ അടഞ്ഞുകിടന്നപ്പോള്‍ വലിയ സാമ്പത്തിക നഷ്ടമാണ് കോര്‍പറേഷനുണ്ടായത്. വീണ്ടും ഔട്‌ലെറ്റുകൾ അടഞ്ഞുകിടക്കുന്നത് വഴിയുണ്ടാകുന്ന പ്രതിസന്ധി ആലോചിക്കാവുന്നതിനുമപ്പുറത്താണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment