മദ്യശാലയിൽ പിന്നോട്ടില്ല: ഡിപ്പോകളിലെ സൗകര്യം പരിശോധിക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാലകൾ ആരംഭിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിന് വേണ്ട സൗകര്യങ്ങൾ പരിശോധിക്കാൻ ബെവ്കോ നടപടി തുടങ്ങി.  കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ് കോർപറേഷൻ അധികൃതർ ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അതനുസരിച്ചാണ് കെഎസ്ആർടിസി ഡിപ്പോകളിലെ സൗകര്യം പരിശോധിക്കുന്നതെന്ന് ബെവ്കോ അധികൃതർ പറഞ്ഞു.
മദ്യം വാങ്ങാനെത്തുന്നവർക്കു മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശം പിന്തുടർന്നാണ് കെഎസ്ആർടിസി ഈ നിർദേശം വച്ചതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു. ചിലയിടങ്ങളിൽ പുതിയ കെട്ടിടം നിർമിച്ചുനൽകാമെന്നും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസിൽ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്.കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ മദ്യം വാങ്ങുന്നവരുടെ ക്യൂ ഒഴിവാക്കാൻ കാത്തിരിപ്പിനു സ്ഥലം നൽകാമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കൺ നൽകാം. ഊഴമെത്തുമ്പോൾ തിരക്കില്ലാതെ വാങ്ങുകയും ചെയ്യാം.
തിരുവനന്തപുരം ഇഞ്ചയ്ക്കലിൽ മദ്യവിൽപനയ്ക്കായി കെട്ടിടം ഉൾപ്പെടെ നിർമിച്ചു നൽകാമെന്ന് ബെവ്കോയെയും കൺസ്യൂമർഫെഡിനെയും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്കോ വിൽ‍പനശാലകൾ പ്രവർത്തിക്കുന്നത്. ഉയർന്ന വാടകയാണ് ബെവ്കോ നൽകുന്നത്. ഈ വരുമാനം കെഎസ്ആർടിസിക്കു ലഭിക്കുമെന്നതിനു പുറമേ മദ്യം വാങ്ങുന്നവർക്കും സൗകര്യപ്രദമാകുമെന്ന് കെഎസ്ആർടിസി അധികൃതർ ചൂണ്ടിക്കാട്ടുന്നു

Related posts

Leave a Comment