മദ്യശാലക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ലെന്ന് ബെവ്കോ ;കൗണ്ടറുകളുടെ എണ്ണം കൂട്ടി തിരക്ക് നിയന്ത്രിക്കണം

തിരുവനന്തപുരം: മദ്യവിൽപ്പന ഔട്ട്ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെ  അടിയന്തരമായി കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് ബെവ്കോ സർക്കുലർ നൽകി. അതിർത്തികളിലും നഗരത്തിലുമുള്ള മദ്യവിൽപ്പന കേന്ദ്രങ്ങളിൽ വലിയ തിരക്കുണ്ടെന്ന് വിലയിരുത്തിയാണ് സർക്കുലർ.
ആൾക്കൂട്ടം ഒരിക്കലും ഉണ്ടാകരുതെന്ന് സർക്കുലറിൽ കർശന നിർദ്ദേശം ഉണ്ട്. ഔട്ട്ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. അനൗൺസ്മെന്‍റ് നടത്തണം. ടോക്കൺ സമ്പ്രദായം നടപ്പാക്കണം. പോലീസിന്‍റെ സഹായം തേടണം. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ. നിയന്ത്രിക്കാൻ പൊലീസ് സഹായം ഉറപ്പ് വരുത്താം.
കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോൾ, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്കോ നിർദ്ദേശിച്ചിട്ടുണ്ട്.  

Related posts

Leave a Comment