യുവാക്കള്‍ക്കായി വഴിമാറാം ; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ഇന്ന് അന്താരാഷ്ട്ര യുവജനദിനം. വിദ്യാഭ്യാസം, സാമൂഹിക വികസനം, പരിസ്ഥിതി പ്രവര്‍ത്തനം, സന്നദ്ധ സേവനം എന്നിവയില്‍ യുവാക്കള്‍ക്ക് അവബോധം നല്‍കുകയാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം. യുവാക്കളുടെ ആവശ്യങ്ങള്‍, പ്രവൃത്തികള്‍ എന്നിവക്ക് ലോകത്തിന്റെ അംഗീകാരം നല്‍കുകയാണ് യുവജനാചരണത്തിലൂടെ നിറവേറ്റപ്പെടുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ലോകം എല്ലാ തലമുറകളുടെയും മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തുന്നു. തലമുറകളുടെ ഐക്യം കൈവരിക്കാനാണ് ഈ ദിനത്തില്‍ യുവാക്കള്‍ ശ്രമിക്കേണ്ടത്. ആരും പിന്നോക്കം പോകരുതെന്ന് ഉറപ്പാക്കാന്‍ വിജയകരവും തുല്യവുമായ പ്രവര്‍ത്തനങ്ങളാണ് ദിനാചരണത്തെ പകിട്ടാര്‍ന്നതാക്കാന്‍ ചെയ്യേണ്ടത്. ആഗോള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ യുവതലമുറയെ പ്രാപ്തരാക്കുകയെന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ യുവജനങ്ങളുടെ ഐക്യം സാധ്യമാക്കാന്‍ യുവജന സംഘടനകളും ഓരോ രാഷ്ട്രങ്ങളിലെയും സര്‍ക്കാരുകളും ശ്രമിക്കേണ്ടത്. യുവാക്കള്‍ മാറ്റത്തിന്റെ പടയാളികളാണ്. അവരുടെ അവസരങ്ങള്‍ക്ക് വിഘാതമായിരിക്കാന്‍ മുതിര്‍ന്ന തലമുറ ശ്രമിക്കരുത്. തൊഴില്‍, രാഷ്ട്രീയ-ഭരണ പങ്കാളിത്തം, ആരോഗ്യം, സാമൂഹികനീതി എന്നിവകളില്‍ യുവാക്കള്‍ക്ക് മതിയായ പരിഗണന നല്‍കിയേ തീരൂ. ഈ മേഖലകളില്‍ വിവേചനവും അവഗണനയും ഉണ്ടാകുമ്പോഴാണ് യുവാക്കള്‍ അസ്വസ്ഥരാകുന്നത്. ഇത് തീവ്രവാദ-ഭീകരവാദ തലത്തിലേക്ക് വളരുന്നു. യുവാക്കളുടെ അസ്വസ്ഥത മുതലെടുക്കാന്‍ പലതരത്തിലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളും തയ്യാറായി നില്‍ക്കുമ്പോള്‍ അതിനെ തടയുക യുവജന പ്രസ്ഥാനങ്ങളുടെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ്. സാമൂഹിക തലത്തില്‍ എല്ലാ പ്രായക്കാര്‍ക്കും ന്യായമായ ജീവിത മാര്‍ഗങ്ങള്‍ നല്‍കുക ഭരണകൂടത്തിന്റെ കടമയാണ്. ഈ കടമകള്‍ നിര്‍വഹിക്കാതിരിക്കുമ്പോള്‍ യുവാക്കള്‍ നിയമലംഘനത്തിന്റെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും വക്താക്കളായി മാറുന്നു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ മുദ്രാവാക്യം ഇന്റര്‍നാഷണല്‍ സോളിഡാരിറ്റിയാണ്. എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള നവലോകം സൃഷ്ടിക്കുകയെന്നതാണ്, എസ്ഡിജി കൈവരിക്കുന്നതിന് എല്ലാ തലമുറകളുടെയും യോജിപ്പ് അനിവാര്യമാണ്. ആരെയും പിന്നിലാക്കുകയും തോല്‍പ്പിക്കുകയുമല്ല നമ്മുടെ പ്രവര്‍ത്തനം. പിന്നിലായിപ്പോയവരെ കൈകൊടുത്ത് മുന്നിലേക്ക് കൊണ്ടുവരികയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്ത് പിടിച്ച് പൊതുധാരയിലേക്ക് എത്തിക്കുകയുമാണ് നമ്മുടെ ലക്ഷ്യം. 2022 ലെ അന്താരാഷ്ട്ര യുവജനദിനം തലമുറകളുടെ ഐക്യത്തിലേക്കുള്ള വിഘ്‌നങ്ങളെക്കുറിച്ചുള്ള അവബോധത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. സമൂഹത്തിന്റെ മൊത്തത്തിലുള്ള വീഴ്ചകളെയും പിടിപ്പുകേടുകളെയും പരിഹരിക്കാന്‍ ശ്രമിക്കുന്നു. സമൂഹത്തിന്റെ മൊത്തത്തിലുള്ള ദോഷകരമായ പ്രവണതകളെയും ഇത് പ്രതിരോധിക്കുന്നു. 1925-ല്‍ രൂപംകൊണ്ട ആദ്യത്തെ യുവജന പ്രസ്ഥാനമായ കീ ക്ലബ് സാഹോദര്യങ്ങളുടെ അഭാവത്തെയും സമൂഹത്തില്‍ ഉണ്ടാകുന്ന പലതരം പ്രത്യാഘാതങ്ങളെയും സംബന്ധിച്ച് യുവജനങ്ങള്‍ക്ക് ബോധ്യം നല്‍കി. യുവജന വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ 1965-ല്‍ സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആവശ്യകതയെ സംബന്ധിച്ച പാഠങ്ങള്‍ ലോക യുവജന സമൂഹത്തിന് നല്‍കി. 2013-ല്‍ യൂത്ത് തിങ്ക് എന്ന സംഘടന ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. 2019-ല്‍ ചെന്നൈയില്‍ യൂത്ത് കഫെ എന്ന ആഗോള പ്രാതിനിധ്യമുള്ള ഒരു സമ്മേളനം സംഘടിപ്പിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പരിപാടികളായിരുന്നു അതില്‍ പ്രധാന ചര്‍ച്ചക്ക് വിഷയമായത്. 2020-ലെ വിഷയം ‘ആഗോള പ്രവര്‍ത്തനങ്ങള്‍ക്കുള്ള യുവജന ഇടപെടലുകള്‍’ എന്നതായിരുന്നു. ദേശീയ-അന്തര്‍ദേശീയ സ്ഥാപനങ്ങളിലും പ്രക്രിയകളിലും യുവാക്കളുടെ പങ്കാളിത്തം എങ്ങിനെ വിപുലീകരിക്കാം എന്ന് ഈ സമ്മേളനം ചര്‍ച്ച ചെയ്തു. അഴിമതിക്കെതിരെയും യുവതലമുറയിലെ വിശ്വാസരാഹിത്യത്തിനെതിരെയുമായ പല മുദ്രാവാക്യങ്ങളും പലഘട്ടങ്ങളിലും ഉയര്‍ന്നിട്ടുണ്ട്. ഒരു നൂറ്റാണ്ടില്‍ ആള്‍ക്കൂട്ടത്തിന് ചെയ്യാനാവാത്തത് യുവാക്കള്‍ ഒരുവര്‍ഷം കൊണ്ട് ചെയ്തിട്ടുണ്ട്. അര്‍ഹമായ പ്രാതിനിധ്യത്തിനുവേണ്ടി യുവാക്കള്‍ ഇനിയുമേറെ പൊരുതേണ്ടതായുണ്ട്.

Related posts

Leave a Comment